ചാലിയം കുടുംബാരോഗ്യ കേന്ദ്രം കെട്ടിട ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 25 ന് )
നവകേരള മിഷന്‍ ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച ചാലിയം കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 25 ന് ) ഉച്ചക്ക് 2.30 ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ചാലിയം സ്വദേശി ടി കെ എം കോയയുടെ സ്മരണാര്‍ത്ഥം ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോയ ആന്‍ഡ് കമ്പനി 1.25 കോടി രൂപ ചെലവഴിച്ചാണ് ആരോഗ്യ കേന്ദ്രത്തിനു കെട്ടിടം നിര്‍മ്മിച്ചു നല്‍കിയത്. ചടങ്ങില്‍ വി കെ സി മമ്മദ് കോയ എം എല്‍ എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യാതിഥിയായിരിക്കും. ടി കെ എം കോയ കമ്പനി എംഡി ടി.കെ സലീം വിശിഷ്ടാതിഥിയായിരിക്കും.
ആധുനിക ലൈബ്രറി, ജീവിത ശൈലി രോഗ നിയന്ത്രണ ക്ലിനിക്, കൗമാര ആരോഗ്യ കൗണ്‍സലിംഗ്, വയോജനങ്ങള്‍ക്കുളള പ്രത്യേക ക്ലിനിക് , കുത്തിവെപ്പ് കേന്ദ്രം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ ലിഫ്റ്റ്, ഓഡിറ്റോറിയം, വായനാമുറി, കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. സമ്പൂര്‍ണ കമ്പ്യൂട്ടര്‍ വല്‍ക്കരണം നടത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. തീരദേശ മേഖലയിലെ കുടുംബങ്ങള്‍ ആശ്രയിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം വികെസി മമ്മദ് കോയ എം എല്‍ എ യുടെ ഇടപെടലിനെ തുടര്‍ന്നാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. ദിവസവും മൂന്ന് ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാകും. നിലവില്‍ രണ്ട് മണി വരെ പ്രവര്‍ത്തിക്കുന്ന ഒ പി ഇനി മുതല്‍ വൈകിട്ട് ആറുമണി വരെ പ്രവര്‍ത്തിക്കുന്നതും തീരദേശ വാസികള്‍ക്ക് ആശ്വാസകരമാവും.
- Log in to post comments