Skip to main content

ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു 24 ന് കോട്ടക്കലില്‍

ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു സെപ്തംബര്‍ 24 ന് പി.എസ്. വാര്യരുടെ 150-ാം  ജ•ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിന് കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ എത്തും. രാവിലെ ഒമ്പതിന് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ എത്തുന്ന ഉപരാഷ്ട്രപതിയെ വിമാനത്താവളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ജില്ലാ കലക്ടര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. കരിപ്പൂരില്‍ നിന്ന് റോഡ് മാര്‍ഗമാണ് കോട്ടക്കലിലേക്ക് പോകുന്നത്. രാവിലെ 9.50 ന് കോട്ടക്കലില്‍ എത്തി ആര്യവൈദ്യശാലയിലെ പരിപാടിയില്‍ പങ്കെടുത്ത്  വീണ്ടും വാഹന മാര്‍ഗം കരിപ്പൂരിലെത്തും.  ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്ന് സുരക്ഷാ നടപടികളും ക്രമീകരണങ്ങളും വിലയിരുത്തി. വൈസ് പ്രസിഡന്റ് പോകുന്ന വഴികളിലെ പ്രധാന കവലകളില്‍ ബാരിക്കേഡുകള്‍ നിര്‍മ്മിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  
സന്ദര്‍ശനവുമായി ബന്ധപ്പെട്ട്  23 ന്  രാവിലെ ആറു മുതല്‍ 12 വരെയുള്ള സമയങ്ങളില്‍ വാഹനങ്ങളുടെ റിഹേഴ്‌സല്‍ നടത്തും. എയര്‍പോര്‍ട്ട് - കൊട്ടപ്പുറം- പള്ളിക്കല്‍ ബസാര്‍-കാക്കഞ്ചേരി ദേശീയ പാതയിലാണ് റിഹേഴ്‌സല്‍ നടക്കുക. ഇതിനാല്‍ 23, 24 തീയതികളില്‍ രാവിലെ ആറിനും 12 നുമിടയില്‍ മേല്‍ പറഞ്ഞ റോഡുകളില്‍ ചെറിയ തോതില്‍ ഗതാഗത തടസ്സമുണ്ടാവും.  അതിനാല്‍ ഈ സമയങ്ങളില്‍ യാത്ര പരമാവധി ഒഴിവാക്കി സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. 
യോഗത്തില്‍ ജില്ലാ പോലീസ് മേധാവി യു.അബ്ദുല്‍ കരീം, ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
 

date