ക്രാഫ്റ്റ് ബേക്കര്‍ കോഴ്സ് ആരംഭിച്ചു; ഷീ സ്‌കില്‍സ് പദ്ധതിക്ക് ജില്ലയില്‍ തുടക്കം
നാഷണല്‍ ട്രസ്റ്റ് എല്‍എല്‍സിയുടെയും അസാപ്പ് (അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) കോഴിക്കോടിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ക്രാഫ്റ്റ് ബേക്കര്‍ കോഴ്സിന്റെയും ജില്ലാതല ഷീ സ്‌കില്‍സ് പദ്ധതിയുടെയും ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു നിര്‍വഹിച്ചു. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ അമ്മമാര്‍ക്ക് കുട്ടികളെ നോക്കേണ്ട പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. അതിനാല്‍ ഇവര്‍ക്ക് തൊഴില്‍ സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അതിന്റെ തുടക്കമാണ് ഇത്തരം പരിശീലനമെന്നും കലക്ടര്‍ പറഞ്ഞു. പരിഹരിക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ പരമാവധി പരിഹരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള പഠനോപകരണ വിതരണ ഉദ്ഘാടനവും കലക്ടര്‍ നിര്‍വഹിച്ചു.
പത്താംക്ലാസ് പാസായ 15 വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും സ്്ത്രീകള്‍ക്കും പ്രത്യേക തൊഴില്‍ അധിഷ്ഠിത നൈപുണ്യ വികസന പരിശീലനം നടത്തുന്നതാണ് അസാപിന്റെ ഷീ സ്‌കില്‍സ് പദ്ധതി. പദ്ധതിയുടെ ഭാഗമായാണ് ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ അമ്മമാര്‍ക്കായി ക്രാഫ്റ്റ് ബേക്കര്‍ കോഴ്സ് സംഘടിപ്പിക്കുന്നത്. പരമാവധി 35 പേരടങ്ങുന്ന ഒരു ബാച്ചിന് 30 ദിവസങ്ങളിലായി 150 മണിക്കൂര്‍ പരിശീലനമാണ് നല്‍കുക. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ അമ്മമാര്‍ക്കായി ഇത്തരത്തില്‍ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ പരിശീലനം നല്‍കുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ഇവര്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും സംഘടനകള്‍ സഹായിക്കും.
നാഷണല്‍ ട്രസ്റ്റ് ജില്ലാതല സമിതി കണ്‍വീനര്‍ പി സിക്കന്തര്‍ അധ്യക്ഷത വഹിച്ചു. താമരശേരി പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയായ സബ്ജഡ്ജ് എ വി ഉണ്ണികൃഷ്ണന്‍, എല്‍എല്‍സി അംഗം ഡോ. പി ഡി ബെന്നി എന്നിവര്‍ സംസാരിച്ചു. അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ മേഴ്സി പ്രിയ സ്വാഗതവും ക്രാഫ്റ്റ് ബേക്കര്‍ കോഴ്സ് ലീഡര്‍ സി അയിഷ നന്ദിയും പറഞ്ഞു.
ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനം;
ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു
കേരള ലളിതകലാ അക്കാദമി 2019-2020 വര്‍ഷത്തെ ഫോട്ടോഗ്രാഫി - കാര്‍ട്ടൂണ്‍ ഏകാംഗ പ്രദര്‍ശന ഗ്രാന്റിനുള്ള അപേക്ഷ ക്ഷണിച്ചു. പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് 50,000 രൂപ വീതമാണ് ധനസഹായം നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം രചന കളുടെ 8'' X 6'' സൈസിലുള്ള പത്തു കളര്‍
ഫോട്ടോഗ്രാഫുകള്‍, ലഘു ജീവചരിത്രക്കുറിപ്പ്, പ്രദര്‍ശനം നടത്തുവാനുദ്ദേശിക്കുന്ന സ്ഥലം, ഗ്യാലറി എന്നിവയടങ്ങുന്ന വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി അപേക്ഷ നല്‍കണം. തെരഞ്ഞെടുക്കപ്പെട്ട കലാകാരന്‍മാര്‍ 2020 ആഗസ്റ്റ് 31 നകം അക്കാദമിയുടെ ഏതെങ്കിലും ഗ്യാലറിയിലാണ് പ്രദര്‍ശനം നടത്തേണ്ടത്. കേരളീയരോ, കേരളത്തില്‍ സ്ഥിരം താമസിക്കുന്നവരോ ആകണം അപേക്ഷകര്‍. അപേക്ഷകര്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഗ്രാന്റ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.
