Skip to main content

ഇന്ത്യയെ അറിയുക പരിപാടി: യുവാക്കളുടെ സംഘം ഗവർണറെ സന്ദർശിച്ചു

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നേത്യത്വത്തിൽ നടത്തിവരുന്ന ഇന്ത്യയെ അറിയുക  (Know India Programme) പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തിയ  ഇന്ത്യൻവംശജരുടെ യുവസംഘം രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു. കേരളത്തിന്റെ ഉയർന്ന സാക്ഷരതാ നിരക്ക്, വിദേശശബന്ധം, സാമൂഹിക സാംസ്‌കാരിക, ആരോഗ്യ രംഗങ്ങളിലെ മുന്നേറ്റങ്ങളെ സംബന്ധിച്ച് സംഘം ഗവർണറുമായി സംവദിച്ചു. തങ്ങളുടെ പൂർവികരെ സംബന്ധിച്ച് അറിയാൻ എല്ലാ മനുഷ്യർക്കും ആഗ്രഹമുണ്ടാകുമെന്ന് ഗവർണർ പറഞ്ഞു.  നോ ഇന്ത്യ പരിപാടിയിലൂടെ പൂർവികരെയും നാടിനെയും കുറിച്ചറിയാൻ ശ്രമിക്കുന്ന യുവാക്കളെ അദ്ദേഹം അഭിനന്ദിച്ചു.
നൂറ്റാണ്ടുകൾ മുമ്പുള്ള കേരളത്തിന്റെ വൈദേശിക ബന്ധമാണ് സാക്ഷരതയിൽ മുന്നേറാൻ കേരളത്തെ സഹായിച്ചതെന്ന്  സന്ദർശകരുടെ ചോദ്യത്തിന് മറുപടിയായി ഗവർണർ പറഞ്ഞു. സാമൂഹിക, സാമ്പത്തിക മേഖലയിൽ ഇന്നത്തെ മുന്നേറ്റത്തിനും വിദേശബന്ധം സഹായിക്കുന്നുണ്ട്. അറിവും വൈവിധ്യവുമാണ് മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയെ വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആനയെ ജീവിതത്തിലാദ്യമായി കണ്ട  അനുഭവവും സംഘാംഗങ്ങളിൽ ചിലർ ഗവർണറുമായി പങ്കുവെച്ചു. നോ ഇന്ത്യ പരിപാടിയുടെ 56-ാം പതിപ്പാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസജീവിതം നയിച്ചുവരുന്ന ഇന്ത്യക്കാരുടെ മൂന്നാം തലമുറയ്ക്ക് മാതൃരാജ്യവുമായുള്ള ബന്ധം നിലനിർത്തുന്നതിനും കല, പൈതൃകം, സംസ്‌കാരം എന്നിവ അടുത്തറിയുന്നതിനും വ്യവസായം, വിദ്യാഭ്യാസം, ശാസ്ത്രം തുടങ്ങിയ മേഖലകളിലെ പുരോഗതി അറിയുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.  ഒൻപത് രാജ്യങ്ങളിൽ നിന്നായി  40 അംഗ സംഘമാണ് പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തിയത്. ഫിജി, ഗയാന, ഇസ്രയേൽ, മ്യാൻമർ, സൗത്ത് ആഫ്രിക്ക, സൂരീനാം, ട്രിനിടാഡ് & ടൊബാഗോ, മൗറീഷ്യസ്, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളും യുവ പ്രൊഫഷണലുകളുമാണിവർ. കേരളത്തിൽ മുസിരീസ് കോട്ട, കേരള കലാമണ്ഡലം, കോയിക്കൽ കൊട്ടാരം, കയർ വില്ലേജ്, ബാലരാമപുരം കൈത്തറി നെയ്ത്ത് വില്ലേജ്, വിതുര ജഴ്‌സി ഫാം, വി. എസ്. എസ്. സി തുടങ്ങിയ സ്ഥാപനങ്ങളാണ് സന്ദർശിക്കുന്നത്. ഒക്ടോബർ 15 വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
    ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ദോദാവത്ത്, കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിലെ കൺസൾട്ടന്റ് സുനിൽ അഗ്‌നിഹോത്രി, നോർക്ക വകുപ്പിലെയും നോർക്ക റൂട്ട്സിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
പി.എൻ.എക്‌സ്.3594/19

date