കണ്ണൂര്‍ അറിയിപ്പുകള്
യോഗ പരിശീലകനെ നിയമിക്കുന്നു
മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ വനിതകള്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിനായി പരിശീലകനെ നിയമിക്കുന്നു. ബി എന്‍ വൈ എസ്/തതുല്യബിരുദം/യോഗ അസോസിയേഷനും, കേരള സ്പോട്സ് കൗണ്‍സിലും അംഗീകരിച്ച യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് ഒക്ടോബര്‍ 14 ന് ഉച്ചക്ക് ഒരു മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍: 9744728861.
സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം; യോഗം ഇന്ന്
റവന്യൂ ജില്ലാ സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം സ്ക്രീനിംഗില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂള്‍ അധികൃതരുടെ യോഗം ഇന്ന് (ഒക്ടോബര്‍ 10) വൈകിട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ നോര്‍ത്ത് ബി ആര് സി യില്‍ നടക്കും. ബന്ധപ്പെട്ട അധ്യാപകര്‍ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0497 2705149
ബീച്ച് ഗെയിംസ്: സംഘാടക സമിതി യോഗം
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബീച്ച് ഗെയിംസിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയുടെ കടലോരത്ത് സംഘടിപ്പിക്കുന്ന വിവിധ കായിക ഇനങ്ങളുടെ നടത്തിപ്പിനായി രൂപീകരിച്ച സംഘാടക സമിതി എക്സിക്യുട്ടീവ് യോഗം നാളെ (ഒക്ടോബര്‍ 11) വൈകിട്ട് മൂന്ന് മണിക്ക് ജില്ലാ സ്പോട്സ് കൗണ്‍സില്‍ ഹാളില്‍ ചേരും.
ദര്‍ഘാസ് ക്ഷണിച്ചു
ജില്ലാ ലിംബ് ഫിറ്റിംഗ് യൂണിറ്റിലേക്ക് ഓണ്‍ലൈന്‍ യു പി എസ് സ്ഥാപിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി തയ്യാറുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ഒക്ടോബര്‍ 26 ന് 12 മണി വരെ ദര്‍ഘാസ് സ്വീകരിക്കും.
അപേക്ഷ ക്ഷണിച്ചു
പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതി, സംസ്ഥാന സര്‍ക്കാരിന്റെ എന്റെ ഗ്രാമം എന്നീ പദ്ധതികള്‍ പ്രകാരം ഗ്രാമീണ മേഖലയില്‍ വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പി എം ഇ ജി പി പദ്ധതിയില്‍ പുതുതായി ആരംഭിക്കുന്ന യൂണിറ്റുകള്‍ക്ക് 35 ശതമാനം വരെ സബ്സിഡി ലഭിക്കും. ഉല്പാദന യൂണിറ്റുകള്‍ക്ക് 25 ലക്ഷം രൂപവരെയും സര്‍വീസ് യൂണിറ്റുകള്‍ക്ക് 10 ലക്ഷം രൂപവരെയും പദ്ധതി ചെലവ് വരുന്നവയ്ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ www.kviconline.gov.in ല്‍ പി എം ഇ ജി പി പോര്‍ട്ടല്‍ മുഖേന കെ വി ഐ ബി ഏജന്‍സി മുഖാന്തിരം സമര്‍പ്പിക്കണം.
എന്റെ ഗ്രാമം പദ്ധതിയില്‍ പുതുതായി ആരംഭിക്കുന്ന യൂണിറ്റുകള്‍ക്ക് 40 ശതമാനം വരെ സബ്സിഡി ലഭിക്കും. അഞ്ച് ലക്ഷം രൂപവരെ പദ്ധതി ചെലവ് വരുന്ന യൂണിറ്റുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2700057, 9400656982.
ക്വട്ടേഷന്‍ ക്ഷണിച്ചു
പഴശ്ശി റിസര്‍വോയറിലേക്ക് ഫൈബര്‍ ഗ്ലാസ് വട്ടത്തോണി, വെയിംഗ് ബാലന്‍സ് മെഷീനുകള്‍, ബില്ലിംഗ് മെഷീനുകള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 23 ന് വൈകിട്ട് രണ്ട് മണിക്ക് മുമ്പ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ മാപ്പിളബേ ഫിഷറീസ് കോംപ്ലക്സ്, ആയിക്കര, കണ്ണൂര്‍, 670017 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0497 2731081.
എഴുത്ത് പരീക്ഷ 12 ന്
പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് ക്ലറിക്കല്‍ തസ്തികയില്‍ പരിശീലനം നല്‍കുന്നതിനായി നടപ്പിലാക്കി വരുന്ന ഓഫീസ് മാനേജ്മെന്റ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷിച്ച് കോള്‍ ലെറ്റര്‍ ലഭിച്ചവര്‍ക്കായി 12ന് രാവിലെ 10 മണി മുതല്‍ 11.15 വരെ എഴുത്ത് പരീക്ഷ നടത്തും. പരീക്ഷാകേന്ദ്രം താവക്കര ഗവ. യു പി സ്കൂള്‍. ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച അഡ്മിഷന് ടിക്കറ്റ്, അസ്സല് തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം രാവിലെ 9.30 നകം ഹാജരാകണം. വൈകി വരുന്നവരെ യാതൊരു കാരണവശാലും പരീക്ഷ എഴുതുവാന്‍ അനുവദിക്കുന്നതല്ല. ഫോണ്‍: 0497 - 2700357.
ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം 11 ന് രാവിലെ 11 മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
എല്ലാ സ്കൂളുകളിലും പോഷണ്‍ പ്രതിജ്ഞ
സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 16 വരെ പോഷണ്‍ മാസം ആചരിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട് എല്ലാ സ്കൂളുകളിലും പോഷണ്‍ പ്രതിജ്ഞ ഒരേ ദിവസം ഒരേ സമയം നടത്താന്‍ വനിതാ ശിശുവികസന ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആയതിനാല്‍ എല്ലാ സ്കൂളുകളിലും ഒക്ടോബര്‍ 14 ന് പോഷണ്‍ പ്രതിജ്ഞ എടുക്കേണ്ടതാണെന്ന് ജില്ലാതല ഐ സി ഡി എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.
- Log in to post comments