Skip to main content

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ അടിയന്തരമായി നിയമനം നടത്തണം: ജില്ലാ ആസൂത്രണ സമിതി

ജില്ലയില്‍ ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയ ആശുപത്രികളില്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തരമായി നിയമനം നടത്തണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം. 21 എണ്ണത്തില്‍ മാത്രമാണ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ ഡോക്ടര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരെ നിയമിക്കാന്‍ ഫണ്ട് വകയിരുത്തിയിരുന്നത്. ഇതില്‍ 15 സ്ഥാപനങ്ങള്‍ ഇതിനോടകം നിയമനം നടത്തി. ആറ് സ്ഥാപനങ്ങളിലേക്കുള്ള നിയമന നടപടികള്‍ നടന്നുവരികയാണ്. ബാക്കിയുള്ള 28 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എത്രയും പെട്ടെന്ന് നിയമനം നടത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു.
നിയമനം നടത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ തുക വകയിരുത്താത്തത് ആര്‍ദ്രം പദ്ധതിയെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നും യോഗം വിലയിരുത്തി. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ഡോക്ടര്‍, ഒരു പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരെ നിയമിക്കണമെന്നതാണ് തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നുള്ള സര്‍ക്കുലര്‍.  
ശ്രീകണ്ഠാപുരം പി എച്ച് സിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പാരാമെഡിക്കല്‍ സ്റ്റാഫിനെ നിയമിക്കാന്‍ ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദേശിച്ചു. ആശുപത്രിയില്‍ സ്റ്റാഫിനെ നിയമിക്കാത്തതില്‍ ജനങ്ങള്‍ വലിയ പ്രതിഷേധത്തിലാണെന്ന് വിലയിരുത്തിയ യോഗം നിയമനം നടത്താന്‍ തയ്യാറാകാത്ത മുനിസിപ്പല്‍ സെക്രട്ടറിക്ക് നോട്ടീസ് അയക്കാനും തീരുമാനിച്ചു. ആശുപത്രിയില്‍ മൂന്ന് ഡോക്ടര്‍മാരുണ്ടെങ്കിലും പാരാമെഡിക്കല്‍ സ്റ്റാഫ് ഇല്ലാത്തതിനാല്‍ വൈകിട്ട് അഞ്ച് മണിവരെ ഒ പി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. നഗരസഭ കൗണ്‍സില്‍ തീരുമാനം എടുത്തിട്ടും നിയമനം നടത്താന്‍ സെക്രട്ടറി തയ്യാറാകുന്നില്ലെന്നും അനാവശ്യ തടസങ്ങളാണ് സെക്രട്ടറി ഉന്നയിക്കുന്നതെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ആസൂത്രണ സമിതി അംഗീകാരം നല്‍കി. ആസൂത്രണ സമിതി അംഗങ്ങളായ കെ പി ജയബാലന്‍, വി കെ സുരേഷ് ബാബു, ടി ടി റംല, പി ഗൗരി, പി ജാനകി, സുമിത്ര ഭാസ്‌കരന്‍, പി കെ ശ്യാമള, കെ വി ഗോവിന്ദന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date