Skip to main content

ഗാന്ധിജയന്തി വാരാഘോഷം : ഏഴിന് തെരുവ്  നാടകവും , 'മഹാത്മാവിനെ നേരില്‍ കാണാം'   പരിപാടിയും

 

ജൈവമാലിന്യ സംസ്‌കരണ സാമഗ്രികളുടെ പ്രദര്‍ശനത്തോടെ എട്ടിന്  സമാപനം

ഗാന്ധിജയന്തി വാരാഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ ഏഴിന് എക്സൈസ് വകുപ്പുമായി സഹകരിച്ച് ലഹരി വിമുക്ത സന്ദേശമടങ്ങിയ 'എനിക്ക് പറയാനുള്ളത്' തെരുവ് നാടകം അരങ്ങേറും. കണ്ണാടി കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 11 നാണ് പരിപാടി തുടങ്ങുക. തുടര്‍ന്ന് ശ ബരി ആശ്രമവുമായി സഹകരിച്ച് നടത്തുന്ന 'മഹാത്മാവിനെ നേരില്‍കാണാം' പരിപാടിയില്‍ മഹാത്മാ ഗാന്ധിയുമായി രൂപ സാദൃശ്യമുള്ള ഗാന്ധിയന്‍ ചാച്ചാ ശിവരാജന്‍ കുട്ടികളുമായി സംവദിക്കും. ഗാന്ധിജിയുടെ ലഹരി വിമുക്ത സന്ദേശങ്ങളാകും ഗാന്ധിയന്‍ ചാച്ചാ ശിവരാജന്‍ കുട്ടികളുമായി പങ്കിടുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗാന്ധിയുടെ രൂപത്തില്‍ യാത്രചെയ്യുകയും ജനങ്ങളുമായി നേരിട്ട് ഇടപഴകുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ചാച്ചാ ശിവരാജന്‍.

സമാപനം  ഒക്ടോബര്‍ എട്ടിന്

ഗാന്ധിജയന്തി വാരാഘോഷം സമാപനത്തോടനുബന്ധിച്ച് ശുചിത്വമാതൃക കോളനിയായി അംഗീകരിച്ച പാലക്കാട് ന്യൂ സിവില്‍ നഗര്‍ കോളനി ഓഡിറ്റോറിയത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍  ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, ഫെഡറേഷന്‍ ഓഫ് റസിഡന്റ് അസോസിയേഷന്‍ പാലക്കാട് (ഫ്രാപ്പ്) എന്നിവയുടെ സഹകരണത്തോടെ മുണ്ടൂര്‍ ഐ.ആര്‍.ടി.സി ഒക്ടോബര്‍ എട്ടിന് രാവിലെ 11 മുതല്‍  ജൈവമാലിന്യ സംസ്‌കരണ വസ്തുക്കളുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിക്കും. ഉച്ചക്ക് 2.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ ശാന്തകുമാരി സമാപനയോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പരിപാടിയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുകയും മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനും മികവു പുലര്‍ത്തുകയും ചെയ്ത ശ്രീകൃഷ്ണപുരം, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തുകളെയും ചിറ്റൂര്‍-തത്തമംഗലം, ചെര്‍പ്പുളശ്ശേരി നഗരസഭകളെയും ആദരിക്കും. തുടര്‍ന്ന് മാലിന്യ സംസ്‌കരണം പൊതു നിര്‍ദ്ദേശങ്ങള്‍ എന്ന വിഷയത്തില്‍ ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബെനില ബ്രൂണോ,എന്താണ് മാതൃകാ ശുചിത്വ കോളനി എന്ന വിഷയത്തില്‍ ഐ.ആര്‍.ടി.സി പ്രതിനിധി പ്രൊഫ ബി. എം മുസ്തഫ എന്നിവര്‍ സംസാരിക്കും. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബര്‍ നാലിന് ഗാന്ധി- ജീവിതവും ദര്‍ശനവും വിഷയത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും പരിപാടിയില്‍ നടക്കും.

date