Skip to main content

ശാസ്‌ത്രോത്സവം പൂർണമായും ഓൺലൈനാക്കി കൈറ്റ്

ഈ വർഷം മുതൽ പുതുക്കിയ മാന്വൽ അനുസരിച്ച് നടത്തുന്ന സ്‌കൂൾ ശാസ്‌ത്രോത്സവ നടത്തിപ്പിന് സബ് ജില്ലാതലം മുതൽ പൂർണമായും ഓൺലൈൻ സംവിധാനം കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഏർപ്പെടുത്തി. ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായുള്ള അഞ്ച് മേളകളുടെയും (ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേളകൾ) പ്രീ-ഫെയർ, ഫെയർ, പോസ്റ്റ് ഫെയർ എന്നിങ്ങനെയുള്ള പ്രധാന മൊഡ്യൂളുകൾ സംയോജിപ്പിച്ചാണ് 'സ്‌കൂൾ ശാസ്‌ത്രോത്സവം'  (www.schoolsasthrolsavam.in) പോർട്ടൽ തയ്യാറാക്കിയിരിക്കുന്നത്.
കൈറ്റ് തയ്യാറാക്കിയ സ്‌കൂൾ മാനേജ്‌മെന്റ് സോഫ്റ്റ്വെയർ ആയ 'സമ്പൂർണ'യിൽ നിന്നുള്ള കുട്ടികളുടെ വിവരങ്ങൾ ഈ വർഷം മുതൽ പോർട്ടലിൽ നേരിട്ട് ലഭ്യമാകും. അതിനാൽ കുട്ടിയുടെ അഡ്മിഷൻ നമ്പർ മാത്രം നൽകിയാൽ മറ്റു വിവരങ്ങൾ പ്രദർശിപ്പിക്കപ്പെടും. കൂടുതൽ ഡാറ്റാ എൻട്രിയും അതുവഴി പിശകുകൾക്കുള്ള സാധ്യതയും ഇതോടെ പൂർണമായും ഇല്ലാതാവും. പൂർണമായും പേപ്പർരഹിതമായ സംവിധാനത്തിലൂടെ രജിസ്‌ട്രേഷൻ സമയത്തുതന്നെ ഓരോ വിദ്യാർഥിക്കും പ്രത്യേക നമ്പർ ലഭിക്കും. വിധികർത്താക്കൾക്കും വിവിധ കമ്മിറ്റികൾക്കും ആവശ്യമായ കോൾ ഷീറ്റുകൾ, സ്‌കോർ ഷീറ്റുകൾ, ടാബുലേഷൻ ഷീറ്റുകൾ തുടങ്ങിയവ പോർട്ടൽ വഴി ലഭ്യമാകും. മത്സര സ്റ്റേജുകളുടെ നിർണയം, ഓരോ ഇനങ്ങളിലേയും മത്സരാർഥികളുടെ വിവരങ്ങൾ മുതൽ സ്ഥാനങ്ങൾ തയാറാക്കുന്ന  പ്രക്രിയയും സർട്ടിഫിക്കറ്റുകളുടെ പ്രിന്റിംഗും പൂർണമായും ഓട്ടോമേറ്റ് ചെയ്തിട്ടുണ്ട്.
ഈ വർഷം മുതൽ സബ്ജില്ലാതലം തൊട്ട് സ്‌കൂളുകളുടെ സ്ഥാനവും വിവിധ ഇനങ്ങളിലെ വിജയികളുടെ വിവരങ്ങളും ഉൾക്കൊള്ളുന്ന പൂർണമായ ഫലം പൊതുജനങ്ങൾക്കും അറിയാൻ കഴിയുന്നവിധം പോർട്ടലിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയർമാൻ & എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. അൻവർ സാദത്ത് അറിയിച്ചു.
ഈ വർഷം 11677 സ്‌കൂളുകളിൽ നിന്നുള്ള 367842 കുട്ടികളാണ് 163 സബ് ജില്ലകളിലെ ശാസ്‌ത്രോത്സവത്തിൽ പങ്കെടുക്കുന്നത്. പ്രൈമറി, ഹൈസ്‌കൂൾ, ഹയർസെക്കന്ററി തലങ്ങളിൽ പ്രത്യേകം പ്രത്യേകമായി അഞ്ചു മേളകൾക്കുമായി 283 ഇനങ്ങളിലെ മത്സരങ്ങളാണ് പുതിയ ശാസ്‌ത്രോത്സവ മാന്വൽ പ്രകാരം പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കൈറ്റ് ഓൺലൈനാക്കിയിട്ടുള്ളത്.
പി.എൻ.എക്‌സ്.3682/19

date