ചേലക്കര ബൈപാസ്: ഡ്രോൺ സർവ്വേ നടത്തി
ചേലക്കര ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി ഡ്രോൺ ക്യാമറ ഉപയോഗിച്ചുള്ള സർവ്വേ നടത്തി. കിഫ്ബി ഉദ്യോഗസ്ഥർ, പിഡബ്ല്യുഡി എഞ്ചിനീയർമാർ, യു ആർ പ്രദീപ് എംഎൽഎ എന്നിവരുടെ നേതൃത്വത്തിലാണ് സർവ്വേ നടത്തിയത്. 2016-17 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി കിഫ്ബി പദ്ധതിയുടെ ഭാഗമായ ബൈപ്പാസ് നിർമ്മാണത്തിന് 20 കോടിരൂപയാണ് അനുവദിച്ചത്.
വെങ്ങാനെല്ലുർ വില്ലേജിൽ ഉൾപ്പെട്ട 8.0051 ഹെക്ടർ സ്ഥലവും, ചേലക്കര വില്ലേജിൽ ഉൾപ്പെട്ട 2.004 ഹെക്ടർ സ്ഥലവും തോന്നൂർക്കര വില്ലേജിൽ ഉൾപ്പെട്ട 0.7796 ഹെക്ടർ സ്ഥലവും ബൈപ്പാസ് നിർമ്മാണത്തിന് ഏറ്റെടുക്കാനാണ് തീരുമാനം. ചേലക്കര പോളിടെക്‌നിക് കോളേജിന്റെ മുൻവശം മുതൽ നാട്ട്യൻചിറ കുളം വരെ 3.865 കി.മി നീളത്തിലാണ് ബൈപ്പാസ് നിർമ്മിക്കാൻ തീരുമാനം. ഇതിന്റെ സോയിൽ ഇൻവെസ്റ്റിഗേഷൻ സ്റ്റഡിക്കായി 2018 ൽ 10 ലക്ഷം രൂപ അനുവദിച്ച് അത് പൂർത്തികരിച്ചതായും ഇതിന്റെ അടിസ്ഥാനത്തിൽ 53 കോടി രൂപയുടെ റഫ് കോസ്റ്റ് എസ്റ്റിമേറ്റ് തയ്യാറാക്കി കിഫ്ബിയിൽ കൊടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്നുള്ള വിശദമായ പരിശോധനയുടെ ഭാഗമായാണ് ഡ്രോൺ ക്യാമറ ഉപയോഗിച്ചു കൊണ്ടുള്ള സർവ്വേ നടത്തിയത്. ഇതിന്റെ ഡ്രോയിങ്ങ് രണ്ട് ആഴ്ചക്കുള്ളിൽ ലഭ്യമാകുമെന്നും അത് കണക്കിലെടുത്ത് പുതുക്കിയ സമഗ്ര റിപ്പോർട്ട് അംഗീകാരത്തിനായി കിഫ്ബിയിൽ സമർപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു.
പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു പരമേശ്വരൻ, അസിസ്റ്റന്റ് എഞ്ചിനീയർ കെ.ജെ. സിജി, ജിഐഎസ് ആർ. സൂര്യ, ഇന്ദു പി. നായർ, ജിഐഎസ് കൺസൾട്ടന്റ് വി. പ്രമോദ്, ടെക്‌നിക്കൽ എക്‌സ്‌പേർട്ട് വി. ജയവിഷ്ണു, കെആർഎഫ്ബി ഉദ്യോഗസ്ഥൻ ജിനു ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സർവേക്ക് നേതൃത്വം നൽകി.
- Log in to post comments