Skip to main content

കേന്ദ്രസംഘത്തിന് ജില്ലാ പഞ്ചായത്തിന്റെ നിവേദനം

പ്രളയം: കൃഷിഭൂമി തകര്‍ന്നവര്‍ക്ക് പ്രത്യേക സഹായം നല്‍കണം
പ്രളയവും ഉരുള്‍പൊട്ടലും മൂലമുണ്ടായ നാശനഷ്ടം വിലയിരുത്താന്‍ ജില്ലയിലെത്തിയ കേന്ദ്ര സംഘത്തിന് ജില്ലാ പഞ്ചായത്ത് നിവേദനം നല്‍കി. മുമ്പെങ്ങും ഉണ്ടാകാത്തവിധം രൂക്ഷമായ പ്രളയക്കെടുതിയാണ് ജില്ലയില്‍ ഇത്തവണ ഉണ്ടായതെന്നും അതിനാല്‍ നഷ്ടപരിഹാരം കണക്കാക്കുന്നതില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഉരുള്‍പൊട്ടലില്‍ കൃഷിഭൂമിയാകെ ഒലിച്ചുപോകുന്ന സ്ഥിതിയാണ് മലയോര പ്രദേശങ്ങളില്‍ പലയിടത്തും ഇത്തവണ ഉണ്ടായത്.
ഇത്തരം ഭൂമി പൂര്‍വ്വസ്ഥിതിയിലാക്കി കൃഷിയോഗ്യമാക്കാന്‍ വലിയ മുതല്‍മുടക്ക് ആവശ്യമാണ്. ഇക്കാര്യം പ്രത്യേകം പരിഗണിച്ച് ആവശ്യമായ അധിക സഹായം ഉണ്ടാകണം. കാര്‍ഷിക മേഖലയില്‍ വ്യാപകമായ വിളനാശവും നേരിട്ടിട്ടുണ്ട്. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം കണക്കാക്കുമ്പോള്‍ അനുഭാവ പൂര്‍ണമായ സമീപനം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ വി സുമേഷ്, വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ പി ജയബാലന്‍, വി കെ സുരേഷ്ബാബു എന്നിവര്‍ ചേര്‍ന്ന് കലക്ടറേറ്റിലെത്തിയാണ് നിവേദനം നല്‍കിയത്.
രാവിലെ ജില്ലാ കലക്ടറുടെ ചേംബറില്‍ നാശനഷ്ടങ്ങളുടെ പ്രാഥമിക വിലയിരുത്തലിന് ശേഷമാണ് കേന്ദ്ര സംഘം മഴക്കെടുതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘത്തില്‍ കൃഷി മന്ത്രാലയം ഡയറക്ടര്‍ ഡോ കെ മനോഹരന്‍, ധന മന്ത്രാലയം ഡയറക്ടര്‍ എസ് സി മീണ, ഊര്‍ജ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ഒ പി സുമന്‍ എന്നിവരാണുള്ളത്.
പി എന്‍ സി/3196/2019

date