ബാക്ക്യാര്‍ഡ് താറാവ് വളര്‍ത്തല്‍ പ്രോത്സാഹന പദ്ധതി; ജില്ലയില്‍ 5000 താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്യും
സംസ്ഥാനത്തെ താറാവ് കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കും തനത് ഇനങ്ങളെ സംരക്ഷിക്കുന്നതിനും മൃഗസംരക്ഷണ വകുപ്പ് വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് ബാക്ക്യാര്‍ഡ് താറാവ് വളര്‍ത്തല്‍ പദ്ധതി. 48.7 ലക്ഷം രൂപ ഇതിനായി സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ട്. പദ്ധതി പ്രകാരം നടപ്പാക്കുന്ന 4000 യൂണിറ്റുകളില്‍ കൂടി സംസ്ഥാനത്ത് 40,000 താറാവുകളെ വിതരണം ചെയ്യും.
ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി, തിരുവല്ല താലൂക്കുകളില്‍ 500 യൂണിറ്റുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ജി. അംബികാദേവി അറിയിച്ചു. ഒരു യൂണിറ്റില്‍ 51 - 60 ദിവസം പ്രായമുള്ള 10 താറാവ് കുഞ്ഞുങ്ങളെ വീതം വിതരണം നടത്തും. ഇതിലൂടെ കുട്ടനാട് മേഖലയിലും സമീപ പ്രദേശങ്ങളിലുമായി 5000 താറാവ് കുഞ്ഞുങ്ങളെ പത്തനംതിട്ട ജില്ലയില്‍ വിതരണം ചെയ്യും. താറാവ് വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ താറാവ് മുട്ട, ഇറച്ചി എന്നിവയുടെ ലഭ്യത ഉറപ്പാക്കുക, കുടുംബ വരുമാനം വര്‍ധിപ്പിക്കുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു.
- Log in to post comments