Skip to main content

കുഞ്ഞിക്കാദറും മിൽക്കാ ലോറൻസും കൂട്ടുകാരും ഡൽഹിക്ക് പറക്കും

ഈ വർഷത്തെ കരിയർ ഗൈഡൻസ് പാസ് വേഡ് ക്യാമ്പിന്റെ അവസാന ഘട്ടമായ എക്‌സ്‌പ്ലോറിങ് ഇന്ത്യയുടെ ഗുണഭോക്താക്കളായി തൃശൂർ ജില്ലയിലെ ബിപിഎൽ വിഭാഗത്തിൽപ്പെട്ട അഞ്ച് കുട്ടികളടക്കം എട്ട് കുട്ടികൾ രാഷ്ട്രപതിയുമായി സംവദിക്കാൻ സർക്കാർ ചെലവിൽ നവംബർ 11 ന് ഡൽഹിയിലേക്ക് പറക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ കേരളത്തിലുടനീളം 20000 കുട്ടികൾക്കായി നടത്തിയ ട്യൂണിങ് ക്യാമ്പിൽ നിന്ന് തെരഞ്ഞെടുത്ത 1200 പേരിൽ നിന്ന് ഫ്‌ളവറിങ് ക്യാമ്പ് വഴി വീണ്ടും തെരഞ്ഞെടുത്ത 120 പേരിൽ തൃശൂർ ജില്ലയിൽ നിന്നുളള എട്ട് പേരാണ് ഈ കുട്ടികൾ. ഹയർ സെക്കണ്ടറി സ്‌ക്കൂളിലെ സമർത്ഥരായ വിദ്യാർത്ഥികളെ കണ്ടെത്തി കരിയർ പ്ലാനിങ്ങിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കൈപിടിച്ചുയർത്തുന്ന പദ്ധതിയാണ് പാസ്‌വേർഡ്.
കൊടുങ്ങല്ലൂർ ഗവ. ഗേൾസ് സ്‌കൂൾ, അഴീക്കോട് സീതി സാഹിബ് സ്‌കൂൾ, മതിലകം സെന്റ് ജോസഫ് സ്‌കൂൾ, മാമ്പ്ര യൂണിയൻ സ്‌കൂൾ, പാടൂർ അലീമുൽ ഇസ്ലാം സ്‌കൂൾ, മണത്തല ഗവ. സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത യഥാക്രമം അനീസ നൗഷാദ്, മിസാബ് തൻവീർ, പി എം മുഹമ്മദ് സിയ, പി എസ് റിസ്‌ല ഷാജി, ടി ബി കുഞ്ഞിക്കാദർ, ഒ എ അജ്മൽ തൻസീർ, എം എൽ മിൽക്ക, ടി എസ് ജിംഷിദ എന്നീ വിദ്യാർത്ഥികൾക്കാണ് ഡൽഹി യാത്രയ്ക്ക് അവസരം. ഡൽഹിയിൽ നടക്കുന്ന സപ്തദിന ക്യാമ്പിൽ രാഷ്ട്രപതിമായുളള കൂടിക്കാഴ്ച കൂടാതെ സുപ്രീം കോടതി, പാർലമെന്റ് മന്ദിരം, വിവിധ യൂണിവേഴ്‌സിറ്റികൾ അടക്കമുളള പ്രമുഖ വിദ്യഭ്യാസ സ്ഥാപനങ്ങൾ, ചരിത്ര സ്മാരകങ്ങൾ ഇവ സന്ദർശിക്കാനുളള സുവർണ്ണാവസരമാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. എ ബി മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 120 കുട്ടികൾക്കായി വകുപ്പ് ഒരുക്കിയിരിക്കുന്നത്. നവംബർ 18-ാം തീയതി ട്രെയിൻ മാർഗ്ഗം കുട്ടികൾ തിരിച്ചെത്തും.
 

date