ഭക്ഷ്യ സുരക്ഷാ നിയമം; മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു
പൊതുവിതരണ രംഗത്തെ ഇ-പോസ് മെഷീന്‍ ഉള്‍പ്പെടെയുള്ള പരിഷ്‌ക്കാരങ്ങളെകുറിച്ചും ഭക്ഷ്യ സുരക്ഷാ നിയമത്തെക്കറിച്ചും മാധ്യമപ്രവര്‍ത്തകര്‍ക്കായി ജില്ലാ സപ്ലൈസ് ഓഫീസ് സെമിനാര്‍ സംഘടിപ്പിച്ചു. ഭക്ഷ്യസുരക്ഷാ നിയമവും അതേത്തുടര്‍ന്ന് നടപ്പിലാക്കിയ ഇപോസ് മെഷീന്‍, ഉപഭോക്താക്കള്‍ക്ക് റേഷന്‍ കട തെരഞ്ഞെടുക്കുവാനുള്ള സൗകര്യം തുടങ്ങിയ പരിഷ്‌ക്കാരങ്ങളും പൊതുവിതരണ സമ്പ്രദായത്തില്‍ വലിയ തോതില്‍ സുതാര്യതയും കാര്യക്ഷമതയും കൊണ്ടുവന്നതായി സെമിനാര്‍ ഉദ്ഘാടനം ചെയ്ത ജില്ലാ സപ്ലൈ ഓഫിസര്‍ കെ മനോജ് കുമാര്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് അവകാശപ്പെട്ട ഭക്ഷ്യസാധനങ്ങളുടെ വിതരണത്തില്‍ തിരിമറികള്‍ നടക്കുന്നത് തടയാന്‍ ഇതിലൂടെ സാധിച്ചു. അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം അന്യായമായി നിഷേധിക്കപ്പെടുന്നവര്‍ക്ക് അവയുടെ വിപണി വില നഷ്ടപരിഹാരമായി ലഭ്യമാക്കാന്‍ പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു. റേഷന്‍ കാര്‍ഡുകളിലെ അനര്‍ഹരെ കണ്ടെത്തുന്നതായി അധികൃതര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് സമൂഹത്തിന്റെ ഭാഗത്തുനിന്ന് വലിയ പിന്തുണ ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കണ്ണൂര്‍ പ്രസ്‌ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പ്രസ് ക്ലബ് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസ് ക്ലബ് പ്രസിഡന്റ് എ കെ ഹാരിസ്, അസിസ്റ്റന്റ് എഡിറ്റര്‍ സി പി അബ്ദുല്‍ കരീം, ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് കെ കെ ഗീത സംസാരിച്ചു. കോഴിക്കോട് സപ്ലൈ ഓഫിസ് ഉദ്യോഗസ്ഥന്‍ സത്യജിത്ത് ക്ലാസ്സെടുത്തു.
പി എന്‍ സി/3803/2019
- Log in to post comments