Skip to main content

കര്‍ഷകര്‍ക്ക്  കൈത്താങ്ങായി വനിതാ ലേബര്‍ ബാങ്ക്

 

കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ്വും ഉ•േഷവും പകരാന്‍  മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജനയിലെ  വനിതാ ലേബര്‍ ബാങ്കുകളിലെ പ്രവര്‍ത്തകര്‍ രംഗത്ത്.  നിലമൊരുക്കല്‍ തുടങ്ങി വിളവെടുപ്പ് വരെയുളള എല്ലാ പ്രവൃത്തികള്‍ക്കും ലേബര്‍ ബാങ്കിനെ സമീപിക്കാം. പ്രദേശത്തിന്റെ പ്രത്യേകത അനുസരിച്ച് ഒരു ഏക്കര്‍ നടീലിനായി 4000 മുതല്‍ 5000 രൂപ വരെയാണ് ചെലവ്. 

ഉല്‍പാദനച്ചെലവിലുളള വര്‍ധനവും ഉല്‍പാദന ക്ഷമതയിലുളള കുറവും കാരണം കൃഷി ചെയ്യാന്‍ മടിച്ചു നില്‍ക്കുന്ന നെല്‍കര്‍ഷകര്‍ക്ക് കൈത്താങ്ങാകുകയാണ്  എം.കെ.എസ്.പി.  ഉല്‍പാദന ചെലവ്, കളശല്യം, കീടബാധ, പരിസര മലിനീകരണം എന്നിവ കുറച്ചുകൊണ്ടുവരുന്നതിനും എം.കെ.എസ്.പി. വഴി സാധ്യമാകുന്നു. പ്രദേശത്തിന് അനുയോജ്യമായ രീതിയിലുളള ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ നടീല്‍,  കള നീക്കം ചെയ്യല്‍, കൊയ്ത്ത് എന്നിവ ചെയ്തുകൊടുക്കുന്നതിനായി വനിതകള്‍ക്ക് പരിശീലനം  നല്‍കി കഴിഞ്ഞു. ചെളിപ്രദേശത്തേയ്ക്കായി   ' വാക് ബിഹൈന്റര്‍ ' പോലുളള നടീല്‍ യന്ത്രങ്ങള്‍ ലഭ്യമാണ്.   
നെല്‍കൃഷി കൂടാതെ പച്ചക്കറിക്കൃഷി, ജീവാണു വള നിര്‍മ്മാണം, ജൈവകീടനാശിനി നിര്‍മ്മാണം, തെങ്ങ്കയറ്റം, ഡ്രിപ്പ് ഇറിഗേഷന്‍, കിണര്‍ റീചാര്‍ജ്ജിങ്, ഹൈബ്രിഡ് തെങ്ങിന്‍തൈ ഉല്‍പാദനം, നീര ടെക്‌നോളജി, മൃഗപരിപാലനം തുടങ്ങി കാലഘട്ടത്തിനാവശ്യമായ മേഖലകളിലേയ്ക്കും തൊഴിലാളികളെ ലഭ്യമാക്കുന്നു. 
 
ജില്ലയില്‍ രണ്ടു ഫെഡറേഷനുകളായിട്ടാണ് എം.കെ.എസ്.പിയുടെ പ്രവര്‍ത്തനം. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കോ-ഓര്‍ഡിനേറ്റര്‍, അക്കൗണ്ടന്റ്,  എഞ്ചിനീയര്‍ എന്നിവര്‍ അടങ്ങുന്നതാണ് ഒരു ഫെഡറേഷനിലെ ജീവനക്കാര്‍.  ഓരോ ഫെഡറേഷനിലും ഗ്രാമപഞ്ചായത്ത് തലത്തിലുളള വനിതാ ലേബര്‍ബാങ്ക് പ്രസിഡന്റുമാര്‍ ചേര്‍ന്ന  ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമുണ്ട്.  
    
കര്‍ഷകര്‍ക്ക് തങ്ങളുടെ ജോലികള്‍ക്കാവശ്യമായ തൊഴിലാളികളെ ലഭിക്കുന്നതിന് ഫെഡറേഷനുമായി കരാര്‍ വെയ്ക്കാം. ഇതിനാവശ്യമായ തുക ഫെഡറേഷനില്‍ അടയ്ക്കണം. തൊഴിലാളിക്കുള്ള മാസവേതനം അവരുടെ അക്കൗണ്ടിലേയ്ക്ക് ഫെഡറേഷന്‍ നല്‍കും. മലപ്പുറം സൗത്ത് ഫെഡറേഷന്റെ ആസ്ഥാനം പെരിന്തല്‍മണ്ണയും, നോര്‍ത്തിന്റേത് മലപ്പുറത്തുമാണ്.  ബ്ലോക്ക് ഓഫീസ് കെട്ടിടത്തില്‍ തന്നെയാണ് ഫെഡറേഷന്റെ ഓഫീസും പ്രവര്‍ത്തിക്കുന്നത്.  പെരിന്തല്‍മണ്ണ, മങ്കട, കുറ്റിപ്പുറം, പെരുമ്പടപ്പ്, പൊന്നാനി, തിരൂര്‍, വണ്ടൂര്‍ എന്നീ ബ്ലോക്കുകള്‍ സൗത്ത് ഫെഡറേഷനിലും ബാക്കിയുളളവ നോര്‍ത്ത് ഫെഡറേഷനിലും ഉള്‍പ്പെടുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് - 9495711632(സൗത്ത് ഫെഡറേഷന്‍) 9495912422 (നോര്‍ത്ത്).   

date