Skip to main content

കേന്ദ്രസംഘം ആലപ്പുഴയിൽ 

  • ആലപ്പുഴ: മഴക്കെടുതി വിലയിരുത്താൻ കേന്ദ്ര സംഘം ജില്ലയിൽ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. കേന്ദ്ര ജലവിഭവ വകുപ്പിലെ ബി.മോഹൻ മുരളി, റീജണൽ ഓഫീസർ വി.വി.ശാസ്ത്രി, മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ് റൂറൽ ഡവലപ്‌മെന്റിലെ എച്ച്.ആർ മീണ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രതിനിധി ഡോക്ടർ അൻഡ്രൂസ് പെൻസർ എന്നിവരാണ് സംഘത്തിലുള്ളത്. രാവിലെ അരൂരിൽ ജില്ല ഭരണകൂടം സംഘത്തെ സ്വീകരിച്ചു. തുടർന്ന് ആലപ്പുഴ ഗസ്റ്റ് ഹൗസിൽ വിന്ധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരുമായി സംഘം ആശയവിനിമയം നടത്തി. ജില്ല കളക്ടർ ഡോ.അദീല അബ്ദുള, സബ് കളക്ടർ വി.ആർ കൃഷ്ണതേജ എന്നിവർ വിശദീകരണം നടത്തി. 

  •  

 

ജില്ലയിൽ 5524.469 ഹെക്ടർ സ്ഥലത്തെ നെല്ല് കരകൃഷി നശിച്ചതായി കൃഷി വകുപ്പ് അറിയിച്ചു. 10 പഞ്ചായത്തുകളിലായി 19 മട വീഴ്ചകൾ ഉണ്ടായി. മട വീഴ്ച മൂലം മാത്രം 1051.96 ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചിട്ടുണ്ട്. ഊർജ്ജമേഖലയിൽ 10 ട്രാൻസ്‌ഫോർമറുകൾക്ക് കേടുപറ്റി. 459 കിലോമീറ്റർ ലൈൻ തകരുകയും ചെയ്തിട്ടുണ്ട്. മത്സ്യമേഖലയിൽ കനത്ത നാശനഷ്ടം ഉണ്ടായതായി സംഘത്തെ അറിയിച്ചിട്ടുണ്ട്. 21 മത്സ്യബന്ധന ബോട്ടുകൾ പൂർണ്ണമായും തകർന്നു. 40 എണ്ണത്തിന് ഭാഗികമായി നാശം സംഭവിച്ചിട്ടുണ്ട്. 412 വലകൾ പൂർണ്ണമായും രണ്ടെണ്ണം ഭാഗികമായും നശിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള  ഏഴ് പാലങ്ങൾക്ക് കേടുപാട് ഉണ്ടായി. 56.75 കിലോമീറ്റർ ജില്ലയിലെ പി.ഡബ്‌ളിയു.ഡി റോഡുകളും തകർന്നിട്ടുണ്ട്.ജലസേചന വകുപ്പിന് 1254. 68 ലക്ഷം രൂപ നാശനഷ്ടം ചിറമുറിയൽ മൂലം മാത്രം സംഭവിച്ചു. കൂടാതെ തോട്ടപ്പള്ളി സ്പിൽവേ വീതികൂട്ടലും ആഴം കൂട്ടലും ആലപ്പുഴ-ചങ്ങനാശ്ശേരി ബോട്ട് റൂട്ടിലെ അഴുക്ക് നീക്കൽ പുളിങ്കുന്ന് പാലത്തിന് താഴെയുള്ള തടസ്സങ്ങൾ നീക്കൽ തുടങ്ങിയവ വകുപ്പ് നടത്തിയതായും അറിയിച്ചു.

ചേർത്തല താലൂക്കിലെ ഒറ്റമശ്ശേരി, കടക്കരപ്പള്ളി ഭാഗങ്ങളിലും അമ്പലപ്പുഴ താലൂക്കിലെ ഓമനപ്പുഴ, കാട്ടൂർ, പുറക്കാട്, വളഞ്ഞവഴി ഭാഗങ്ങളിലും അടിയന്തിരമായി കടലാക്രമണത്തിന് എതിരെ ഭിത്തികെട്ടി വീടുകൾ സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായും ഇറിഗേഷൻ വകുപ്പ് അറിയിച്ചു. മൃഗസംരക്ഷണമേഖലയിൽ 48 പശുക്കൾ, 34 ആടുകൾ, 61 കിടാവുകൾ എന്നിവ നഷ്ടപ്പെട്ടതായി വകുപ്പ് അറിയിച്ചു.  510 വളർത്തുകോഴികളെയും 3696 താറാവുകളും 408 തൊഴുത്തുകളും തകർന്നിട്ടുണ്ട്. കേന്ദ്രസംഘം ഉച്ചയോടെ കൈനകരിയിലെ മടവീണപ്രദേശങ്ങൾ, വലിയ തുരുത്ത് പാടശേഖരത്തിന്റെ പരിസരം, ചെറുകായൽ പാടം, സിബ്ലോക്ക്, മാർത്തണ്ഡൻ കായൽ എന്നിവിടങ്ങളിൽ സന്ദർശനം പൂർത്തിയാക്കി.

ചേർത്തല താലൂക്കിൽ ഒമ്പത് മഴക്കെടുതിയിലായ വില്ലേജുകളിലായി മൂന്നു വീടുകൾ പൂർണ്ണമായി തകരുകയും 139 വീടുകൾക്ക് ഭാഗികമായി നാശം നേരിടുകയും ചെയ്തു. 21 ദുരിതാശ്വാസ ക്യാമ്പുകളിലായി 5764 കുടുംബങ്ങൾക്ക് സർക്കാർ താമസസൗകര്യം ഒരുക്കി.

അമ്പലപ്പുഴ താലൂക്കിൽ മഴക്കെടുതിയിൽ 10 വീട് പൂർണ്ണമായി തകരുകയും 105 വീടുകൾക്ക് ഭാഗിക നാശം ഉണ്ടായി. 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 2035 കുടുംബങ്ങളാണ് കഴിഞ്ഞത്. ഒമ്പത് ഗ്രുവൽ സെന്ററുകളും പ്രവർത്തിച്ചു.

കുട്ടനാട് താലൂക്കിൽ 14 വില്ലേജുകൾ മഴക്കെടുതിയെ നേരിട്ടു. ഏഴ് വീടുകൾ പൂർണ്ണമായി തകരുകയും  138 എണ്ണത്തിന് ഭാഗികമായി കേടുപാടും പറ്റി. 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 1035 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 641 കഞ്ഞി വീഴ്ത്തൽ കേന്ദ്രങ്ങളും പ്രവർത്തിച്ചു.

കാർത്തികപ്പള്ളിയിൽ ഒമ്പത് മഴക്കെടുതി ബാധിത വില്ലേജുകളിലായി  ഒരു വീട് പൂർണ്ണമായി തകരുകയും 57 എണ്ണം ഭാഗികമായി തകരുകയും ഉണ്ടായി, ഇവിടെ 36 ദുരിതാശ്വാസ ക്യാമ്പുകളിലായി 3060 കുടുംബങ്ങളെയാണ് മാറ്റിപാർപ്പിച്ചത്. ഒരു ഗ്രുവൽ സെന്ററുകളും പ്രവർത്തിച്ചു.

മാവേലിക്കര താലൂക്കിൽ 11  മഴക്കെടുതി ബാധിത വില്ലേജുകളിലായി  ഒരു വീട് പൂർണ്ണമായി തകരുകയും 18 എണ്ണം ഭാഗികമായി തകരുകയും ചെയ്തു. 16 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതിൽ 829 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

ചെങ്ങന്നൂരിൽ 11  വില്ലേജുകളെ മഴക്കെടുതി ബാധിച്ചു.  ആറ് വീട് പൂർണ്ണമായി തകരുകയും 50 എണ്ണം ഭാഗികമായി തകരുകയും ചെയ്തു. 41 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതിൽ 1384 കുടുംബങ്ങളെ താമസിപ്പിച്ചു. നാല് ഗ്രുവൽ സെന്ററുകളും പ്രവർത്തിച്ചു.

 

 

date