Skip to main content

'കനിവ്' 108 ആംബുലന്‍സുകള്‍ ഇനി വിളിപ്പുറത്ത്

വയനാടിന് അനുവദിച്ച 11 'കനിവ്' 108 ആംബുലന്‍സുകളില്‍ ചുരം കയറിയെത്തി. ഇവ ഇനിമുതല്‍ വിളിപ്പുറത്ത്. കലക്ടറേറ്റ് പരിസരത്ത് സി.കെ ശശീന്ദ്രന്‍ എംഎല്‍എ ഫഌഗ് ഓഫ് ചെയ്തു. ശേഷിക്കുന്ന മൂന്ന് ആംബുലന്‍സുകള്‍ ഉടന്‍ വയനാട്ടിലെത്തും. മാനന്തവാടി ജില്ലാ ആശുപത്രി, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രികള്‍, കല്‍പ്പറ്റ ജനറല്‍ ആശുപത്രി, മീനങ്ങാടി, മേപ്പാടി സി.എച്ച്.സികള്‍, അപ്പപ്പാറ, നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ആംബുലന്‍സുകള്‍ വിന്യസിച്ചിരിക്കുന്നത്. അപകടങ്ങളില്‍പ്പെടുന്നവരെ സൗജന്യമായി ഏറ്റവുമടുത്ത ആരോഗ്യകേന്ദ്രങ്ങളിലെത്തിക്കാന്‍ സജ്ജമായ ആംബുലന്‍സുകളാണ് നിരത്തിലിറങ്ങുന്നത്. അപകട സ്ഥലങ്ങളില്‍നിന്നും ആശുപത്രികളിലേക്കുള്ള സേവനമാണ് ലഭ്യമാവുക. 108 എന്ന നമ്പറിലൂടെയും ആന്‍ഡ്രോയ്ഡ് ആപ് വഴിയും സേവനം ലഭ്യമാവും. പ്രത്യേക സോഫ്റ്റ് വെയര്‍ വഴി കോള്‍ സെന്ററിലെ കംപ്യൂട്ടറിലേക്കാണ് കോളുകള്‍ എത്തുക. മോണിറ്ററില്‍ അപകടസ്ഥലം രേഖപ്പെടുത്തിയാല്‍ അതിനു തൊട്ടടുത്തുള്ള ആംബുലന്‍സ് തിരിച്ചറിയാനാകും. 30 മിനിറ്റിനകം സ്ഥലത്തെത്തുന്ന വിധത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഡ്രൈവറും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനും ആംബുലന്‍സിലുണ്ടാകും. അപകടത്തില്‍പ്പെട്ടവര്‍ക്കു മുന്‍കരുതല്‍ എടുക്കണമെങ്കില്‍, വിളിച്ചയാള്‍ക്ക് കോണ്‍ഫറന്‍സ് കോള്‍ മുഖേന ടെക്‌നീഷ്യനുമായി സംസാരിക്കാം. ടെക്നീഷ്യന്‍ പ്രാഥമിക പരിശോധനകള്‍ നടത്തി ഫോണിലൂടെ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് രോഗിക്ക് ഏതു തരത്തിലുള്ള ചികിത്സയാണു വേണ്ടതെന്നും ഏത് ആശുപത്രിയിലേക്കാണു കൊണ്ടുപോവേണ്ടതെന്നും സെന്ററില്‍ തീരുമാനിക്കാനാകും. സെന്ററിലെ ജീവനക്കാര്‍ക്കു സംശയമുണ്ടെങ്കില്‍ ടെലി കോണ്‍ഫറന്‍സ് വഴി ഡോക്ടറുടെ സഹായവും തേടാം.
ഡോക്ടറുടെ അഭിപ്രായമനുസരിച്ച് ഏത് ആശുപത്രിയിലാണു രോഗിയെ എത്തിക്കേണ്ടതെന്ന സന്ദേശം കൈമാറുന്നതിനൊപ്പം ആ ആശുപത്രിക്കു വിവരം നല്‍കാനുള്ള സംവിധാനവുമുണ്ട്. ആശുപത്രിയില്‍ വെന്റിലേറ്ററിന്റെയോ വിദഗ്ധ ഡോക്ടറുടെയോ അഭാവമുണ്ടായാല്‍ മറ്റൊരു ആശുപത്രിയുമായി ബന്ധപ്പെട്ട് സൗകര്യമൊരുക്കും. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ എം പാനല്‍ ചെയ്ത ആശുപത്രികളിലേക്കാണ് അപകടത്തില്‍പ്പെടുന്നവരെ കൊണ്ടുപോവുന്നത്. എം.എല്‍.എമാരായ ഒ.ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കളക്ടര്‍ എ.ആര്‍ അജയകുമാര്‍, സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍, ഡി.എം.ഒ ഡോ. ആര്‍ രേണുക, ഡി.പി.എം ഡോ. ബി അഭിലാഷ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date