പ്രളയക്കെടുതി : കേന്ദ്രസംഘം ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
പ്രളയ ദുരന്തം വിലയിരുത്താന്‍ ജില്ലയിലെത്തിയ കേന്ദ്രസംഘം ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുളള നാലംഗ സംഘമാണ് സന്ദര്‍ശനം നടത്തിയത്. അഗ്രികള്‍ച്ചര്‍ മന്ത്രാലയം ഡയറക്ടര്‍ ഡോ.കെ മനോഹരന്, ധനകാര്യ മന്ത്രാലയം ഡയറക്ടര്‍ എസ്.സി മീണ, ഊര്‍ജ്ജ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ഒ.പി സമുന്‍ എന്നിവരായിരുന്നു സംഘത്തിലെ മറ്റ് അംഗങ്ങള്‍.
ഇന്നലെ (സെപ്തംബര്‍ 18) രാവിലെ കളക്ട്രേറ്റില്‍ എത്തിയ സംഘം നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിലയിരുത്തലുകള്‍ നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ എ.ആര്.അജയകുമാര്‍ പ്രളയക്കെടുതി സംബന്ധിച്ച പൊതുവിവരങ്ങള്‍ സംഘത്തെ ധരിപ്പിച്ചു. ജില്ലയിലെ 49 വില്ലേജുകളെയും പ്രളയം ബാധിച്ചതായി അദ്ദേഹം അറിയിച്ചു. ജില്ലയില്‍ ആകെ 19 പേര് മരിച്ചതായും 10077 കുടുംബങ്ങളില്‍ നിന്നായി 38779 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചതായും വ്യക്തമാക്കി. സാധാരണ തോതിലും ഇരട്ടിയിലേറെ മഴയാണ് ഇത്തവണ ജില്ലയില്‍ ലഭിച്ചതെന്നും ഇതുമൂലം പുത്തുമല, വെള്ളരിമല, മംഗലശേരി, പെരിഞ്ചേരിമല, നരിക്കുനി, മാണിച്ചുവട്, മുട്ടില്‍മല, പച്ചക്കാട്, മക്കിയാട്, ചാലില്‍ മീന്മുട്ടി, കുറുമ്പാലക്കോട്ട, കുറിച്യാര്‍മല തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മണ്ണിടിച്ചിലുണ്ടായതായും ജില്ലാ കളക്ടര്‍ അറിയിച്ചു. 472 വീടുകള്‍ പൂര്‍ണ്ണമായും 7230 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്ന കണക്കും അദ്ദേഹം സംഘത്തിന് മുമ്പാകെ അവതരിപ്പിച്ചു.
ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസംഘം ആദ്യമെത്തിയത് പുത്തുമലയിലായിരുന്നു. ജില്ലാകളക്ടറും സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷും പ്രദേശം നേരിട്ട ദുരന്തത്തിന്റെ തീവ്രതയും രക്ഷാപ്രവര്‍ത്തനങ്ങളും സംഘാംഗങ്ങള്‍ക്ക് മുമ്പാകെ വിശദീകരിച്ചു. ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നുപോയ വീടുകളുടെയും കെട്ടിടങ്ങളുടെയും സ്ഥാനങ്ങളും നിലവിലെ അവസ്ഥയും കാണിച്ചു കൊടുത്തു. ദുര്‍ഘടമായ പാതകളിലൂടെ ദുരന്തത്തിന്റെ ഉല്‍ഭവ കേന്ദ്രമായ പച്ചക്കാട് വരെ നടന്ന് കണ്ട സംഘാംഗങ്ങള്‍ പ്രദേശത്തിന്റെ ദുരന്ത സാധ്യതകളും മറ്റും ഉദ്യോഗസ്ഥരില്‍ നിന്നും ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ചുരല്‍മല,അട്ടമല, മുണ്ടക്കൈ,കുറിച്ച്യാര്‍മല ,ബോയ്സ് ടൗണ്‍ എന്നിവടങ്ങളിലും സന്ദര്‍ശനം നടത്തി. കെ.എസ്.ഡി.എം.എ ഹസാര്‍ഡ് അനലിസ്റ്റ് ഡോ. ശ്രീജ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു. ദാസ്, ഡി.എഫ്.ഒ പി. രഞ്ജിത്ത്കുമാര്‍, എല്‍.ആര് ഡെപ്യൂട്ടി കളക്ടര്‍ യൂസഫ്, തഹസില്‍ദാര്‍ ടി.പി അബ്ദുള്‍ ഹാരിസ്, ലൈഫ്മിഷന് കോര്‍ഡിനേറ്റര്‍ സിബി വര്‍ഗീസ് തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
- Log in to post comments