Skip to main content

സൈറണ്‍ മുഴക്കി ജില്ലയില്‍ 18 ആംബുലന്‍സുകള്‍ 'കനിവ്' 108 സര്‍വീസ് ആരംഭിച്ചു

 

 ദുരന്തമുഖങ്ങളില്‍ ഇനി  മുതല്‍ പതറേണ്ട. മൊബൈല്‍ ഫോണെടുത്ത് 108 ലേക്ക് ഡയല്‍ ചെയ്താല്‍ രക്ഷാദൗത്യത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ 'കനിവ്' 108 ആംബുലന്‍സുകള്‍ പാഞ്ഞെത്തും. അപകടത്തില്‍പ്പെടുന്നവര്‍ക്ക് അടിയന്തര ചികിത്സ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ട്രോമകെയര്‍ സംവിധാനത്തിന്റെ ഭാഗമായുള്ള കനിവ്-108 ആംബുലന്‍സ് സര്‍വീസ് ജില്ലയില്‍ ആരംഭിച്ചു. ഇന്നലെ വൈകീട്ട് അഞ്ചോടെ കലക്ടറേറ്റ് പരിസരത്തും നിന്നും 18 ആംബുലന്‍സുകളാണ് സര്‍വീസ് ആരംഭിച്ചത്. ആര്‍ദ്രം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ആംബുലന്‍സുകളുടെ   ഫ്‌ളാഗ് ഓഫ് കലക്ടറേറ്റ് ഗ്രൗണ്ടില്‍ ജില്ലാകലക്ടര്‍ ജാഫര്‍മാലിക്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു.

ജില്ലയ്ക്ക് അനുവദിച്ച   32 ആംബുലന്‍സുകളില്‍  പതിനെട്ടെണ്ണമാണ് ജില്ലയിലെത്തിയത.് റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യമണിക്കൂറുകളില്‍ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായാണ് കനിവ് ആംബുലന്‍സുകള്‍ എത്തിയത്.  അത്യാധുനിക ജീവന്‍രക്ഷാ ഉപകരണങ്ങളും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധരും അടങ്ങിയതാണ് ആംബുലന്‍സ്.   24 മണിക്കൂറും ആംബുലന്‍സ് സേവനം  പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് ക്രമീകരണം. സൗജന്യ ആംബുലന്‍സ് ശൃംഖലയ്‌ക്കൊപ്പം അടിയന്തര ചികിത്സ ഫലവത്തായി നല്‍കാന്‍ കഴിയുംവിധം ആരോഗ്യ സ്ഥാപനങ്ങളുടെ ശാക്തീകരണം, റോഡപകടങ്ങള്‍  കുറയ്ക്കുന്നതിനാ വശ്യമായ ബോധവല്‍ക്കരണം എന്നിവയും സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കും.
     മൂവായിരത്തിലധികം അപകട മരണങ്ങളാണ് പ്രതിവര്‍ഷം സംസ്ഥാനത്ത് നടക്കുന്നത്. പെട്ടെന്ന് ചികിത്സ ലഭ്യമാക്കിയാല്‍ മരണസംഖ്യയും അപകടം മൂലം അംഗവൈകല്യങ്ങളുണ്ടാകുന്ന അവസ്ഥകളും കുറയ്ക്കാനാകും. ഇത് ലക്ഷ്യമിട്ടാണ് സമഗ്ര ട്രോമ കെയര്‍ പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്.

അടിയന്തര സാഹചര്യമുണ്ടായാല്‍ തരണം ചെയ്യുന്നതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആംബുലന്‍സിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വഴി അപകടത്തില്‍പ്പെട്ട വ്യക്തിക്കോ സേവന ദാതാവിനോ നല്‍കാനാവുന്ന കോള്‍ കോണ്‍ഫറന്‍സിങ് സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോള്‍ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. 108 എന്ന ടോള്‍ഫ്രീ നമ്പറിനു പുറമെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന മൊബൈല്‍ ആപ്പും തയ്യാറാക്കിയിട്ടുണ്ട്. അപകടം സംബന്ധിച്ച് കോള്‍സെന്ററില്‍ ലഭ്യമാകുന്ന വിവരം പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തും. കേന്ദ്രീകൃത കോള്‍സെന്ററില്‍ അപകടം സംബന്ധിച്ച വിവരമെത്തിയാല്‍ സംഭവസ്ഥലത്തിന് ഏറ്റവും അടുത്തുള്ള ആംബുലന്‍സിനെ നിയോഗിക്കാന്‍ കോള്‍ സെന്ററിലെ ഉദ്യോഗസ്ഥര്‍ക്കാകും. ഇതിനു പുറമെ തെറ്റായ ഫോണ്‍വിളികള്‍ നിയന്ത്രിക്കാനും ഒരേ സ്ഥലത്ത് നിന്ന് ആവര്‍ത്തിച്ചുണ്ടാകുന്ന ഫോണ്‍വിളി  വിലയിരുത്തി ക്രമപ്പെടുത്തുന്നതിനും പ്രത്യേകം സംവിധാനമുണ്ട്. 10 ആംബുലന്‍സുകളുടെ സേവനം 24 മണിക്കൂറും എട്ടു ആംബുലന്‍സുകളുടെ സേവനം 12 മണിക്കൂറുമാണ് ലഭ്യമാകുക. 
ജനറല്‍ ആശുപത്രി മഞ്ചേരി, ജില്ലാ ആശുപത്രികളായ നിലമ്പൂര്‍,തിരൂര്‍, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റല്‍ മലപ്പുറം,കൊണ്ടോട്ടി,പൊന്നാനി താലൂക്ക് ആശുപത്രി  അരീക്കോട്, കുറ്റിപ്പുറം, കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററുകളായ മാറഞ്ചേരി, എടപ്പാള്‍,എടവണ്ണ,ഉര്‍ങ്ങാട്ടിരി,പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വഴിക്കടവ്, പെരുവള്ളൂര്‍,പാണ്ടിക്കാട്,ഇരിമ്പിളിയം,നന്നംമുക്ക്, ഫാമിലി ഹെല്‍ത്ത് സെന്റര്‍ തിരുന്നാവായ തുടങ്ങിയ 18 കേന്ദ്രങ്ങളിലാണ് ആംബുലന്‍സ് വിന്യസിച്ചിരിക്കുന്നത്.

ചടങ്ങില്‍ ജില്ലാ എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ.എ ഷിബുലാല്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.അഹമ്മദ് അഫ്‌സല്‍, ആര്‍ദ്രം അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ.ഫിറോസ് ഖാന്‍ എന്‍.എച്ച്.എം, ജില്ലാമെഡിക്കല്‍ ഓഫീസ്, കലക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

date