എസ്എന്‍പിള്ള ലെയിനിലെ വെള്ളക്കെട്ട് മാറ്റാന്‍ അടിയന്തിര നടപടി: ജില്ലാ കളക്ടര്‍
തിരുവല്ല - കാവുംഭാഗം മുത്തൂര്‍ റോഡില്‍ മന്നങ്കരചിറ എസ്എന്‍ പിള്ള ലെയിനിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി അടിയന്തിര നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന ആവശ്യവുമായി പ്രദേശവാസി നല്‍കിയ പരാതിയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തിര നടപടി സ്വീകരിക്കുന്നതിനായി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍, തിരുവല്ല നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍, സെക്രട്ടറി എസ്. ബിജു, റവന്യു, പൊതുമരാമത്ത് വകുപ്പ്, ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും സ്ഥിതി വിലയിരുത്തി പരിഹാര പദ്ധതി തയാറാക്കുകയും ചെയ്തു. ഇതിനു പുറമേ, തിരുവല്ല നഗരസഭ പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിന് ഘട്ടംഘട്ടമായി ദീര്‍ഘകാല പദ്ധതി നടപ്പാക്കുന്നതിനും തീരുമാനമായി.
തിരുവല്ല നഗരസഭ പ്രദേശത്ത് നിരവധി വലുതും ചെറുതുമായ ചാലുകളും തോടുകളുമുണ്ട്. വലിയ തോടുകള്‍ കണ്ടെത്തി പരിശോധിച്ച് മണ്ണും ചെളിയും നീക്കി ശുചീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. മന്നങ്കരചിറ എസ്എന്‍ പിള്ള റോഡിലെ വെള്ളക്കെട്ട് നാലോ, അഞ്ചോ ദിവസത്തിനുള്ളില്‍ പരിഹരിക്കുന്നതിനുള്ള നടപടിയാണ് അടിയന്തിരമായി സ്വീകരിച്ചിട്ടുള്ളത്. ഇതിനായി റോഡ് സൈഡില്‍ ജെസിബി ഉപയോഗിച്ച് ഓടകള്‍ നിര്‍മിച്ച് വെള്ളം ഒഴുക്കി വിടുന്നതിന് നടപടി തുടങ്ങി. ഇവിടെയുണ്ടായിരുന്ന ചാലുകളും തോടുകളും കൈയേറി വീടുകളും റോഡുകളും നിര്‍മിച്ചതു മൂലം വെള്ളം ഒഴുകി പോകുന്നതിന് സാധിക്കാതെ വന്നതാണ് വെള്ളക്കെട്ടിന് കാരണം. ഇതിനു പരിഹാരം കാണുന്നതിന് പരമാവധി ചാലുകള്‍ പുനസ്ഥാപിക്കണം. ചാലുകളും തോടുകളും കൈയേറപ്പെട്ടതാണെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടു.
വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് തിരുവല്ല നഗരസഭയിലെ ഒട്ടേറെ ചെറുതും വലുതുമായ തോടുകള്‍ പരിശോധിച്ച് മാലിന്യവും ചെളിയും നീക്കി ശുചീകരിക്കുന്നതിന് ദീര്‍ഘകാല പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി കോട്ടാത്തോട് പരിശോധിച്ചു. 300 മീറ്റര്‍ ദൂരമുള്ള തോട്ടില്‍ നിലവില്‍ നീരൊഴുക്കില്ല. ചാലുകളും തോടുകളും കൈയേറി ഇരുകരകളിലും നിറയെ വീടുകളും, കോണ്‍ക്രീറ്റ് റോഡുകളും നിര്‍മിച്ചിരിക്കുകയാണ്. മുന്‍പ് ഇവിടെയുണ്ടായിരുന്ന 33 കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും നല്‍കി പുനരധിവസിപ്പിച്ചിരുന്നതാണ്. എന്നാല്‍, ഇവര്‍ വീട് ഒഴിഞ്ഞു പോകാതിരിക്കുകയോ, വാടകയ്ക്കു നല്‍കുകയോ, വില്‍ക്കുകയോ, അനന്തരാവകാശികള്‍ക്ക് കൈമാറുകയോ ചെയ്തിട്ടുള്ളതാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ഈ 300 മീറ്റര്‍ ഭാഗം ശരിയാക്കി കഴിഞ്ഞാല്‍ ഇതിനു മുന്‍പായുള്ള 350 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന മൂന്നു കോളനികളില്‍ എല്ലാ വര്‍ഷവും തുടര്‍ച്ചയായി വെള്ളം കയറുന്നതിന് പരിഹാരം കാണാന്‍ കഴിയും. ഇതു ശുചീകരിക്കുന്നതിനുള്ള ബജറ്റ് ചെറുകിട ജലസേചന വകുപ്പ് തയാറാക്കിയിട്ടുണ്ട്. വരാല്‍തോട് പുനരുദ്ധരിക്കുന്നതിന് 21 ലക്ഷം രൂപ ചെറുകിട ജലസേചന വകുപ്പ് അനുവദിച്ചിട്ടുണ്ട്. കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം പൂര്‍ത്തിയാകാത്തതു കൊണ്ടാണ് നടക്കാതിരുന്നത്. ഇക്കാര്യം പരിശോധിച്ച് അര്‍ഹരായവരുണ്ടെങ്കില്‍ അവരെ പുനരധിവസിപ്പിച്ചു കൊണ്ട് കൈയേറ്റം പൂര്‍ണമായും ഒഴിപ്പിക്കുകയാണ് ദീര്‍ഘകാല പദ്ധതി. ഇക്കാര്യം പരിശോധിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.
തിരുവല്ല നഗരസഭയുമായി ബന്ധപ്പെട്ട എല്ലാ ചാലുകളുടെയും ശുചീകരണ ഡ്രൈവ് നടത്തും. ഭാവിയില്‍ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കുന്നതിന് നടപടി എടുക്കുന്നതിന് നഗരസഭയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാസ്റ്റര്‍ പ്ലാന്‍ പ്രകാരം നഗരസഭ ഒരു മാസത്തിനുള്ളില്‍ നടപടികള്‍ സ്വീകരിക്കാതെ വന്നാല്‍ ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ ഭരണകൂടം നടപടിയെടുക്കും. ചാലുകള്‍ നികത്തി മതിലു കെട്ടിയതും ഗേറ്റ് നിര്‍മിച്ചതും വീടുകളിലേക്ക് കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളതും ദുരന്തനിവാരണ നിയമപ്രകാരം നീക്കം ചെയ്യും. നടപടികള്‍ ഏകോപിപ്പിക്കുന്നതിനും ആക്ഷന്‍ പ്ലാന്‍ തയാറാക്കാനും തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയലിനെ ചുമതലപ്പെടുത്തിയതായും കളക്ടര്‍ പറഞ്ഞു.
- Log in to post comments