പ്രൊബേഷന്‍ സമ്പ്രദായം കാര്യക്ഷമമാക്കുന്നതിന് കൂട്ടുത്തരവാദിത്വം - അഡീഷണല്‍ ജില്ലാ ജഡ്ജ്
പ്രൊബേഷന്‍ സമ്പ്രദായം കാര്യക്ഷമമാക്കുന്നതിന് നീതിന്യായ സംവിധാനത്തിലെ ഓരോ വിഭാഗത്തിനും കൂട്ടുത്തരവാദിത്വമുണ്ടെന്ന് പത്തനംതിട്ട അഡീഷണല്‍ ജില്ലാ ജഡ്ജ് സാനു എസ് പണിക്കര്‍ പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷന്‍ ഓഫീസും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിയും ചേര്‍ന്ന് ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് പരിശീലന ഹാളില്‍ സംഘടിപ്പിച്ച പ്രൊബേഷന്‍ സേവനങ്ങളും - നേര്‍വഴി പദ്ധതിയുമെന്ന ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്സ് ആക്റ്റ് 1958 ആണ് ഇന്ത്യയില്‍ നിലവിലുള്ള പ്രൊബേഷന്‍ നിയമം. കുറ്റവാളിയായി കണ്ടെത്തിയ ആളുടെ ശിക്ഷ ഉപാധികളോടെ ഒഴിവാക്കി ജയിലിലേക്ക് അയയ്ക്കാതെ പ്രൊബേഷന്‍ ഓഫീസറുടെ നിരീക്ഷണത്തിന് വിധേയമാക്കുവാന്‍ കോടതിക്ക് അധികാരം നല്കുന്ന നിയമമാണിത്. കുറ്റകൃത്യത്തിന്റെ പ്രകൃതം, കുറ്റവാളിയുടെ പ്രായം, മുന്‍കാല ചരിത്രം, കുടുംബ -സാമൂഹ്യ- സാഹചര്യം, പുരോഗമന സാധ്യത എന്നിവ പ്രൊബേഷന്‍ ഓഫീസറില്‍ നിന്ന് കോടതിക്ക് തേടാം. എല്ലാത്തരം കുറ്റവാളികളും ജയിലിലെത്തുന്നത് കുറ്റവാളിക്കോ, സമൂഹത്തിനോ ഗുണകരമായിരിക്കില്ല എന്ന ആശയത്തിലധിഷ്ഠിതമായ ബദല്‍ സംവിധാനമാണിതെന്നും 18-21 വയസ് പ്രായമുള്ള യുവ കുറ്റവാളികളെ പ്രൊബേഷന്‍ പരിഗണിക്കാതെ ശിക്ഷയ്ക്ക് വിധേയമാക്കുന്നത് നിയമത്തിലൂടെ നിയന്ത്രിച്ചിട്ടുണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എ.ഒ അബീന്, അഡ്വ.ടി. എസ് രാധാകൃഷ്ണന് നായര്‍ എന്നിവര്‍ ക്ലാസുകള്‍ നടത്തി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോരിട്ടി സെക്രട്ടറിയും സബ് ജഡ്ജിയുമായ ജി.ആര് ബില്കുല്, അഡീഷണല്‍ ജില്ലാ പോലീസ് സൂപ്രണ്ട് എസ്.ശിവപ്രസാദ്, പ്രൊബേഷന്‍ അസിസ്റ്റന്റ് എന്‍ അനുപമ, അഭിഭാഷകര്‍, പ്രോസിക്യൂട്ടര്‍മാര്‍, പോലീസുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments