നവീകരിച്ച ടാക്സി സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തു
പെരിന്തല്‍മണ്ണ നഗരസഭയുടെ രജത ജൂബിലി മിഷന് പദ്ധതിയിലുള്‍പ്പെടുത്തി നവീകരിച്ച ടാക്സി സ്റ്റാന്‍ഡ് തുറന്ന് കൊടുത്തു. ടാക്സി സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് എം.മുഹമ്മദ് സലീം നിര്‍വ്വഹിച്ചു. പെരിന്തല്‍മണ്ണ നഗര കേന്ദ്രത്തില്‍ ആധുനിക രീതിയിലാണ് ടാക്സി സ്റ്റാന്‍ഡ് നവീകരിച്ചത്.
പട്ടണത്തില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള അഞ്ചു സെന്റ് സ്ഥലത്താണ് കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായിരുന്ന ടാക്സി സ്റ്റാന്‍ഡ് പ്രവര്‍ത്തിച്ചിരുന്നത്. തുടര്‍ന്ന് ആധുനിക രീതിയില്‍ പുതുക്കിപ്പണിയുന്നതിനായി രജത ജൂബിലി പദ്ധതി പ്രകാരം ഡി.പി.ആര് തയ്യാറാക്കി. പുതിയ ഡി.പി.ആര് പ്രകാരം ടാക്സി സ്റ്റാന്‍ഡ് കൂടാതെ പുരുഷന്മാര്ക്കും വനിതകള്‍ക്കുമുളള ടോയ്ലെറ്റ്, മുലയൂട്ടല്‍ റൂം, സിക്ക് റൂം, ടീ-സ്നാക്സ് കോര്‍ണര്‍, റീഡിങ് റൂം, വിശ്രമകേന്ദ്രം എന്നിവയും നിര്‍മാണ പുരോഗതിയിലാണ്. ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ടാക്സി സ്റ്റാന്‍ഡ് കം വനിതാ വിശ്രമകേന്ദ്രത്തിന് 65 ലക്ഷം ഹഡ്കോയുടെ സി.എസ്.ആര് ഫണ്ടുകൂടി ചേര്‍ത്താണ് ഉപയോഗിക്കുന്നത്. വനിതാ വിശ്രമകേന്ദ്രത്തിന്റെയും, ടോയ്ലറ്റ് ബ്ലോക്കുകളുടെയും മറ്റും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 20 നകം പൂര്‍ത്തിയാവുന്നതോടെ അവ പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാക്കും.
സ്ഥിരസമിതി ചെയര്മാന് പി.ടി.ശോഭന അധ്യക്ഷയായ ചടങ്ങില്‍ കൗണ്‍സിലര്‍മാരായ താമരത്ത് ഉസ്മാന്, ഉസ്മാന് തെക്കത്ത്, മരാമത്ത് സ്ഥിര സമിതി ചെയര്‍പേഴ്സണ്‍ എ.രതി ടാക്സി സംഘടനാ പ്രതിനിധി കെ.അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments