Skip to main content

ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുമ്പോള്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ തടയുന്നതില്‍ പ്രഥമ പരിഗണന നല്‍കണം -മനുഷ്യാവകാശ കമ്മീഷന്‍

    പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുമ്പോള്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ തടയുന്നതില്‍ അധികൃതര്‍ കൂടുതല്‍ ശ്രദ്ധ കാണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു. തിരൂര്‍ റെസ്റ്റ് ഹൗസില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ഡോ. കെ. മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന സിറ്റിങ്ങില്‍ ചുങ്കത്തറ പഞ്ചായത്തിലെ അനധികൃത ക്വാറികളെ സംബന്ധിച്ച് ലഭിച്ച പരാതിയിലാണ് കമ്മീഷന്റെ നിര്‍ദ്ദേശം. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് പിഴയിടുന്നതില്‍ മാത്രമായി ഒതുക്കരുതെന്നും പാരിസ്ഥിതിക പ്രശ്നങ്ങള്‍ കൂടി കണക്കിലെടുക്കണമെന്നുമാണ് കമ്മീഷന്‍ സര്‍ക്കാരിനെ അറിയിച്ചത്.
   ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലൊന്നായ തിരൂരില്‍ സമാന സ്റ്റേഷനുകളുടേത് പോലെ എസ്‌കലേറ്റര്‍, ലിഫ്റ്റ് അടക്കം അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നില്ലെന്നായിരുന്നു കമ്മീഷന് മുമ്പിലെത്തിയ മറ്റൊരു പരാതി. ഒരു പ്ലാറ്റ് ഫോമില്‍ മറ്റൊന്നിലേക്ക് മാറണമെങ്കില്‍ നിരവധി സെറ്റെപ്പുകള്‍ കയറിയിങ്ങേണ്ട അവസ്ഥയാണ് നിലവില്‍ തിരൂര്‍ റയില്‍വേ സ്റ്റേഷനിലുള്ളത്. ആയതിനാല്‍ അടിസ്ഥാന സൗകര്യ വികസനം വേണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. ഈ പരാതിയില്‍ മറുപടി നല്‍കുന്നതിനായി ചെന്നൈയിലെ ദക്ഷിണ റയില്‍വേയുടെ മാനേജര്‍ക്കും പാലക്കാട് ഡിവിഷനല്‍ മാനേജര്‍ക്കും കമ്മീഷന്‍ കത്തയച്ചിരിക്കുകയാണ്.
     പ്രളയ നഷ്ടപരിഹാരം നിര്‍ണയിക്കുമ്പോള്‍ വളര്‍ത്തു മൃഗങ്ങളുടെയും വീട്ടുപകരണങ്ങളുടെയും നഷ്ടങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു കമ്മീഷന് മുന്നിലെത്തിയ മറ്റൊരു ആവശ്യം. ഈ വിഷയത്തി•േല്‍ നടപടികള്‍ക്കായി കമ്മീഷന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശം നല്‍കി. ലഭിച്ച 33 പരാതികളില്‍ 10 പരാതികള്‍ കമ്മീഷന്‍ തീര്‍പ്പാക്കി.
 

date