Skip to main content

പുഴകളില്‍ അടിഞ്ഞുകൂടിയ മണലും മാലിന്യങ്ങളും നീക്കം ചെയ്യാന്‍ അടിയന്തര നടപടി വേണം: ജില്ലാ പഞ്ചായത്ത്

പ്രളയത്തെത്തുടര്‍ന്ന് ജില്ലയിലെ പുഴകളില്‍ അടിഞ്ഞുകൂടിയ മണലും മാലിന്യങ്ങളും നീക്കം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. പ്രശ്‌നം എത്രയും പെട്ടെന്ന് കലക്ടറുടെയും മറ്റ് ബന്ധപ്പെട്ട അധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. പ്രളയത്തില്‍ ഒലിച്ചുവന്ന പ്ലാസ്റ്റിക്, മരത്തടികള്‍, ചെളി നിറഞ്ഞ മണല്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്  ആവശ്യമുയര്‍ന്നതായി യോഗം വിലയിരുത്തി.
മരങ്ങളും മാലിന്യങ്ങളും മണലും അടിഞ്ഞു കൂടിയത് പുഴകളില്‍ വെള്ളം ഉള്‍ക്കൊള്ളാനുള്ള ശേഷി കുറയാനും പുഴയുടെ സുഗമമായ ഒഴുക്കിന് തടസം സൃഷ്ടിക്കാനും കാരണമായിട്ടുണ്ട്. അഴിമുഖങ്ങളില്‍ മണലും മാലിന്യങ്ങളും നിറഞ്ഞ് രൂപം കൊണ്ട തിട്ടകളിലിടിച്ച് മത്സ്യ ബന്ധന ബോട്ടുകള്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യവും ഉണ്ട്. ഇത് മത്സ്യത്തൊഴിലാളികളടക്കമുള്ളവരുടെ ജീവന് ഭീഷണിയുയര്‍ത്തുന്നു. എത്രയും പെട്ടെന്ന് ഈ മാലിന്യങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ പുഴ ഗതിമാറി ഒഴുകാനിടയുണ്ട്.  അടുത്ത കാലവര്‍ഷത്തില്‍ വലിയ പ്രളയത്തിന് ഇത് കാരണമാകുമെന്ന് യോഗം വിലയിരുത്തി.
വനാതിര്‍ത്തിയിലുള്ള ഗ്രാമങ്ങളിലെ വന്യമൃഗ ശല്യം പരിഹരിക്കണമെന്നാവശ്യവും യോഗത്തിലുയര്‍ന്നു. ആനയും കുരങ്ങും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നുണ്ടെന്നും ഇത് കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ നാണു, തോമസ് വര്‍ഗീസ് എന്നിവര്‍ യോഗത്തെ അറിയിച്ചു. വിഷയത്തില്‍ ശാശ്വത പരിഹാരം കാണുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഡി എഫ് ഒയ്ക്ക് നിര്‍ദേശം നല്‍കാന്‍ യോഗം തീരുമാനിച്ചു.
പദ്ധതി ചെലവില്‍ 25 ശതമാനം നേട്ടം കൈവരിച്ചതായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ അറിയിച്ചു. രൂപീകരിച്ച പദ്ധതികള്‍ അടുത്ത നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ഇതിനാവശ്യമായ നടപടികള്‍ നിര്‍വഹണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍ദേശിച്ചു. ധനകാര്യം, വികസനകാര്യം, ആരോഗ്യ- വിദ്യാഭ്യാസം, പൊതുമരാമത്ത്, ക്ഷേമകാര്യ സ്റ്റാറ്റിംഗ് കമ്മിറ്റികള്‍ കൈകൊണ്ട തീരുമാനങ്ങളും ശുപാര്‍ശകളും യോഗത്തില്‍ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ജയബാലന്‍, വി കെ സുരേഷ് ബാബു, ടി ടി റംല, കെ ശോഭ, അംഗങ്ങളായ കെ നാണു, തോമസ് വര്‍ഗീസ്,  അജിത്ത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, സണ്ണി മേച്ചേരി, പി കെ സരസ്വതി, പി ജാനകി, പി ഗൗരി, പി പി ഷാജിര്‍, കെ മഹിജ, പി വിനീത, ടി ആര്‍ സുശീല, സുമിത്ര ഭാസ്‌കരന്‍, കെ പി ചന്ദ്രന്‍, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പി എന്‍ സി/3198/2019

date