അപേക്ഷാ ഫോം അക്കാദമിയുടെ വെബ്‌സൈറ്റിലും (www.lalithkala.org) അക്കാദമി ഗ്യാലറികളിലും ലഭ്യമാണ്. തപാലില്‍ ആവശ്യമുള്ളവര്‍ സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍ - 20 എന്ന വിലാസത്തില്‍ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ സഹിതം അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷാ ഫോമും മറ്റു വിവരങ്ങളും നവംബര്‍ 11 ന് മുന്‍പായി കേരള ലളിതകലാ അക്കാദമിയുടെ തൃശൂരിലുള്ള മുഖ്യകാര്യാലയത്തില്‍ ലഭിക്കണം.
ക്ഷേമനിധി കുടിശ്ശിക ഒറ്റത്തവണതീര്‍പ്പാക്കല്‍ : കാലാവധി ഡിസംബര്‍ 31 വരെ
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പഴയ സ്‌കീം പ്രകാരം ക്ഷേമനിധി കുടിശ്ശിക വരുത്തിയിട്ടുള്ളതും, റവന്യു റിക്കവറിക്ക് അയച്ചിട്ടുള്ളതും അല്ലാത്തതുമായ കേസ്സുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം പലിശയും പിഴപ്പലിശയും ഒഴിവാക്കി കുടിശ്ശിക ഒടുക്കു വരുത്താനുള്ള കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
ഫയര്‍ ആന്റ് സെഫ്റ്റി കോഴ്‌സ് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവ.ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സെഫ്റ്റി (ആറ് മാസം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മിനിമം യോഗ്യത പത്താം ക്ലാസ്. താല്‍പര്യമുളളവര്‍ ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടുക. വിശദ വിവരങ്ങള്‍ക്ക് : 8301098705, 9400635455.
ജില്ലാതല കേരളത്സവം - ജില്ലാതല സംഘാടകസമിതി രൂപീകരണം
യുവജനങ്ങളുടെ സര്‍ഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിഭാശാലികളെ കണ്ടെത്തുന്നതിനുമായി കോഴിക്കോട് ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി നടത്തുന്ന കേരളോത്സവത്തിന്റെ പ്രാദേശികതല മത്സരങ്ങള്‍ നടന്നുവരികയാണ്. ജില്ലാ തല കേരളത്സവം 2019 ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച നടത്തുന്നതിനും സംഘാടകസമിതി രൂപീകരിക്കുന്നതിനുമായി ഒക്‌ടോബര്‍ 15 ന് രാവിലെ 11 മണിക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ യോഗം ചേരും.
കരാറടിസ്ഥാനത്തില്‍ നിയമനം
കോഴിക്കോട് വിമന്‍ & ചില്‍ഡ്രന്‍ ഹോമില്‍ (നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം) സോഷ്യല്‍ വര്‍ക്കര്‍/ കേസ് വര്‍ക്കര്‍ (എം.എസ്.ഡബ്യൂ, എം.എ സോഷ്യോളജി, എം.എസ്.സി സൈക്കോളജി), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (എം.എസ്.സി സൈക്കോളജി, എം.എസ്.ഡബ്യൂ) തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തെ ിയമനം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 18 ന് രാവിലെ 9.30 ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ബി ബ്ലോക്കില്‍ രണ്ടാം നിലയിലെ ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ എത്തണം. ഫോണ്‍- 9496386933.
താലൂക്ക് തല പരാതി പരിഹാര അദാലത്ത് 19 ന്
കോഴിക്കോട് താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഒക്‌ടോബര്‍ 19 ന് രാവിലെ 10 മണി മുതല്‍ കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സിഎംഡിആര്‍എഫ്-എല്‍ആര്‍എം കേസുകള്‍, റേഷന്‍കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സ്റ്റാറ്റിയൂട്ടറി ആയി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴിച്ചുളള പരാതികള്‍/അപേക്ഷകള്‍ എന്നിവ അദാലത്ത് തീയതിയില്‍ ജില്ലാ കലക്ടര്‍ക്ക് നേരിട്ട് സമര്‍പ്പിക്കാം.
- Log in to post comments