Skip to main content

മതേരതത്വം കാത്തു സൂക്ഷിക്കാന്‍ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തണം- മന്ത്രി ഡോ. കെ.ടി ജലീല്‍

മതേതരത്വം കാത്തുസൂക്ഷിക്കുന്നതില്‍ പൊതുവിദ്യാലയങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും അതുകൊണ്ടു തന്നെ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. കോട്ടയ്ക്കല്‍ ജി.യു.പി സ്‌കൂളില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 
കുട്ടികള്‍ ചിന്തിച്ചു തുടങ്ങുന്നത് വിദ്യാലയാനുഭവങ്ങളില്‍ നിന്നാണ്. വിവിധ ജാതി മതങ്ങളില്‍പ്പെട്ടവരുമായി ഇടകലര്‍ന്നു കുട്ടികള്‍ വളരണം. വര്‍ഗീയ, തീവ്രവാദ ചിന്തകള്‍ സമൂഹത്തില്‍ നിന്നും തുടച്ചു നീക്കാന്‍ ഇത് അനിവാര്യമാണ്. പൊതുവിദ്യാലയങ്ങളില്‍ മാത്രമേ ഇത്തരം ഇടപെടലുകള്‍ ഉണ്ടാകൂ എന്ന് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. സംസ്ഥാന ചരിത്രത്തില്‍ ഒരു കാലത്തും കാണാത്ത രീതിയിലാണ് ഇന്ന് പൊതുവിദ്യാലയങ്ങള്‍ വളര്‍ന്നു കൊണ്ടിരിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ചെലവഴിക്കുന്ന ഭീമമായ സംഖ്യയും നാടിന്റെ മതേതരത്വവും താരതമ്യം ചെയ്യുമ്പോള്‍ മതേതരത്വത്തിന്റെ തട്ടാണ് എന്നും ഉയര്‍ന്നു നില്‍ക്കുക. അത് കൊണ്ടാണ് സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പൊതുവിദ്യാലയങ്ങള്‍ക്കായി സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 2.5 കോടി രൂപ ഉപയോഗിച്ചാണ് സ്‌കൂളില്‍ 24 മുറികളുള്ള മൂന്നു നില കെട്ടിടം നിര്‍മിക്കുന്നത്.
ചടങ്ങില്‍ പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോട്ടയ്ക്കല്‍ നഗരസഭ വികസന സ്ഥിസമിതി ചെയര്‍മാന്‍ പി. ഉസ്മാന്‍ കുട്ടി, വിദ്യാഭ്യാസ സ്ഥിരസമിതി ചെയര്‍മാന്‍ സാജിദ് മങ്ങാട്ടില്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ.ചന്ദ്രിക, ജിനി, എം. കമലാക്ഷി, മലപ്പുറം എ.ഇ.ഒ ഹസീന നാനാക്കല്‍, ബി.പി.ഒ ടോമി മാത്യു, ടി കബീര്‍ മാസ്റ്റര്‍, എം.കെ ജയകുമാര്‍, പ്രദീപ് വെങ്ങാലില്‍, ഹരിദാസന്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി കെ.പി ചന്ദ്രിക, സ്‌കൂള്‍ ലീഡര്‍ കെ.എം ഫാത്തിമ സജ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ കെ.പി ഇസ്മായില്‍ സ്വാഗതവും പി.ടി.എ പ്രസിഡന്റ് അന്‍വര്‍ മണ്ടായപ്പുറം നന്ദിയും പറഞ്ഞു.
 

date