Skip to main content

ലോക റാബിസ് ദിനം- പേ വിഷബാധയെക്കുറിച്ച് ബോധവത്കരണം നടത്തും

    സപ്തംബര്‍ 28 ലോക റാബിസ് ദിനാചരണത്തോടനുബന്ധിച്ച്  ജില്ലയില്‍ പേവിഷ ബാധയെക്കുറിച്ച് ബോധവത്കരണം നടത്തും. ദിനാചരണത്തോടനുബന്ധിച്ച്  നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുളള യോഗത്തിലാണ് തീരുമാനം. 

''പേവിഷ ബാധ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നിര്‍ബന്ധമായും വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കൂ'' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.  ഇതിനോടനുബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ്, ത്രിതല പഞ്ചായത്തുകള്‍, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികള്‍ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ പേവിഷബാധയെക്കുറിച്ച് ജനങ്ങളില്‍ ബോധവത്കരണം നടത്തും. പ്രദേശത്തെ വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ ലഭിച്ചു എന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പുവരുത്തണമെന്നും യോഗം നിര്‍ദേശിച്ചു. 
    ദിനാചരണത്തോടനുബന്ധിച്ച് സപ്തംബര്‍ 28 ന് മെഡിക്കല്‍ കോളേജ് ഒ.പി. വിഭാഗത്തില്‍ വെച്ച് പൊതുജനങ്ങള്‍ക്ക് റാബിസ് രോഗത്തെ കുറിച്ചും  മുന്‍കരുതലുകളെ പറ്റിയും ബോധവത്കരണ ക്ലാസ് നടത്തും.  ഉച്ചയ്ക്ക് ശേഷം മൃഗസംക്ഷണവകുപ്പുമായി സഹകരിച്ച് മെഡിക്കല്‍ കോളേജ് സെമിനാര്‍ ഹാളില്‍ ഡോക്ടര്‍മാര്‍ക്കും പി.ജി.ഡോക്ടര്‍മാര്‍ക്കും ഹൗസ് സര്‍ജന്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സെമിനാര്‍ നടത്തും.  
    ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി.യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മൃഗസംരക്ഷണ വകുപ്പിലെ ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ.നീനകുമാര്‍, മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി വിഭാഗത്തിലെ ഡോ. ജയകൃഷ്ണന്‍ അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി, കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. ഷാനു, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 1 ശ്രീ.കെ.ടി.മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.

 

എന്യൂമറേറ്റര്‍ നിയമനം

 

ഫിഷറീസ്‌വകുപ്പ് മറൈന്‍ ഡേറ്റാ കളക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സര്‍വ്വേയുടെ വിവരശേഖരണത്തിനായി കോഴിക്കോട് ജില്ലയില്‍ ഒരു എന്യൂമറേറ്ററെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ഒക്‌ടോബര്‍ ഒന്നിന്  രാവിലെ 11 മണിക്ക്  വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. പ്രതിമാസവേതനം യാത്രാബത്തയുള്‍പ്പെടെ 25,000 രൂപ. പ്രായ പരിധി 21 - 36 വയസ്സ്. ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉളളവരായിരിക്കണം അപേക്ഷകര്‍. ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഫോട്ടോയും സഹിതം ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍: 0495-2383780.

 

 ഭരണഭാഷാ പുരസ്‌കാരം: അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 31

 

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്കുന്ന ഭരണഭാഷാ പുരസ്‌കാരം സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 31. 
ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളത്തിലാക്കുന്നതിനും ഭരണരംഗത്ത് മലയാള ഭാഷയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള വിവിധ പദ്ധതികളുടെ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്കാര്‍ക്കാണ്ഭരണഭാഷാ പുരസ്‌കാരം നല്‍കുക. 

 ക്ലാസ് 1,2,3 വിഭാഗം ജീവനക്കാര്‍ക്കും ക്ലാസ് 3 വിഭാഗത്തില്‍പ്പെട്ട ടൈപ്പിസ്റ്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് സ്റ്റെനോഗ്രാഫര്‍മാര്‍ക്കും ഭരണഭാഷാ പുരസ്‌കാരവും എല്ലാ വിഭാഗം ജീവനക്കാരെയും പരിഗണിക്കുന്ന ഗ്രന്ഥരചനാ പുരസ്‌കാരവും ക്ലാസ് 3 ജീവനക്കാര്‍ക്ക് ജില്ലാതല ഭരണഭാഷാ പുരസ്‌കാരവും 
മികച്ച ഭാഷാ മാറ്റം കൈവരിക്കുന്ന വകുപ്പിനും ജില്ലയ്ക്കും പ്രത്യേകം പുരസ്‌കാരവും നല്‍കും. 2018 ല്‍ മലയാളത്തില്‍ ചെയ്ത ജോലികളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക.  ജില്ലാതല ഭരണഭാഷാ പുരസ്‌കാരത്തിന് ജില്ലാ കലക്ടര്‍ക്കും ഗ്രന്ഥരചനാ പുരസ്‌കാരം, സംസ്ഥാനതല ഭരണഭാഷാ പുരസ്‌കാരം എന്നിവയ്ക്ക് സംസ്ഥാന സര്‍ക്കാറിനുമാണ് അപേക്ഷ നല്‍കേണ്ടത്.

date