Skip to main content

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ മെയ് 15നകം പൂർത്തിയാക്കണം: മന്ത്രി ജി. സുധാകരൻ

ആലപ്പുഴ: ജില്ലയിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ മെയ് 15നകം പൂർത്തിയാക്കണമെന്ന്  പൊതുമരാമത്ത് -രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ  ത്രിതല പഞ്ചായത്ത്-മുൻസിപ്പാലിറ്റി അധ്യക്ഷന്മാർക്കും വിവിധ വകുപ്പ് മേധാവികൾക്കും നിർദ്ദേശം നൽകി. സാംക്രമിക രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും സംബന്ധിച്ച് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ വിവിധ തലങ്ങളിലുള്ള ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും മരുന്നുകൾ, ജീവനക്കാർ, ലബോട്ടറി സൗകര്യങ്ങൾ തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ ഉറപ്പ് വരുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.ആരോഗ്യബോധവത്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം.50 വീടുകൾക്ക് ഒരു വോളന്റിയർ എന്ന നിലയിൽ ആരോഗ്യ പ്രവർത്തകരെ ചുമതലപ്പെടുത്തണം.ജനുവരി 21ന് എല്ലാ വീടുകളിലും ആരോഗ്യ പ്രവർത്തകർ എത്തി പരിസര ശുചിത്വം ഉറപ്പു വരുത്തണം. എല്ലാ പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും പ്രത്യേക കർമ്മ പദ്ധതികൾക്ക് രൂപം നൽകണം. ജലദൗർലഭ്യമുള്ള പ്രദേശങ്ങൾ കണ്ടെത്തി ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിനും മാലിന്യ നിർമ്മാർജ്ജനത്തിനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. വാർഡ്തല ആരോഗ്യ ശുചിത്വ സമിതികളുടെ പ്രവർത്തനം സജ്ജമാക്കുന്നതിനുള്ള നടപടികൾ തദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണം.മഴക്കാല പൂർവ്വ  ശൂചീകരണത്തിൽ ജനപങ്കാളിത്തം ഉറപ്പു വരുത്തണം. തട്ടുകടകൾ ഉൾപ്പെടെ ചായക്കടകളിലും ഹോട്ടലുകളിലും  ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് ശുചിത്വനിലവാരം പരിശോധിക്കണം.അനാരോഗ്യപരമായ രീതിയിൽ പ്രവർത്തിക്കുന്നവ  അടച്ചുപൂട്ടുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കണം. കക്കൂസു മാലിന്യങ്ങൾ  തള്ളുന്നവരെ കണ്ടെത്തുന്നതിന് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ രാത്രികാല സ്വകാഡ് പ്രവർത്തിക്കണം. ശുദ്ധജല വിതരണം  ഉറപ്പു വരുത്തുന്നതിന് വാട്ടർ അതോറിറ്റി വിതരണ പൈപ്പുകളിലെ അറ്റകുറ്റ പണികൾ യഥാസമയം പൂർത്തിയാക്കണം. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ- തൊഴിലിടങ്ങളിലെ സാഹചര്യം തൊഴിൽ വകുപ്പ് പരിശോധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തണം. അധ്യാപകർക്കും വിദ്യാർഥികൾക്കും പകർച്ചവ്യാധി സംബന്ധമായ ക്ലാസുകൾ നൽകണം.കൃഷിയിടങ്ങളിൽ കൊതുക് പെരുകുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനും എലി നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും കൃഷി വകുപ്പ് നടപടി സ്വീകരിക്കണം. റോഡ്,കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം  അലക്ഷ്യമായി ഇട്ടിട്ടുള്ള സാമഗ്രികളിലും ഓടകളിലും വെള്ളം കെട്ടികിടന്ന് കൊതുക് പെരുകുന്ന സാഹചര്യം പൊതുമരാമത്ത് വകുപ്പ് ഒഴിവാക്കണം. നിർമ്മാണത്തിൽ ഇരിക്കുന്ന എല്ലാ കെട്ടിടങ്ങളിലും എൻജിനീയർമാർ പരിശോധന നടത്തണം. തീരപ്രദേശങ്ങളിൽ ഉപയോഗശൂന്യമായി കിടക്കുന്ന ബോട്ടുകളിലും വഞ്ചികളിലും കൊതുക് പെരുകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ഫിഷറീസ് വകുപ്പ് നടപടിയെടുക്കണം. പട്ടിക-വർഗ്ഗ കോളനികളിൽ പ്രത്യേക ബോധവൽക്കരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ നഗരസഭ ചെയർമാൻ തോമസ് ജോസഫ്  അധ്യക്ഷത വഹിച്ചു. ആർ.രാജേഷ് എം.എൽ.എ.ആരോഗ്യ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ടി.വി.അനുപമ, ജില്ലാ പൊലീസ് മേധാവി സുരേന്ദ്രൻ, സബ് കളക്ടർ  വി.ആർ.കൃഷ്ണതേജ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഡി.വസന്തദാസ് എന്നിവർ സംസാരിച്ചു. 

 

                                                                        (പി.എൻ.എ.31/2018)

date