Skip to main content

നെന്മാറ പോസ്റ്റോഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

 

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ആരംഭിച്ച നെന്മാറ പോസ്റ്റോഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു. കേന്ദ്ര വിദേശ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.രാജ്യത്ത്  ഒരു വര്‍ഷം ശരാശരി നല്‍കുന്ന ഒരു കോടി പാസ്‌പോര്‍ട്ടുകളില്‍ 10 ശതമാനവും എടുക്കുന്നത് ജനസംഖ്യയില്‍ മൂന്നു ശതമാനത്തില്‍ താഴെയുള്ള മലയാളികളാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളില്‍ 19 ലും ഇതോടെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ തുറക്കാനായതായി അദ്ദേഹം അറിയിച്ചു. രാജ്യത്ത് കൂടുതല്‍ ജനങ്ങളിലേക്ക് പാസ്‌പോര്‍ട്ട് എത്തിക്കുന്നതിന് അധികം യാത്ര ചെയ്യാന്‍ ഇടയാക്കാത്ത അവസ്ഥയുണ്ടാകണമെന്നും പോസ്റ്റോഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ ഈ ലക്ഷ്യം നിറവേറ്റുന്നതായും കേന്ദ്ര മന്ത്രി പറഞ്ഞു. പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷാ പ്രക്രിയ ലളിതവത്കരിച്ച് പാസ്‌പോര്‍ട്ട് സേവനം ജനസൗഹൃദമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രവാസികള്‍ക്ക് ആധാര്‍ എടുക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ ലോക്‌സഭാ മണ്ഡലത്തിലും ഒരു പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ഭാഗമായിട്ടാണ് തപാല്‍ വകുപ്പുമായി സഹകരിച്ച് നെന്മാറയില്‍ പോസ്റ്റോഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം തുറക്കുന്നത്.  രാജ്യത്തെ 425-ാമത് പോസ്റ്റോഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രമാണ് നെന്മാറയില്‍ ആരംഭിച്ചത്. പാലക്കാട് ജില്ലയിലെ രണ്ടാമതും കേരളത്തിലെ എട്ടാമതും ആരംഭിച്ച പാസ്റ്റോഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രമാണിത്. രമ്യ ഹരിദാസ് എം.പി അധ്യക്ഷയായി. കെ. ബാബു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാമകൃഷ്ണന്‍, കോഴിക്കോട് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ജിതേന്ദ്ര ഗുപ്ത, കൊച്ചി റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ ഭാനുലാലി എന്നിവര്‍ പങ്കെടുത്തു.

കുതിരാനിലെ നിര്‍മ്മാണ തടസ്സം: അടിയന്തിര നടപടിയെന്ന് കേന്ദ്രമന്ത്രി

കുതിരാനിലെ തുരങ്കപാതയുടെ നിര്‍മ്മാണ തടസ്സം പരിഹരിക്കുന്നതിന് അടിയന്തിര നടപടികളെടുക്കുമെന്ന് കേന്ദ്ര വിദേശ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി  വി. മുരളീധരന്‍ പറഞ്ഞു.
നിര്‍മ്മാണത്തില്‍ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്നും എവിടെയാണ് പ്രശ്‌നങ്ങളെന്നും കണ്ടെത്തി നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുമായി ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

date