അഖിലേന്ത്യാ സസ്യ ശാസ്ത്ര സമ്മേളനം കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ 42-ാമത് സമ്മേളനമെത്തുന്നത് 38 വര്‍ഷത്തിന് ശേഷം
ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള 42 മത് സസ്യ ശാസ്ത്ര സമ്മേളനത്തിന് 38 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കാലിക്കറ്റ് സര്‍വ്വകലാശാല ആതിഥ്യമരുളുന്നു. നവംബര്‍ ആറ് മുതല്‍ എട്ട് വരെ സര്‍വ്വകലാശാല ബൊട്ടാണിക്കല്‍ പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് സസ്യ ശാസ്ത്ര സമ്മേളനം. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ. അശ്വനി കുമാര്‍ അധ്യക്ഷനാകും. ഉദ്ഘാടന ചടങ്ങില്‍ ബൊട്ടാണിക്കല്‍ സൊസൈറ്റി സെക്രട്ടറി പ്രൊഫസര്‍ ശേഷു ലവാനിയ ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കും. എട്ടു
വിഷയങ്ങളിലായി സസ്യ ശാസ്ത്ര രംഗത്തെ നൂതന പ്രവണതകളെക്കുറിച്ച് 400 ലധികം പ്രബന്ധങ്ങള്‍ രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ നിന്നുള്ള അധ്യാപകരും ഗവേഷകരും ശാസ്ത്രജ്ഞരും അവതരിപ്പിക്കും. പ്രശസ്തരായ സസ്യ സ്ത്രജ്ഞന്‍മാരുടെ പേരിലുള്ള പ്രഭാഷണങ്ങളും ഉണ്ടാകും. വിവിധ മേഖലകളില്‍ നിന്നായി മികച്ച സസ്യ ശാസ്ത്ര ഗവേഷകര്‍ക്കുള്ള എട്ട് അവാര്‍ഡുകളും 50 വയസ്സില്‍ താഴെയുള്ള മികച്ച വനിത ഗവേഷകര്‍ക്കായുള്ള വുമണ്‍ സയന്റിസ്റ്റ് മെഡലും വറുമണ്‍ ബൊട്ടാണിസ്റ്റ് അവാര്‍ഡും ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച 2018 ലെ മികച്ച ലേഖനത്തിനുള്ള പ്രൊഫ. എസ്.സി ദീക്ഷിത് ക്യാഷ് അവാര്‍ഡും സമ്മേളനത്തില്‍ സമ്മാനിക്കും. ഇന്ത്യന്‍ സസ്യ ശാസ്ത്രത്തിന് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി ബോട്ടണി വിഭാഗം മുന്‍ മേധാവിയും സസ്യ ശാസ്ത്ര ഗവേഷണ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെയ്ക്കുകയും ചെയ്ത ഡോ കെ എസ് മണി ലാലിനെ ഈ വര്‍ഷത്തെ ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റിയുടെ എച്ച്.വൈ മോഹന്‍ റാം അവാര്‍ഡ് നല്‍കി ആദരിക്കും. സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും. 1981 ലാണ് മൂന്നാമത് അഖിലേന്ത്യാ സസ്യ ശാസ്ത്ര സമ്മേളനം കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ നടന്നത്. ഇതിന് ശേഷം 38 വര്‍ഷം പിന്നിട്ടിട്ടാണ് സസ്യ ശാസ്ത്ര സമ്മേളനത്തിന് കാലിക്കറ്റ് സര്‍വ്വകലാശാല ആതിഥേയത്വം വഹിക്കുന്നത്. സമ്മേളന വിജയത്തിനായി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ രക്ഷാധികാരിയായും പ്രൊഫ. വിവി രാധാകൃഷ്ണന്‍ കണ്‍വീനറായും പ്രൊഫ. സന്തോഷ് നമ്പി സെക്രട്ടറിയായും വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.
- Log in to post comments