Skip to main content
ഹരിതചട്ടം പാലിച്ച് വിവാഹിതരായ കാര്‍ത്തിക-ഹരികൃഷ്ണ ദമ്പതികള്‍ക്ക്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മംഗളപത്രം നല്‍കുന്നു.

നാടിന് മാതൃകയായി ഹരികൃഷ്ണയുടേയും കാര്‍ത്തികയുടേയും  ഹരിതവിവാഹം

ധൂര്‍ത്തിനൊപ്പം പ്രകൃതിയെ വേദനിപ്പിക്കുന്ന പ്രവണതകള്‍ വിവാഹ ചടങ്ങുകളില്‍ ഏറി വരുമ്പോള്‍ അവയ്ക്ക് മാതൃകയായി ഒരു ഹരിതവിവാഹം. പ്രകൃതിയെ ചൂഷണം ചെയ്യാതെ പ്രകൃതിക്ക് ദോഷം വരാത്ത രീതിയില്‍ ലളിതമായ വിവാഹമായിരുന്നു ഇവരുടേത്. നാടന്‍ പൂക്കള്‍ ഉപയോഗിച്ചുള്ള ലളിതമായ അലങ്കാരങ്ങള്‍ കാര്‍ത്തികയുടേയും ഹരികൃഷ്ണയുടേയും വിവാഹത്തിന് കൂടുതല്‍ മാറ്റു നല്‍കി. കമാനം മുതല്‍ സദ്യാലയം വരെ ഹരിതാഭം. സ്വാഗത പാനീയങ്ങള്‍ നല്‍കാന്‍ കുപ്പി ഗ്ലാസ്. സദ്യയ്ക്ക് വാഴയിലയും സ്റ്റീല്‍ ഗ്ലാസ്സും. ഉപഹാരങ്ങളുമായി എത്തുന്നവരുടെ കയ്യില്‍ നിന്നും പ്ലാസ്റ്റിക്ക് കവറുകള്‍ ശേഖരിക്കുവാനായി പ്രത്യേക ബോക്‌സുകള്‍ സജ്ജമാക്കിയിരുന്നു. ശേഷം ഇവ ശേഖരിച്ച് റീസൈക്ലിംഗിനായി ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.

വാഴമുട്ടം ഈസ്റ്റ് കാര്‍ത്തിക ഭവനില്‍ ബാലചന്ദ്രന്റേയും മായാദേവിയുടേയും മകള്‍ കാര്‍ത്തികയും വാഴമുട്ടം ഈസ്റ്റ് ചള്ളംവേലില്‍ വീട്ടില്‍ മധുസൂദനന്‍ കര്‍ത്തായുടേയും പുഷ്പയുടേയും മകന്‍ ഹരികൃഷ്ണയുടേയും വിവാഹമാണ് പ്രകൃതിക്ക് ദോഷം വരാത്ത രീതിയില്‍ മാലിന്യത്തിന്റെ അളവ് കുറച്ച് ഹരിത ചട്ടം പാലിച്ച് നടത്തിയത്. സാധാരണ വിവാഹ ചടങ്ങുകളില്‍ കാണുന്ന ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക്, ഡിസ്‌പോസിബിള്‍ ഗ്ലാസ്സുകള്‍, പ്ലേറ്റുകള്‍, കപ്പുകള്‍, കുപ്പി വെള്ളം എന്നിവ പൂര്‍ണമായും ഒഴിവാക്കിയായിരുന്നു വിവാഹം നടത്തിയത്. സ്റ്റേജില്‍ പൂക്കള്‍ വച്ച് അലങ്കരിക്കാന്‍ സാധാരണ ഉപയോഗിക്കുന്ന കെമിക്കല്‍ ഒഴിവാക്കി വാഴപ്പിണ്ടിയാണ് ഉപയോഗിച്ചത്. സ്റ്റേജിലും മറ്റുമുള്ള അലങ്കാരങ്ങള്‍ക്ക് പ്രകൃതി സൗഹൃദ വസ്തുക്കളാണ് ഉപയോഗിച്ചത്. പ്ലാസ്റ്റിക് റാപ്പര്‍ ഒഴിവാക്കുന്നതിനായി വിവാഹാനന്തരം നല്‍കുന്ന മിഠായി പോലും ഒഴിവാക്കി. വധൂവരന്‍മാരുടെ വീടുകളിലും ഹരിതചട്ടം പാലിച്ചാണ് പാര്‍ട്ടികള്‍ ഒരുക്കിയിരുന്നത്.

തന്റെ മകളുടെ വിവാഹം ഇത്തരത്തില്‍ ഹരിത മംഗല്യമായി നടത്തണമെന്ന് മായാദേവി ഹരിതകേരളം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയത്. വരന്റെ വീട്ടുകാരും പൂര്‍ണ സമ്മതം അറിയിച്ചു. പ്രകൃതിക്ക് സുരക്ഷിതമാകുന്ന രീതിയില്‍ മാലിന്യത്തിന്റെ അളവ് കുറച്ച് ഹരിതാഭമായ വിവാഹച്ചടങ്ങ് ഒരുക്കിയ ദമ്പതികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ ഒപ്പിട്ട ജില്ലാ ഭരണകൂടത്തിന്റെ മംഗളപത്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി സമ്മാനിച്ചു. കൂടാതെ ഹരിതാഭമായ ഒരു വിവാഹ ജീവിതം ആശംസിക്കുകയും ചെയ്തു. പങ്കെടുത്തവരെല്ലാം ഒരേ മനസ്സോടെ മാതൃകാപരമായ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു.                

date