തട്ടേക്കണ്ണി :നോട്ടീസ് നടപടി നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ വികസന സമിതി വനം വകുപ്പിനോട് ആവശ്യപ്പെട്ടു
സര്‍ക്കാര്‍ പദ്ധതികളുടെ ഗുണം എങ്ങനെ ജനങ്ങള്‍ക്ക് ലഭ്യമാക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടതെന്നും മറിച്ചുള്ള ചിന്ത ആശാസ്യമല്ലെന്നും എസ്. രാജേന്ദ്രന്‍ എംഎല്‍എ ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിലെ തട്ടേക്കണ്ണിയില്‍, വനം ജണ്ടയ്ക്ക് വെളിയില്‍ താമസിക്കുന്നവര്‍ക്ക് ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ നോട്ടീസ് നല്‍കിയത് പുതിയതായി ഉണ്ടായ എന്ത് സംഭവികാസത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വനം വകുപ്പ് വിശദീകരിക്കണമെന്നും എംഎല്‍എ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. നോട്ടീസിലെ നടപടി നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ വികസന സമിതി വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കി. സ്‌കെച്ച് പരിശോധിച്ച് നിജസ്ഥിതി ബോധ്യപ്പെട്ടശേഷമേ നിയമ നടപടി സ്വീകരിക്കാവൂ എന്ന് അദ്ധ്യക്ഷന്‍ കഴിഞ്ഞ വികസന സമിതിയില്‍ നിര്‍ദ്ദേശിച്ചിരുന്നു. 12 പേര്‍ക്കാണ് നോട്ടീസ് നല്‍കിയതെന്നും തുടര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും വനം വകുപ്പ് യോഗത്തെ അറിയിച്ചു. സ്ഥലം നഗരംപാറ ഫോറസ്റ്റ് റിസര്‍വ്വില്‍ ഉള്‍പ്പെട്ടതും കെ.എസ്.ഇ.ബിക്ക് 1983ല്‍ ലോവര്‍ പെരിയാര്‍ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിനായി ലീസ് വ്യവസ്ഥയില്‍ നല്‍കിയ 127 ഹെക്ടര്‍ സ്ഥലത്തിനോട് ചേര്‍ന്ന് കിടക്കുന്ന റിസര്‍വ്വും ആണ്. ഈ സ്ഥലം നിലവില്‍ ഡിസ്-റിസര്‍വ്വ് ചെയ്യാത്തതും റിസര്‍വ്വ് സ്റ്റാറ്റസ് നിലനില്‍ക്കുന്നതുമാണ്. പ്രദേശത്ത് എട്ട് ജണ്ടകള്‍ 1980കളില്‍ വെസ്റ്റേണ്‍ ഗട്ട് ഡെവലപ്‌മെന്റ് പ്രോജക്ട് നടപ്പാക്കിയതിന്റെ ഭാഗമായി നിര്‍മ്മിച്ചിട്ടുള്ളതും ഇത് വന റിസര്‍വ്വിന്റെ അതിര്‍ത്തി അല്ലാത്തതുമാണ്. വെസ്റ്റേണ്‍ ഗട്ട് ഡെവലപ്‌മെന്റ് പ്രോജക്ടില്‍ 60 ശതമാനത്തില്‍ അധികം ചരിവുള്ള സ്ഥലങ്ങളിലെ മണ്ണൊലിപ്പ് തടയുന്നതിന്റെ ഭാഗമായി വിവിധ പ്രവൃത്തികള്‍ നടത്തുന്നതിനായി മാര്‍ക്ക് ചെയ്തിട്ടുള്ള സ്ഥലങ്ങളില്‍ നിര്‍മ്മിച്ച ജണ്ടകളാണ്. പ്രദേശത്ത് 1977ന് മുമ്പും ശേഷവും വനം കയ്യേറിയവരുണ്ട്. സ്ഥലത്തിന്റെ താലൂക്ക്തല സര്‍വ്വെ സ്‌കെച്ച് പരിശോധിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ വസ്തുത വ്യക്തമാകുകയുള്ളൂ. നിലവില്‍ നോട്ടീസ് നല്‍കിയവര്‍ യാതൊരു നിയമനടപടികളും സ്വീകരിച്ചിട്ടില്ലായെന്നും വനം വകുപ്പ് അറിയിച്ചു.
കുളമാവ്-കോട്ടമല റോഡില്‍ പകല്‍ സമയത്ത് പരീക്ഷണാടിസ്ഥാനത്തില്‍ മൂന്നു മാസത്തേക്ക് ചെറുവാഹനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിലെടുത്ത തീരുമാനത്തിന് വിരുദ്ധമായി വനം വകുപ്പെടുത്ത തീരുമാനം പുനപരിശോധിക്കണമെന്നും വികസന സമിതി ഡിഎഫ്ഒയോട് ആവശ്യപ്പെട്ടു. ദേവികുളം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് ദേവികുളത്തേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു. തൊടുപുഴ ഉപ്പുകുന്ന് റോഡ് അറ്റകുറ്റ പണി ആരംഭിച്ചെന്നും പൂര്‍ണ്ണമായും ഗതാഗത യോഗ്യമാക്കുന്നതിന് 3കോടി രൂപയുടെ പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. ഉപ്പുകുന്ന് ചെറുതോണി ചേലച്ചുവട് കഞ്ഞിക്കുഴി തൊടുപുഴ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് അഞ്ച് മണിക്ക് കളക്ട്രേറ്റില്‍ വന്നു പോകുന്ന വിധത്തില്‍ ക്രമീകരിച്ച് സര്‍വ്വീസ് നടത്തിവരുന്നതായി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജിന് മുന്നില്‍ ബസ് നിര്‍ത്തുന്നതിന് തീരുമാനമായി. തങ്കമണി ബസ്സറ്റാന്റില്‍ ബസ് പ്രവേശിക്കുന്നതിന് നടപടി സ്വീകരിച്ചതായും ഡിറ്റിഒ അറിയിച്ചു.
മറയൂര്‍ അങ്കണവാടിയിലെ കുട്ടികളുടേയും ജിവനക്കാരുടേയും ഭക്ഷ്യോല്‍പ്പന്ന വിതരണത്തിന്റേയും കൃത്യമായ കണക്ക് ഉടന്‍ സമര്‍പ്പിക്കാന്‍ എസ്. രാജേന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 19 ന് ചേര്‍ന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടേയും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടേയും യോഗത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ വിവിധ യൂണിറ്റ്കളായി തിരിച്ച് ജനങ്ങള്‍ക്ക് മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നണ്ടെന്ന് ഡിഎംഒ വികസന സമിതിയെ അറിയിച്ചു. എസ് സി കോര്‍പ്പസ് ഫണ്ടില്‍ നിന്ന് പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള പിഎസ് സി കോച്ചിങ് സെന്‍ര്‍ ആരംഭിക്കുന്നതിന് ഫണ്ട് കണ്ടെത്താന്‍ കഴിയുമോയെന്ന് ഐറ്റിഡിപി പ്രൊജക്റ്റ് ഓഫീസറോട് യോഗം ആരാഞ്ഞു. എംഎല്‍എയെ അറിയിക്കാതെ ഇടമലക്കുടിയില്‍ ജീപ്പ് സര്‍വ്വീസ് ആരംഭിച്ച വനം, ട്രൈബല്‍ വകുപ്പുകളുടെ നടപടിയില്‍ എംഎല്‍എ അതൃപ്തി അറിയിച്ചു. ഇടമലക്കുടിയിലേക്കുള്ള റോഡ് മണ്ണ് നീക്കി ഗതാഗത യോഗ്യമാക്കിയിട്ടുണ്ടെന്ന് മൂന്നാര്‍ ഡിഎഫ്ഒ പറഞ്ഞു. മറയൂര്‍ ശര്‍ക്കര സൊസൈറ്റി ഫയലുകള്‍ തരംതിരിച്ച് രേഖയുണ്ടാക്കി മറയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയെ ഏല്‍പ്പിച്ച് രസീത് വാങ്ങുന്നത് യോഗത്തില്‍ വിശദീകരിക്കാന്‍ വകുപ്പിന് കഴിയാതെ വന്നത് വിമര്‍ശനത്തിന് ഇടയാക്കി. അര്‍ഹരായവര്‍ക്ക് ആനുകൂല്യം ലഭിക്കാതെയും ഒരേ ആനുകൂല്യം ഒന്നില്‍ കൂടുതല്‍ തവണ ഒരാള്‍ക്ക് ലഭിക്കുന്ന സ്ഥിതി ഉണ്ടാകരുതെന്നും എംഎല്‍എ നിര്‍ദ്ദേശിച്ചു. മറയൂര്‍ പഞ്ചായത്തില്‍ കരിമ്പിന്‍ തോട്ടം നികത്തിയത് തടയാതിരുന്ന കൃഷി ഓഫീസര്‍ക്കെതിരെയും പഞ്ചായത്ത് സെക്രട്ടറിയ്‌ക്കെതിരെയും നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യണം. മറയൂര്‍ ഹൈസ്‌കൂളില്‍ ഭീഷണിയായി നില്‍ക്കുന്ന കെട്ടിടം ഒരാഴ്ചയ്ക്കുള്ളില്‍ പൊളിച്ചു നീക്കാനും എസ്. രാജേന്ദ്രന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു.
