Skip to main content

സ്ത്രീകള്‍ക്ക് നീതി ലഭിക്കാന്‍ നിയമങ്ങള്‍ പൊളിച്ചെഴുതണം: വനിതാ കമ്മീഷന്‍

സ്ത്രീകള്‍ക്ക് നീതി ലഭിക്കാന്‍ നിയമങ്ങള്‍ പൊളിച്ചെഴുതണം: വനിതാ കമ്മീഷന്‍

കാക്കനാട്: വാളയാറില്‍ ദലിത് സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ആഴത്തിലും പരപ്പിലുമുള്ള പുനരന്വേഷണം ആവശ്യമാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍. കേസന്വേഷണത്തിലോ പ്രോസിക്യൂഷന്റെ ഭാഗത്തോ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കണം. പോക്‌സോ കേസുകളില്‍ ഇടപെടാന്‍ വനിതാ കമ്മീഷന് പരിമിതികളുണ്ട്. വാളയാര്‍ കേസില്‍ ഇടപെടാന്‍ വനിതാകമ്മീഷന് നിയമപരമായ തടസ്സങ്ങളുണ്ട്. എന്നാല്‍ വാളയാര്‍ സംഭവത്തില്‍ കമ്മീഷന് അതീവ ആശങ്കയുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു. പോക്‌സോ നിയമത്തെക്കുറിച്ച് സമൂഹത്തില്‍ ബോധവത്കരണം നടത്തുകയാണ് കമ്മീഷന്‍ ചെയ്യുന്നത്. വാളയാര്‍ സംഭവത്തിന് ശേഷം വനിതാ കമ്മീഷന്‍അംഗം അവിടെ എത്തുകയും കുട്ടികളുടെ അമ്മയെ കാണുകയും ചെയ്തിരുന്നു.   കാക്കനാട് നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍.
    കുട്ടികള്‍ ഇരകളാകുന്ന കേസുകളില്‍ ഇടപെടാന്‍ ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിക്കും ഉത്തരവാദിത്വമുണ്ട്. കുട്ടികളെപ്രതി കമ്മീഷന് ആശങ്കയുണ്ട്. എടപ്പാള്‍ പീഡനക്കേസില്‍  കമ്മീഷന്‍ ഇടപെട്ടത് കേസില്‍ കുട്ടിയുടെ അമ്മയ്ക്കും പങ്കുണ്ടായ സാഹചര്യത്തിലാണ്. രാജ്യത്തെ തെളിവ്, ക്രിമിനല്‍ നിയമങ്ങളില്‍ പൊഴിച്ചെഴുത്ത് ആവശ്യമാണ്. തെളിവ് നിയമത്തിന്റെ ആനുകൂല്യത്തില്‍ പ്രതികള്‍ വിട്ടയയ്ക്കപ്പെടുന്ന സാഹചര്യം മാറണമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യവ്യാപകമായി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ വിധി പറയുന്നത് പതിനെട്ട് ശതമാനം കേസുകളില്‍ മാത്രമാണെന്നത് നിയമത്തിന്റെ ദൗര്‍ബല്യമാണ് കാണിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
    കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ 91 കേസുകള്‍ പരിഗണിച്ചതില്‍ 33 കേസുകളില്‍ കമ്മീഷന്‍ തീര്‍പ്പ് കല്‍പ്പിച്ചു. 54 പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. നാല് പരാതികള്‍ വിവിധ വകുപ്പുകളില്‍ റിപ്പോര്‍ട്ടുകള്‍ക്കായി അയയ്ച്ചു. അച്ഛനും അമ്മയും ഉപേക്ഷിച്ച് പോയ പെണ്‍കുട്ടിയെ സംരക്ഷിക്കുന്ന രോഗിയായ അമ്മൂമ്മയ്ക്കും പേരക്കുട്ടിയ്ക്കും സംരക്ഷണം ഒരുക്കുന്നതിനായി കമ്മീഷന്‍ നടപടി സ്വീകരിക്കും. ഭാര്യയ്ക്ക് വണ്ണം കൂടതലാണെന്ന കാരണത്താല്‍ വിവാഹ മോചനം ആവശ്യപ്പെട്ട കേസിൽ ഇരുവരെയും മെഡിക്കല്‍ കൗണ്‍സിലിംഗിന് നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബൂത്ത് ലെവല്‍ ഓഫീസറായ സ്ത്രീയോട് മോശമായി പെരുമാറിയ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധിക്കെതിരെ കമ്മീഷന്റെ പരാതില്‍ കേസ്സെടുത്തു.
    കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ മറച്ച് വയ്ക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കുന്ന കാര്യം കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കുട്ടികളുടെ ഭാവിയെക്കരുതി കുറ്റകൃത്യങ്ങള്‍ മറച്ച് വയ്ക്കുന്ന പ്രവണത മാറണമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. മെഗാഅദാലത്തില്‍ കമ്മീഷനംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടര്‍ വി.യു കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.

date