ഇനി ചായകുടിച്ച് വിശ്രമിക്കാം വര്‍ഷവാഹിനി ഉദ്യാനത്തില്‍ കുടുംബശ്രീ കിയോസ്‌ക് തുറന്നു
സിവില്‍ സ്‌റ്റേഷനിലെത്തുന്നവര്‍ക്ക് ചായകുടിച്ച് വിശ്രമിക്കാനായി കുടുംബശ്രീയുടെ ടീ ആന്‍ഡ് സ്‌നാക്‌സ് കിയോസ്‌ക് ഒരുങ്ങി. കലക്ടറേറ്റിനോട് ചേര്‍ന്നുള്ള വര്‍ഷവാഹിനി ഉദ്യാനത്തിലാണ് കിയോസ്‌ക് ഒരുക്കിയിരിക്കുന്നത്. ജില്ലാകലക്ടര്‍ ജാഫര്‍ മലിക് കിയോസ്‌ക് ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ ജില്ലാമിഷന്റെ സഹകരണത്തോടെയാണ് സംരംഭം ആരംഭിച്ചിട്ടുള്ളത്. മലപ്പുറം നഗരസഭയിലെ രണ്ട് കുടുംബശ്രീ അംഗങ്ങളാണ് സംരംഭത്തിന്റെ നടത്തിപ്പ് ചുമതല നിര്‍വഹിക്കുക. പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചു കൊണ്ടാണ് കിയോസ്‌ക് പ്രവര്‍ത്തിക്കുക. സിവില്‍ സ്‌റ്റേഷന്‍ ജീവനകാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന പൊതുജനങ്ങള്‍ക്കും ചായയും ലഘുഭക്ഷണവും വിതരണം ചെയ്യാവുന്ന രീതിയിലാണ് കിയോസ്‌ക് സ്ഥാപിച്ചിരിക്കുന്നത്.
വര്‍ഷവാഹിനി ഉദ്യാനം വൃത്തിയായി സംരക്ഷിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ മാറ്റിയെടുക്കുന്നതിനുമാണ് ഉദ്യാനത്തിന്റെ ചുമതല കലക്ടര്‍ കുടുംബശ്രീയെ ഏല്‍പ്പിച്ചത്. ഉദ്യാനം പരിപാലിക്കുന്നതോടൊപ്പം രണ്ട് വനിതകള്‍ക്ക് ഉപജീവനമാര്‍ഗമാവുക എന്നതാണ് ലക്ഷ്യം.
ഉദ്ഘാടന ചടങ്ങില്‍ അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി.കെ ഹേമലത, മലപ്പുറം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍, ജില്ലാപ്രോഗ്രം മാനേജര്‍ മൃദുല, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ അഭിജിത്ത് മാരാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments