Skip to main content

വട്ടപ്പാറ വളവ് നിവര്‍ത്തണം - ജില്ലാ വികസന സമിതി

ദേശീയപാതയിലെ അപകട മേഖലയായ വട്ടപ്പാറ വളവിലെ അപകടങ്ങള്‍ കുറക്കുന്നതിനായി വളവ് നിവര്‍ത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്നു ജില്ലാ  വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അപകടം കുറക്കുന്നതിനു സഹായകരമായ കഞ്ഞിപ്പുര - മൂടാല്‍ ബൈപ്പാസ് എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കണമെന്നും കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വട്ടപ്പാറയില്‍ അനുവദിച്ച ഫയര്‍ സ്റ്റേഷന്‍ നേരത്തെ സി.ഐ. ഓഫീസ് നിലനിന്നിരുന്ന കെട്ടിടത്തില്‍ താല്‍ക്കാലികമായി ആരംഭിക്കാന്‍ നടപടി വേഗത്തിലാക്കും.
മലപ്പുറം ഗവ.വനിതാ കോളജിന് അനുവദിച്ച ഭൂമിയിലെ സര്‍വ്വേ ഉടന്‍ പൂര്‍ത്തിയാക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു. വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി എസ്റ്റിമേറ്റ് എടുക്കുന്ന സമയത്ത് തന്നെ വൈദ്യുതീകരണം ഉള്‍പ്പെടെയുള്ള ചെലവുകള്‍ കൂടി എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നു യോഗം നിര്‍ദ്ദേശിച്ചു.
ജില്ലയിലെ മുഴുവന്‍ തെരുവ് വിളക്കുകളും അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി നവംബര്‍ 25 നകം പ്രവര്‍ത്തനക്ഷമമാണെന്ന്  ഉറപ്പുവരുത്തണം. ഏത് ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചവയാണെങ്കിലും വിളക്കുകള്‍ കത്തുന്നുവെന്നു ഉറപ്പാക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. 
ചേലേമ്പ്ര ഗ്രാമപഞ്ചായത്തില്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടന ദിവസം വൈദ്യുതി ബന്ധം വിച്ഛേദിക്കാനിടയായ സംഭവത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് വീഴ്ച പറ്റിയതായി യോഗം വിലയിരുത്തി. 
വൈകീട്ട് നാലിനും ആറിനും ഇടയില്‍ മലപ്പുറത്ത് നിന്ന്  പെരിന്തല്‍മണ്ണയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ടൗണ്‍ ടു ടൗണ്‍ സര്‍വീസുകള്‍ കൃത്യമായി നടക്കുന്നുണ്ടെന്നു ഉറപ്പു വരുത്താനും കരിപ്പൂര്‍ വിമാനത്താവളത്തെ ബന്ധിപ്പിച്ച് കൊണ്ടോട്ടി, കോഴിക്കോട്, മലപ്പുറം ടൗണുകളിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിക്കുന്നതിനെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
ജില്ലയില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന ജില്ലാ പ്ലാനിങ് ഓഫീസര്‍ വി.ജഗല്‍ കുമാര്‍, അസിസ്റ്റന്റ് പ്ലാനിങ് ഓഫീസര്‍ എന്‍.കെ.ശ്രീലത എന്നിവര്‍ക്ക് യോഗം യാത്രയയപ്പ് നല്‍കി.
ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സി.മമ്മുട്ടി, പി.കെ.ബഷീര്‍, അഡ്വ.എം. ഉമ്മര്‍, പി. ഉബൈദുള്ള, പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയുടെ പ്രതിനിധി സലീം കുരുവമ്പലം, പി.വി അന്‍വര്‍ എംഎല്‍എയുടെ പ്രതിനിധി സക്കറിയ, എ.ഡി.എം എന്‍.എം.മെഹറലി, നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ വാര്‍ക്കാഡ് യോഗേഷ് നീലഖണ്ഡ്, ഡെപ്യൂട്ടി കലക്ടര്‍മാരായ പി.എന്‍. പുരുഷോത്തമന്‍, ഒ.ഹംസ, ജില്ലാ പ്ലാനിങ് ഓഫീസര്‍ വി.ജഗല്‍കുമാര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍  പങ്കെടുത്തു.
 

date