ലൈഫ് മിഷൻ: ഫ്ലാറ്റ് സമുച്ഛയം നിർമിക്കുന്നതിനുള്ള സ്ഥലങ്ങൾ പരിശോധിച്ചു
കണ്ണൂർ ജില്ലയിൽ ലൈഫ് മിഷൻ മൂന്നാംഘട്ടമായ ഭൂരഹരിത ഭവനർഹരിതർക്ക് ഭവന സമുച്ഛയം നിർമിക്കുന്നതിനുള്ള ഭൂമിയുടെ സർവേ നടപടികൾക്ക് തുടക്കമായി. പയ്യന്നൂർ കോറോം, കണ്ണപുരം എന്നിവിടങ്ങളിൽ റവന്യൂ വകുപ്പ് വിട്ടു നൽകിയ സ്ഥലത്താണ് സർവേയും മണ്ണ് പരിശോധനയും നടത്തിയത്. സ്ഥലം ഭവന സമുച്ഛയത്തിന് അനുയോജ്യമാണോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണിത്.
ലൈഫ് മിഷൻ മൂന്നാംഘട്ടത്തിൽ ഫ്ലാറ്റ് സമുച്ഛയം നിർമ്മിക്കുന്നതിന് ജില്ലയിലെ 81 തദ്ദേശ ഭരണ സ്ഥാപനങ്ങളിലായി 8420 ഗുണഭോക്താക്കളെയാണ് കണ്ടെത്തിയിട്ടുളളത്. ഇവരുടെ അന്തിമ അർഹതാ പരിശോധന നടന്നുവരികയാണ്. ഒക്ടോബർ 15 ഓടെ പരിശോധന പൂർത്തിയാകും. ആദ്യപടിയായി ജില്ലയിൽ 6 ഇടങ്ങളിലാണ് ഫ്ലാറ്റ് സമുച്ചയം പണിയുന്നത്. ഇതിൽ ആദ്യത്തെ ഫ്ളാറ്റ് കടമ്പൂർ ഗ്രാമ പഞ്ചായത്ത് ലൈഫ് മിഷന് കൈമാറിയ സ്ഥലത്താണ് നിർമിക്കുന്നത്. ഇവിടെ ഫ്ലാറ്റ് നിർമ്മാണത്തിന് ടെന്റർ ക്ഷണിച്ചു കഴിഞ്ഞു. കോറോം, കണ്ണപുരം എന്നിവിടങ്ങൾക്കു പുറമെ, കുറുമാത്തൂർ, ചിറക്കൽ, ആന്തൂർ എന്നിവിടങ്ങളിലും ഫ്ലാറ്റ് സമുച്ഛയങ്ങൾ നിർമിക്കും.
കോറോത്ത് നടന്ന സ്ഥലപരിശോധനയിൽ പയ്യന്നൂർ മുനിസിപ്പൽ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ, വാർഡ് കൗൺസിലർ കടാങ്കോട്ട് രാഘവൻ, വാർഡ് വികസന സമിതി കൺവീനർ പി.വി വിജയൻ, ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ അനിൽ കെ എൻ, വില്ലേജ് ഓഫീസർ ബൈജു, പി എം സി പ്രതിനിധി കാശിനാഥ് തുടങ്ങിയവർ പങ്കെടുത്തു. കണ്ണപുരം ചുണ്ടയിൽ നടന്ന സ്ഥല പരിശോധനയിൽ പഞ്ചായത്ത്പ്രസിഡന്റ് കെ വി രാമകൃഷ്ണൻ, സെക്രട്ടറി എം കെ നാരായണൻ കുട്ടി, എം വി ബാലൻ, ടി കെ ശ്രീമതി, പി വി ദാമോദരൻ, ഒ വി വിജയൻ, കെ വി ഭാസ്കരൻ തുടങ്ങിയവർ സംബന്ധിച്ചു.
- Log in to post comments