റവന്യൂ ഉദ്യോഗസ്ഥര്‍ നിര്‍മ്മിക്കുന്ന തൂക്കു പാലത്തിന്റെ പ്രവൃത്തിയില്‍ പങ്കെടുത്ത് കലക്ടറും സംഘവും
നിലമ്പൂര്‍ പോത്തുകല്‍ മുണ്ടേരിയില്‍ ആദിവാസി കോളനിയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നിര്‍മ്മിക്കുന്ന തൂക്കു പാലത്തിന്റെ പ്രവൃത്തിയില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലികും സംഘവും പങ്കാളികളായി. പ്രളയം മൂലം ഒറ്റപ്പെട്ട ആദിവാസി കോളനികളിലേക്ക് പോകാനാണ് ചാലിയാറിന് കുറുകെ തൂക്കുപാലം നിര്‍മ്മിക്കുന്നത്. ഇരുട്ടുകുത്തി, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി, വാണിയംപുഴ കോളനിക്കാര്‍ക്കാണ് റവന്യു വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ പാലമൊരുങ്ങുന്നത്. അവധി ദിനമായ ഇന്നലെയാണ് ശ്രമദാനത്തിനായി കലക്ടറും സംഘവും കോളനിയില്‍ എത്തിയത്. റവന്യൂ ജീവനക്കാര്‍ സ്വരൂപിച്ച പണം ഉപയോഗിച്ചാണ് ഇവിടെ തൂക്കുപാലം നിര്‍മ്മിക്കുന്നത്. നിര്‍മാണപ്രവൃത്തി വ്യാഴാഴ്ച ആരംഭിച്ചിരുന്നു. ഓഗസ്റ്റില്‍ ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കോളനിയിലേക്കുള്ള ഏക ആശ്രയമായ പാലം തകര്‍ന്നിരുന്നു. ഇതോടെ കരയിലേക്കുള്ള കോളനി വാസികളുടെ സഞ്ചാരമാര്‍ഗം ഇല്ലാതായി. മുള ഉപയോഗിച്ചുണ്ടാക്കിയ ചങ്ങാടത്തിലാണ് അത്യാവശ്യത്തിന് നാട്ടിലെത്തുന്നത്. പുതിയ പാലം നിര്‍മ്മിക്കാന്‍ എട്ടു മാസം സമയമെടുക്കും എന്നതിനാലാണ് തൂക്കുപാലം എന്ന ആശയവുമായി റവന്യൂ ജീവനക്കാര്‍ മുന്നോട്ടുവന്നത്. മെറ്റല്‍ റോപ്പുകളും മുളയും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന തൂക്കുപാലത്തിന് ഏകദേശം ആറ് ലക്ഷം രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പണി പൂര്‍ത്തീകരിച്ചു നവംബര്‍ ഒന്നിന് പാലം കോളനിക്കാര്‍ക്ക് സമര്‍പ്പിക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് കലക്ടറും സംഘവും.
എ.ഡി.എം. എന്‍. എം. മെഹ്‌റലി, ഡെപ്യൂട്ടി കലക്ടര്‍മാരായ പി. എന്‍. പുരുഷോത്തമന്‍, ഡോ. ജെ. ഒ. അരുണ്‍, നിലമ്പൂര്‍ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്ര ബോസ്, ഭൂരേഖ തഹസില്‍ദാര്‍ സി. വി മുരളിധരന്‍, എന്നിവരോടൊപ്പം മലപ്പുറം കളക്ടറേറ്റ്, നിലമ്പൂര്‍ താലൂക്ക് ഓഫീസ്, പോത്തുകല്‍ വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നായി എഴുപതോളം പേര്‍ സേവനത്തില്‍ പങ്കാളികളായി.
- Log in to post comments