Skip to main content

പൊതുവിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കണം: ഭക്ഷ്യ കമ്മീഷന്‍

ഗുണനിലവാരം കുറഞ്ഞ അരിയും ഭക്ഷ്യവസ്തുക്കളും പൊതുവിതരണ ശൃംഖലയില്‍ വിതരണം ചെയ്യുന്നത് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ വിലക്കി. പൊതുവിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് കമ്മീഷന്‍ എഫ്‌സിഐക്ക് നിര്‍ദ്ദേശം നല്‍കി. എഫ്‌സിഐ ഗോഡൗണുകളില്‍ നിന്നും ടാഗ് ചെയ്ത ചാക്കുകള്‍ മാത്രമേ വിതരണത്തിനെത്തിക്കാവൂ എന്നും കൈകൊണ്ട് തുന്നിക്കെട്ടിയ ചാക്കുകളും ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യരുതെന്നും കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്നതിനായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബോധവല്‍ക്കരണ സെമിനാറിലായിരുന്നു കമ്മീഷന്റെ പ്രതികരണം.
എഫ്‌സിഐ ഗോഡൗണുകളില്‍ നിന്ന് മാലിന്യം നിറഞ്ഞ ഭക്ഷ്യചാക്കുകള്‍ വിതരണത്തിനെത്തുന്നുണ്ടെന്ന പരാതി കമ്മീഷന്‍ എഫ്‌സിഐ മാനേജര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്ന പക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മോഹന്‍കുമാര്‍ വ്യക്തമാക്കി. ഫണ്ടിന്റെ അപര്യാപ്തത മൂലം ചില പഞ്ചായത്തുകളില്‍ ന്യൂട്രിമിക്‌സ് വേണ്ടത്ര അളവില്‍ വിതരണം ചെയ്യാന്‍ കഴിയുന്നില്ലെന്ന് ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിനാവശ്യമായ ഫണ്ട് പഞ്ചായത്തുകള്‍ പ്ലാനില്‍ ഉള്‍പ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. ജില്ലയിലെ എഫ്‌സിഐ ഗോഡൗണുകളില്‍ എ കാറ്റഗറി അരിക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതിക്കാവശ്യമായ ഭക്ഷ്യധാന്യം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അങ്കണവാടികളിലും സ്‌കൂളുകളിലും കുട്ടികള്‍ക്ക് ഗുണമേന്മയുള്ള ഭക്ഷണം ലഭ്യമാക്കാന്‍ ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
ഭക്ഷ്യവിതരണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കമ്മീഷന്‍ അവലോകനം നടത്തി. ജില്ലയില്‍ ഭക്ഷ്യഭദ്രതാ നിയമവുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിട്ടില്ലെന്നും മികച്ച രീതിയില്‍ പദ്ധതി മുന്നോട്ട് പോകുന്നുണ്ടെന്നും പരാതി പരിഹാര ഉദ്യോഗസ്ഥ കൂടിയായ എഡിഎം ഇപി മേഴ്‌സി കമ്മീഷനെ അറിയിച്ചു. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കുമുള്ള വിവിധ പോഷകാഹാര പദ്ധതികളെക്കുറിച്ച് തളിപ്പറമ്പ് സിഡിപിഒ കെ നിര്‍മ്മലയും സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതികളെക്കുറിച്ച് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടിപി നിര്‍മ്മലാ ദേവിയും എന്‍എഫ്എസ്എ റേഷന്‍ സംവിധാനത്തെപ്പറ്റി ജില്ലാ സപ്ലൈ ഓഫീസര്‍ കെ മനോജ് കുമാറും വിശദീകരിച്ചു. റേഷന്‍ ഡീലര്‍മാര്‍, സംഘടനാ പ്രതിനിധികള്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവരോടും കമ്മീഷന്‍ സംവദിച്ചു.
ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തെക്കുറിച്ചും ചട്ടങ്ങളെക്കുറിച്ചും കമ്മീഷന്‍ അംഗം അഡ്വ. ബി രാജേന്ദ്ര ബാബു വിശദീകരിച്ചു. ജില്ലാ കലക്ടര്‍ ടിവി സുഭാഷ്, സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. പി വസന്തം, വി രമേശ്, കെ ദിലീപ് കുമാര്‍, എം വിജയലക്ഷ്മി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കള്‍ കുറ്റമറ്റ രീതിയില്‍ ആളുകളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വയനാട് ജില്ലയിലേത് ഉള്‍പ്പെടെ ഗോത്ര കോളനികളില്‍ കമ്മീഷന്‍ സന്ദര്‍ശനം നടത്തിയിരുന്നു.
പി എന്‍ സി/3197/2019

date