Skip to main content

ഹരിത സൗഹൃദ നവകേരളനിര്‍മാണത്തിനായി സൈക്കിള്‍ യജ്ഞം

 

കേരളപ്പിറവിയുടെ അറുപത്തിമൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 63 ദിന സൈക്കിള്‍ യജ്ഞവുമായി കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡ്.  ജില്ലാ ഹയര്‍ സെക്കണ്ടറി എന്‍.എസ്.എസ്, ഗ്രീന്‍ കെയര്‍ മിഷന്‍ ഗ്രാന്‍ഡ് സൈക്കിള്‍ ചലഞ്ച് എന്നിവരുടെ സഹകരണത്തോടെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതിയാണ് കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡ്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും സന്നദ്ധരായ, കോഴിക്കോട് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒക്ടോബര്‍ 31 ന് രാവിലെ 8.30 ന് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാള്‍ പരിസരത്ത് സൈക്കിള്‍ യജ്ഞത്തിന് തുടക്കമാവും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ സാംബശിവറാവു, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും. നവകേരളം ഹരിത കേരളം എന്ന മുദ്രവാക്യമുയര്‍ത്തി 2019 ഒക്ടോബര്‍ 31 മുതല്‍ 2020 ജനുവരി 1 വരെ നടത്തുന്ന 63 ദിന സൈക്കിള്‍ യജ്ഞത്തിന് ജില്ലാ ഹരിതകേരള മിഷന്‍, ആസ്റ്റര്‍ വളണ്ടിയര്‍മാര്‍ തുടങ്ങിയവരുടെ സഹകരണവുമുണ്ട്.

 

സിറ്റി ക്ലസ്റ്റര്‍ ഹയര്‍ സെക്കന്ററി എന്‍.എസ്.എസ് ഒരുക്കുന്ന പ്രതീകാത്മക സൈക്കിള്‍ കേരളം, എ.കെ.പി.എ കോഴിക്കോട് നോര്‍ത്ത് മേഖലയിലെ 63 ഫോട്ടോ ആക്ടിവിസ്റ്റുകളുടെ വണ്‍ ക്ലിക്ക് ഫോട്ടോ ഷൂട്ട്, കൊച്ചിന്‍ ബേക്കറി ഒരുക്കുന്ന ഭീമന്‍ പിറന്നാള്‍ കേക്ക്, ജെ.സി.ഐ സോണല്‍ 21 ന്റെ ഗോ ഗ്രീന്‍ ട്രീ ചലഞ്ച് തുടങ്ങിയ വേറിട്ട ചടങ്ങുകളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.  ദുരന്തനിവാരണ പരിശീലന പരിപാടികള്‍, ഹരിത കേരളം, ഉത്തരവാദിത്ത ടൂറിസം, ആരോഗ്യ കേരളം തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളുടെ പ്രചാരണ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടത്തും.  സൈക്കിള്‍ ഒരു സ്വപ്നമായി കൊണ്ട് നടക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ സൗജന്യമായി സൈക്കിളുകള്‍ നല്‍കല്‍, പുനരുപയോഗത്തിന് സാധ്യമായ പഴയ സൈക്കിളുകള്‍ ശേഖരിച്ച് റിപ്പയര്‍ ചെയ്ത് നല്‍കല്‍, സൈക്കിള്‍ ടൂറുകള്‍, വിവിധ മത്സരങ്ങള്‍, തുടങ്ങിയവയും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കും. 139 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ 13900 എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ പരിപാടിയില്‍ പങ്കാളികളാവും.

 

 

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

 

 

 

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധിയില്ല.  ഇലക്‌ട്രോണിക്‌സ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്ക്, ലാപ്‌ടോപ് റിപെയര്‍, ഐ.ഒ.റ്റി, സിസിറ്റിവി ക്യാമറ ആന്റ് മൊബൈല്‍ ടെക്‌നോളജി എന്നീ മേഖലയില്‍ ആയിരിക്കും പരിശീലനം. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍  അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 31. വിശദ വിവരങ്ങള്‍ക്ക് :0471-2325154/4016555. വിലാസം  കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം.  

 

 

 

കെല്‍ട്രോണില്‍ ലോജിസ്റ്റിക്‌സ്& സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സ്

 

 

 

കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് & സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കാം.  ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ടണ്‍ അവസാന തീയതി നവംബര്‍ 30. വിശദവിവരങ്ങള്‍ക്ക് :0471-2325154/4016555. വിലാസം - കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ്‌റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം.  

 

 

 

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകള്‍

 

 

 

കെല്‍ട്രോണിന്റെ തിരുവനന്തപുരത്തുള്ള വഴുതക്കാട് നോളജ് സെന്ററിലേക്ക് എസ്.എസ്.എല്‍.സി/പ്ലസ് ടു/ഐടിഐ/വിഎച്ച്എസ്ഇ/ഡിഗ്രി/ഡിപ്ലോമ പാസ്സായ വരില്‍ നിന്നും വിവിധ ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക്ക് ഡിസൈനിംഗ്, ആനിമേഷന്‍, മള്‍ട്ടീമീഡിയ എന്നീ മേഖലകളിലെ വമ്പിച്ച അവസരങ്ങള്‍ കണക്കിലെടുത്താണ് പ്രാഗത്ഭ്യം തെളിയിച്ച അദ്ധ്യാപകരുടെ ഒരു കൂട്ടായ്മയില്‍ കോഴ്‌സുകള്‍  നടത്തുന്നത്.  

 

 ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകളായ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയ ഡിസൈനിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫിലീം മെക്കിംഗ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മെക്കിംഗ്, ഡിപ്ലോമ ഇന്‍ ത്രീഡി ആനിമേഷന്‍ വിത്ത് സ്‌പെഷ്യലൈഷേന്‍ ഇന്‍ ഡൈനാമിക്‌സ് ആന്‍ഡ് വിഎഫ്എക്‌സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് വെബ് ഡിസൈന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈന്‍ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. വിശദവിവരങ്ങള്‍ക്ക്:  0471 2325154 / 0471 4016555.    

 

 

 

 

സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ പൊതുപ്രവേശനം 

 

 

 

 

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ രണ്ടാംപാദ പ്രവേശനം നവംബര്‍ രണ്ടിന് ആരംഭിക്കും.  കമ്പ്യൂട്ടര്‍ ടീച്ചര്‍ ട്രെയിനിങ്ങ് (സിടിടി), ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, സോളാര്‍ ടെക്‌നീഷ്യന്‍, റഫ്രിജറേഷന്‍ & എയര്‍ കണ്ടീഷനിങ്ങ്, ഹാര്‍ഡ്‌വെയര്‍ & നെറ്റ്‌വര്‍ക്കിങ്ങ് ടെക്‌നീഷ്യന്‍ എന്നീ കോഴ്‌സുകളിലാണ് പ്രവേശനം നല്‍കുന്നത്. സി.ടി.ടി ക്ക് പ്ലസ്ടുവും മറ്റ് കോഴ്‌സുകള്‍ക്ക് 10 ാം തരവുമാണ് യോഗ്യത. നവംബര്‍ രണ്ട് മുതല്‍ എട്ട് വരെ പ്രവേശനം തുടരും.   ഫോണ്‍: 0495 2370026.

 

 

 

 

ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം : യോഗം 5 ന്

 

 

 

 

വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുളള ധനസഹായം 'പടവുകള്‍' പദ്ധതി പ്രകാരം ലഭ്യമായ അപേക്ഷകള്‍ അംഗീകരിക്കുന്നതിനായി ജില്ലാ കലക്ടര്‍ അധ്യക്ഷനായുളള കമ്മിറ്റിയുടെ യോഗം നവംബര്‍ അഞ്ചിന് നടത്തും. വൈകീട്ട് നാല് മണിക്ക്  സബ് കലക്ടര്‍ പ്രിയങ്ക ജി യുടെ അധ്യക്ഷതയില്‍ സിവില്‍ സ്റ്റേഷനിലെ സബ് കലക്ടറുടെ ചേമ്പറിലാണ് യോഗം നടത്തുകയെന്ന് ജില്ലാ വനിത ശിശു വികസന ഓഫീസര്‍ അറിയിച്ചു. 

 

 

 

ഐ.ടി.ഐ : അപേക്ഷ ക്ഷണിച്ചു

 

 

 

 

കോഴിക്കോട് ഐ.ടി.ഐ ഐഎംസി സൊസൈറ്റിയും ടെക് ലോജിക്‌സും (Techlogix) സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സിസിടിവി, അഡ്വാന്‍സ്ഡ് റോബോറ്റിക് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത എസ്എസ്എല്‍സി, പ്ലസ് ടു. താല്‍പര്യമുളളവര്‍ ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0495 2377016. 

 

 

 

ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി :  അപേക്ഷ ക്ഷണിച്ചു

 

 

 

കോഴിക്കോട് ഗവ.ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി (ആറ് മാസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മിനിമം യോഗ്യത (പത്താം ക്ലാസ്സ്) താല്‍പര്യമുളളവര്‍ ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ - 8301098705, 9400635455. 

 

   

 

ഭൂമി ലേലം

 

 

 

താമരശ്ശേരി താലൂക്കില്‍ കൊടുവളളി വില്ലേജില്‍ പറമ്പത്ത്കാവ് ദേശത്ത് റി.സ. 9/1 ല്‍പ്പെട്ട 5.62 ആര്‍സ് ഭൂമി അതിലെ ചമയങ്ങളും ഉള്‍പ്പെടെ താമരശ്ശേരി തഹസില്‍ദാര്‍ നവംബര്‍ 29 ന് 11 മണിക്ക് കൊടുവളളി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

 

 

 

 

ക്ഷീര കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

 

 

 

തൂണേരി ബ്ലോക്കിലെ എടച്ചേരി ഗ്രാമപഞ്ചായത്തില്‍ ഈ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ ക്ഷീരവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയ്ക്ക്  പഞ്ചായത്തിലെ ക്ഷീര കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പശു യൂണിറ്റ് പദ്ധതികള്‍, ക്ഷീര കര്‍ഷകര്‍ക്ക് ആവശ്യാധിഷ്ഠിത ധനസഹായം, കറവയന്ത്രം, ശാസ്ത്രീയമായ കാലിതൊഴുത്ത് നിര്‍മ്മാണം, ധാതുലവണ മിശ്രിതം, പാരിസ്ഥിതിക ആഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് വേണ്ടിയുളള എന്നിവയ്ക്കുളള ധനസഹായം എന്നിവ അടങ്ങിയ 50 ലക്ഷം രൂപയുടെ  പദ്ധതികളാണ് അനുവദിച്ചിരിക്കുന്നത്. പദ്ധതിയുടെ പൂരിപ്പിച്ച അപേക്ഷ നവംബര്‍ 9, 10 തീയ്യതികളില്‍ അഞ്ച് മണിക്കകം തൂണേരി ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ക്കും വിശദ വിവരങ്ങള്‍ക്കും തൂണേരി ബ്ലോക്ക് തല ക്ഷീര വികസനം യൂണിറ്റുമായോ എടച്ചേരി പഞ്ചായത്തിലെ ക്ഷീരസംഘങ്ങളുമായോ ബന്ധപ്പെടാം. ഫോണ്‍ 0495 2371254. സംസ്ഥാനത്ത് തെരഞ്ഞെടുത്ത പത്ത് പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ക്ഷീരഗ്രാമം.

date