ഭൂവിനിയോഗം സംബന്ധിച്ച് മന്ത്രിയുടെ സാന്നിദ്ധ്യത്തിലെ യോഗത്തില്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി അടുത്ത വികസന സമിതി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ ആവശ്യപ്പെട്ടു. പട്ടയമില്ലാത്ത ഭൂമിയില്‍ കരമടയ്ക്കുമ്പോള്‍ പേര് ചേര്‍ക്കാനുണ്ടായിരുന്ന സൗകര്യം 2007 മുതല്‍ ഇല്ലെന്നും അനന്തരവകാശി പുതിയ വീട് പണിയുമ്പോള്‍ മാത്രമേ പേരിലാക്കികിട്ടുകയുള്ളുവെന്നും റവന്യു അധികൃതര്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എയ്ക്ക് മറുപടി നല്‍കി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുതുതായി സര്‍ക്കാരിറക്കിയ പുതിയ കെട്ടിട നിര്‍മ്മാണ ഉത്തരവുകള്‍ 1964 ലെ ഭൂമി പതിവ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ പുനപരിശോധിക്കണമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ വികസന സമിതിയില്‍ പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഡീന്‍ കുര്യാക്കോസ് എംപിയുടെ പ്രതിനിധി എംഡി അര്‍ജുനന്‍ പ്രമേയത്തെ പിന്താങ്ങി.
ജില്ലാ ഓഫീസര്‍മാര്‍ വികസന സമിതി യോഗത്തിന് ഹാജരാകാതിരിക്കുന്നത് ഗൗരവമായി കാണുമെന്ന് അദ്ധ്യക്ഷന്‍ ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ മുന്നറിയിപ്പ് നല്‍കി. കാമാക്ഷി പഞ്ചായത്തിലെ ഉദയഗിരി-പനമൂട് ജംഗ്ഷന്‍ റോഡുള്‍പ്പെടെയുള്ള സ്ഥലത്തിന് പട്ടയം നല്‍കിയത് റദ്ദാക്കി റോഡ് തിരിച്ചെടുക്കാന്‍ നടപടിയുണ്ടാകണമെന്ന് ഗ്രമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അഗസ്റ്റിന്‍ സ്രാമ്പിക്കല്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
ലൈഫ് മിഷന്‍ മാനദണ്ഡങ്ങള്‍ പ്രകാരം ഗുണഭോക്തൃ പട്ടിക അംഗീകരിച്ച റേഷന്‍ കാര്‍ഡാണ് ആനുകൂല്യത്തിനായി പരിഗണിക്കാന്‍ കഴിയുകയുള്ളു. അതിനുശേഷം റേഷന്‍ കാര്‍ഡ് വിഭജിച്ച് പുതിയ കുടുംബമായവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ സര്‍ക്കാര്‍ അനുമതി ആവശ്യമാണെന്നും എംപിയുടെ പ്രതിനിധിയ്ക്ക് ലൈഫ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മറുപടി നല്‍കി. എസ് സി, എസ് റ്റി വിഭാഗങ്ങള്‍ക്ക് ഇതില്‍ സര്‍ക്കാരിളവ് നല്‍കിയിട്ടുണ്ട്. 2018ലെ കാലവര്‍ഷക്കെടുതിയില്‍ 36888 കര്‍ഷകര്‍ക്ക് 11579.45 ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശം ഉണ്ടാകുകയും 65,26,62,950 രൂപയുടെ കൃഷിനാശം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. കൃഷിനാശം ഉണ്ടായ 36888 കര്‍ഷകര്‍ക്ക് 14,47,72,717 രൂപ സ്റ്റേറ്റ് ഷെയര്‍ ആയും 10,01,97,001 രൂപ റവന്യൂ ഫണ്ടായും വിതരണം ചെയ്തിട്ടുണ്ട്. അപേക്ഷിച്ച എല്ലാ കര്‍ഷകര്‍ക്കും സഹായധനം വിതരണം ചെയ്തു.
2019ലെ കാലവര്‍ഷക്കെടുതിയില്‍ 7209 കര്‍ഷകര്‍ക്ക് 1668.6046 ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശം ഉണ്ടാകുകയും 27,91,85,850 രൂപയുടെ നഷ്ടം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ദുരിതാശ്വാസ ധനസഹായ വിതരണത്തിനുള്ള സ്മാര്‍ട്ട് സോഫ്റ്റ് വെയറില്‍ തുക വിതരണത്തിനുള്ള നടപടികള്‍ ചെയ്തുവരുന്നതായി പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ അറിയിച്ചു.
തോപ്രാംകുടി ലത്തീന്‍പള്ളി വാത്തിക്കുടി റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് എല്‍എസ്ജിഡി നടപടി സ്വീകരിക്കണമെന്ന് വികസന സമിതി നിര്‍ദ്ദേശിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.കെ.ഷീല നേതൃത്വം നല്‍കി. ജില്ലാ തല ഉദ്യോഗസ്ഥര്‍, ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
- Log in to post comments