Skip to main content

ഹൈടെക്ക് മുനിസിപ്പല്‍ ഓഫീസിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു 

പെരിന്തല്‍മണ്ണ നഗരസഭയുടെ അത്യാധുനിക ഓഫീസ് സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭയുടെ 25-ാം വാര്‍ഷികം പ്രമാണിച്ച് രജത ജൂബിലി മിഷന്‍ പദ്ധതിയിലാണ് ആധുനിക ഓഫീസ് നിര്‍മിക്കുന്നത്. ആര്‍.എന്‍ മനഴി ബസ് സ്റ്റാന്‍ഡിലുള്ള നിലവിലുള്ള ഒന്നും രണ്ടും നിലകള്‍ സമ്പൂര്‍ണ്ണമായി നവീകരിച്ചും മൂന്നാമത്തെ നില പണിതുമാണ് പുതിയ ഓഫീസ് സമുച്ചയം നിര്‍മാണം. നിലവിലുള്ള ഓഫീസ് കാലപ്പഴക്കമുള്ളതും സൗകര്യമില്ലാത്തതിനാലുമാണ് പുതിയ ഓഫീസ് ഒരുക്കാന്‍ നഗരസഭ തീരുമാനിച്ചത്. 
പുതിയ ഓഫീസില്‍ ഒന്നാം നിലയില്‍ റിസപ്ഷന്‍ കൗണ്ടറും ഫ്രണ്ട് ഓഫീസും ഹെല്‍പ്പ് ഡസ്‌ക്കുമാണ് നിര്‍മ്മിക്കുന്നത്. ഇരിപ്പിടം, ഫോറങ്ങള്‍ പൂരിപ്പിക്കാനുള്ള സൗകര്യം, കുടിവെള്ളം, പത്രം, ടിവി, എസി, ടോയ്‌ലെറ്റ്, തൊട്ടില്‍ സൗകര്യം എന്നിവയുണ്ടാകും. അമ്മമാര്‍ക്ക് മുലയൂട്ടാനുള്ള സൗകര്യവും ഒരുക്കും.  അതോടൊപ്പം ഹെല്‍ത്ത്, റവന്യു ഡിപ്പാര്‍ട്ട്‌മെന്റ്, കുടുംബശ്രീ ഓഫീസ്, ഡി.ടി.പി ഫോട്ടോസ്റ്റാറ്റ്, കാന്റീന്‍ എന്നിവയും സജ്ജീകരിക്കും.
രണ്ടാം നിലയില്‍ എഞ്ചീനിയറിങ്ങ് വിഭാഗം, ജനറല്‍ വിഭാഗം, ചെയര്‍മാന്‍, സ്ഥിരസമിതി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, സെക്രട്ടറി എന്നിവരുടെ ഓഫീസും മിനി കോണ്‍ഫറന്‍സ് ഹാളും സജ്ജീകരിക്കും. രണ്ടും മൂന്നും നിലകള്‍ ഉപയോഗിച്ച് അത്യാധുനിക കൗണ്‍സില്‍ ഹാളും നിര്‍മിക്കും. പൊതുജനങ്ങള്‍ക്ക് ഗ്യാലറിയിലിരുന്നും കൗണ്‍സില്‍ നടപടികള്‍ വീക്ഷിക്കാവുന്ന തരത്തിലാണ് കൗണ്‍സില്‍ ഹാള്‍ വിഭാവനം ചെയ്തിട്ടുള്ളത്. മൂന്നാം നിലയില്‍ പ്രത്യേകം കോണ്‍ഫറന്‍സ് ഹാളുമുണ്ട്.
എല്ലാ സെഷനുകളും ജനസൗഹൃദമാക്കാന്‍ ലോബി, ഇരിപ്പിടം കുടിവെള്ളം,  ഇലക്ട്രോണിക്ക് ടോക്കണ്‍ സിസ്റ്റം എന്നീ സൗകര്യങ്ങളുമൊരുക്കും. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ക്കിടെക് കമ്പനി എ.യു.എസ് കണ്‍സോര്‍ഷ്യം തയ്യാറാക്കിയ രൂപരേഖയനുസരിച്ച് അഞ്ചു കോടി രൂപ ചെലവിലാണ് ആധുനിക ഓഫീസ് നിര്‍മ്മിക്കുന്നത്. ആറു മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കും.
ഓഫീസ് സമുച്ചയ നിര്‍മ്മാണ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍ രാജ് അധ്യക്ഷയായി. സ്ഥിര സമിതി ചെയര്‍മാന്‍മാരായ പി ടി ശോഭന, പത്തത്ത് ആരിഫ്, എ.രതി, കിഴിശ്ശേരി മുസ്തഫ, കൗണ്‍സിലര്‍മാരായ അന്‍വര്‍ കളത്തില്‍, ഇ.പി അരുണ്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ ഉണ്ണികൃഷ്ണന്‍, വി.ബാബുരാജ്, കെ സുബ്രഹ്മണ്യന്‍, കെ ടി നാരായണന്‍,  സ്ഥിരസമിതി ചെയര്‍മാന്‍ കെ.സി മൊയ്തീന്‍ കുട്ടി, കൗണ്‍സിലര്‍ സുന്ദരന്‍, ചമയം ബാപ്പു തുടങ്ങിയവര്‍ പങ്കെടുത്തു.
 

date