മാനന്തവാടി-എയര്‍പോര്‍ട്ട് റോഡ്: അലൈന്‍മെന്റ് ചര്‍ച്ച ചെയ്തു റോഡ് വികസനത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യം
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനായി വികസിപ്പിക്കുന്ന മാനന്തവാടി-മട്ടന്നൂര്‍ റോഡിന്റെ അലൈന്‍മെന്റ് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികള്‍, പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്തു. 63.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ബോയ്‌സ് ടൗണ്‍-പേരാവൂര്‍-ശിവപുരം വഴിയാണ് കടന്നുപോവുന്നത്. 33 കിലോമീറ്റര്‍ നീളമുള്ള കുറ്റ്യാടി-നാദാപുരം-പെരിങ്ങത്തൂര്‍-മേക്കുന്ന്-പാനൂര്‍-പൂക്കോട്-കൂത്തുപറമ്പ്-മട്ടന്നൂര്‍ റോഡ്, 28.5 കിലോമീറ്റര്‍ വരുന്ന തലശ്ശേരി-കൊടുവള്ളി-മമ്പറം-അഞ്ചരക്കണ്ടി-മട്ടന്നൂര്‍ റോഡ് എന്നിവയുടെ പുതിയ അലൈന്‍മെന്റുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നേരത്തേ നടന്നിരുന്നു. വളവുകള്‍ പരമാവധി നിവര്‍ത്തിയും ദൂരവും വളവുകളും കുറയ്ക്കുന്നതിന് പുതിയ ബൈപ്പാസുകള്‍ നിര്‍മിച്ചും 24 മീറ്ററായാണ് നിലവിലെ റോഡുകള്‍ ശാസ്ത്രീയമായി വികസിപ്പിക്കുന്നത്. ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് അന്തിമ അലൈന്‍മെന്റ് ഉടന്‍ പ്രസിദ്ധീകരിക്കും. ഇതിനുശേഷമാണ് റോഡുകളുടെ വിശദമായ ഡിപിആര്‍ തയ്യാറാക്കുക. ഐഡെക്ക് എന്ന ഏജന്‍സിയാണ് അലൈന്‍മെന്റും ഡിപിആറും തയ്യാറാക്കുന്നത്.
മാനന്തവാടി-മട്ടന്നൂര്‍ റോഡില്‍ 44-ാം മൈല്‍ മുതല്‍ തലപ്പുഴ വരെയുള്ള ഭാഗത്തെ റോഡ് നിലവിലെ സാഹചര്യത്തില്‍ വീതി കൂട്ടി വികസിപ്പിക്കുന്നതിന് പകരം വനത്തിലൂടെ സമാന്തര റോഡ് നിര്‍മിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. നിലവിലെ റോഡിന്റെ ഒരു ഭാഗത്ത് കൂറ്റന്‍ പാറകളും മറുഭാഗത്ത് ചെങ്കുത്തായ കൊല്ലിയുമാണ്. ഇടയ്ക്കിടെ ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെടുന്ന ഈ റോഡ് വികസിപ്പിക്കുന്നത് അത്യന്തം ദുഷ്‌ക്കരണമാണെന്നും പകരം വനമ്പാത അനുവദിക്കുന്നതിന് ജില്ലയിലെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഈ മൂന്ന് റോഡുകള്‍ക്കു പുറമെ, വിമാനത്താവള റോഡുകളായി വികസിപ്പിക്കുന്ന മേലെ ചൊവ്വ-ചാലോട്-വായന്തോട്-എയര്‍പോര്‍ട്ട് റോഡ് (26.3 കിമീ), തളിപ്പറമ്പ്-ചൊറുക്കള, നണിച്ചേരിക്കടവ് പാലം-മയ്യില്‍-ചാലോട് റോഡ് എന്നിവ കൂടി ഉള്‍പ്പെടുന്ന റോഡുകളുടെ വികസനത്തിനായി പ്രത്യേക പാക്കേജ് തയ്യാറാക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിക്കും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതോടൊപ്പം കടകള്‍ നടത്തുന്ന വ്യാപാരികള്‍ക്കും ജീവനക്കാര്‍ക്കും മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) കെ കെ അനില്‍ കുമാര്‍, പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ജിഷാകുമാരി, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments