Skip to main content

മലബാര്‍ ക്രാഫ്റ്റ്സ്മേള -2018:  കരകൗശല പ്രദര്‍ശനമേളയ്ക്കായി  150 പരമ്പരാഗത കുടിലുകള്‍ ഒരുങ്ങുന്നു

 

    മലബാറിന്‍റെ സാംസ്കാരിക വൈവിധ്യത്തെ അടയാളപ്പെടുത്തുന്ന മലബാര്‍ ക്രാഫ്റ്റ്സ്മേള ഈ മാസം 16 മുതല്‍ 30 വരെ പാലക്കാട് നടക്കും. ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന മേളയില്‍ ദേശീയ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തരായ നിരവധി കരകൗശലവിദഗ്ദര്‍ പങ്കെടുക്കും. പരിസ്ഥിതി സൗഹാര്‍ദ്ദപരമായി സംഘടിപ്പിക്കുന്ന മേളയുടെ ഒരുക്കങ്ങള്‍ സജീവമായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. നൂറോളം തൊഴിലാളികളാണ്  പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. രണ്ടു ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഓലയും കവുങ്ങും ഉപയോഗിച്ചുളള 150 ഓളം പ്രകൃതി സൗഹൃദ കുടിലുകളാണ് സ്റ്റാളുകളായി രൂപപ്പെടുത്തിയിരിക്കുന്നത്. 100, 120, സ്ക്വയര്‍ഫിറ്റില്‍ പല വലുപ്പത്തിലുളള കുടിലുകളാണ് സജ്ജമാക്കി വരുന്നത്.   മേളയോടനുബന്ധിച്ച് പ്രശസ്ത കലാകാരന്മാര്‍ പങ്കെടുക്കുന്ന കലാസന്ധ്യയും  വ്യത്യസ്ത മലബാര്‍ വിഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുളള ഫുഡ്സ്റ്റാളുകളും  ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമായിരിക്കും.  പാര്‍ക്കിങ്ങിനുളള സൗകര്യവും സജ്ജമാക്കി വരുന്നുണ്ട്. പാലക്കാട് കോട്ടയുടെ മാതൃകയിലാണ് പ്രവേശന കവാടം ഒരുക്കുന്നത്.ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടാവും നടത്തിപ്പ്. പ്രശസ്തകലാകാരന്മാര്‍ പങ്കെടുക്കുന്ന കലാ-സാംസ്കാരിക പരിപാടികളും സായാഹ്നങ്ങളില്‍ നടക്കും.  15 -ഓളം ശ്രീലങ്കന്‍ കരകൗശല വിദഗ്ധര്‍ ഉള്‍പ്പെടെ 150 പേര്‍ മേളയില്‍ പങ്കെടുക്കും. ഇവര്‍ കുടിലുകളില്‍ തന്നെ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത് കാണാന്‍  പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാവും.

date