കൈവശ ഭൂമിക്ക് പട്ടയം; ഭൂമിത്ര പദ്ധതിയുമായി ജില്ലാഭരണകൂടം
കൈവശ ഭൂമിക്ക് അര്‍ഹരായവര്‍ക്ക് നിയമാനുസൃത പട്ടയം നല്‍കുകയെന്ന സര്‍ക്കാര്‍ നയം പ്രാവര്‍ത്തികമാക്കി ജില്ലാ വികസന പദ്ധതികളിലുള്‍പ്പെടുത്തി ഒരു വര്‍ഷത്തിനകം ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും കൈവശഭൂമിക്ക് പട്ടയം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ സീറാം സാംബശിവ റാവു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ കൈവശ ഭൂമി സംബന്ധിച്ച പ്രശ്‌ന പരിഹാരത്തിനായി തയ്യാറാക്കിയ ഭൂമിത്ര പദ്ധതി വഴിയാണ് സേവനം കാര്യക്ഷമമായി നടപ്പാക്കുക. സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖ ഇനിയും ലഭിക്കാത്തത് കാരണം പട്ടികജാതി, പട്ടികവര്‍ഗക്കാരുള്‍പ്പെടെ നിരവധി സാധാരണക്കാര്‍ വിവിധ തരത്തില്‍ ബുദ്ധിമുട്ട് അനുവദിക്കുന്നുണ്ട്. ജില്ലാ കലക്ടര്‍ നടത്തുന്ന പഞ്ചായത്ത് മുന്‍സിപ്പാലിറ്റികള്‍ ഒപ്പം പരിപാടിയില്‍ ഇക്കാര്യം നേരിട്ട് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഭൂമിത്രയ്ക്ക് പ്രഥമരിഗണന നല്‍കി പദ്ധതി എത്രയും വേഗം ഫലപ്രാപ്തിയിലെത്തിക്കുന്നതിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിതരണം ചെയ്ത ഭൂമി, കുടിയായ്മ അവകാശമുള്ള ജന്മി, ദേവസ്വംഭൂമി, മിച്ചഭൂമി തുടങ്ങി ഉടമസ്ഥാവകാശ രേഖ ലഭിച്ചിട്ടില്ലാത്ത ഭൂമിയുടെ ഉടമസ്ഥര്‍ക്ക് അപേക്ഷ വില്ലേജ് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.
വില്ലേജ് തല വിവരങ്ങള്‍ ക്രോഡീകരിക്കുന്നതിനുള്ള ചുമതല അതത് വില്ലേജ് ഓഫീസര്‍മാര്‍ക്കായിരിക്കും. കൈവശ ഭൂമിക്ക് പട്ടയം ലഭിച്ചിട്ടില്ലാത്ത അര്‍ഹരായ മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ വില്ലേജ് ഓഫീസര്‍ കണ്ടെത്തി ചാര്‍ജ് ഓഫീസര്‍മാര്‍ക്ക് കൈമാറും. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മുഴുവന്‍ വിവരങ്ങളും ചാര്‍ജ് ഓഫീസര്‍മാര്‍ പരിശോധന നടത്തി പ്രശ്‌നത്തിന്റെ സ്വഭാവം, സമ്പൂര്‍ണ വിവരങ്ങള്‍, പരിഹാര മാര്‍ഗങ്ങള്‍, സമയബന്ധിതമായ പ്രശ്‌ന പരിഹാരം, ഭൂരേഖകള്‍ അനുവദിക്കല്‍ എന്നീ കാര്യങ്ങളില്‍ പ്രവര്‍ത്തന രേഖ തയ്യാറാക്കും. വില്ലേജുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ താലൂക്ക് തലത്തില്‍ ക്രോഡീകരിക്കുന്നതിനുള്ള ചുമതല തഹസില്‍ദാര്‍, തഹസില്‍ദാര്‍(ഭൂരേഖ) എന്നിവര്‍ക്കായിരിക്കും. താലൂക്ക് തലത്തില്‍ എല്ലാ ആഴ്ചയും അദാലത്ത് നടത്തി പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനും നിര്‍ദ്ദേശമുണ്ട്. ഡപ്യൂട്ടി കലക്ടര്‍( എല്‍.ആര്‍), താലൂക്കിന്റെ ചുമതലയുള്ള ഡപ്യൂട്ടി കലക്ടര്‍ എന്നിവര്‍ താലൂക്ക്തല അദാലത്തില്‍ പങ്കെടുത്ത് മാര്‍ഗനിര്‍ദേശങ്ങളും പരിഹാര നടപടികളും നിര്‍ദേശിക്കും. തുടര്‍ന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന റവന്യൂ ഓഫീസേഴ്‌സ് കോണ്‍ഫറന്‍സില്‍ പ്രതിമാസം ജില്ലാകലക്ടര്‍ ഭൂപ്രശ്‌നങ്ങള്‍ അവലോകനം ചെയ്യും.
ജില്ലയില്‍ മികച്ച മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് അവാര്‍ഡ്
മാലിന്യ സംസ്‌കരണത്തിലും പരിസരശുചിത്വത്തിലും മികച്ച പ്രകടനം കാഴ്ച വെക്കുന്നവര്‍ക്ക് ഹരിത അവാര്‍ഡ് നല്‍കുമെന്ന് ജില്ലാ കലക്ടര്‍ സീറാം സാംബശിവ റാവു പറഞ്ഞു. ഹരിതപൗരന്‍, ഹരിത കുടുംബം, ഹരിതസ്ഥാപനം, ഹരിതപഞ്ചായത്ത് എന്നിങ്ങനെ വിഭാഗമാക്കിയാണ് അവാര്‍ഡ് നല്‍കുക. ജില്ലയിലെ ബീച്ച് പരിസരങ്ങള്‍ മാലിന്യമുക്തമാക്കുക എന്നത് തുടര്‍ പദ്ധതിയായി എല്ലാ ഞായറായ്ചകളിലും രാവിലെ ഏഴ് മുതല്‍ 10.30 വരെ ശുചീകരിക്കും. താല്‍പര്യമുള്ള സന്നദ്ധസംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് പ്രവൃത്തിയുടെ ഭാഗമാകാവുന്നതാണെന്നും കലക്ടര്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശുചിത്വ കോണ്‍ഫറന്‍സില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്സവസീസണ്‍ വരുന്നതിനാല്‍ ജലജന്യരോഗങ്ങള്‍ പടരാതിരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗത്തില്‍ ഡി എം ഒ അറിയിച്ചു. ഭക്ഷണം, കുടിവെള്ളം പാകം ചെയ്യുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വഴി നല്‍കണം. യോഗത്തില്‍ ഹരിത സഹായ സ്ഥാപനമായ നിറവ് പദ്ധതി ആരംഭിച്ച പേരാമ്പ്ര, കാരശ്ശേരി, പനങ്ങാട് ഗ്രാമപഞ്ചായത്തുകളുടെയും കോഴിക്കോട് കോര്‍പ്പറേഷന്റെയും വിശദമായ പദ്ധതിരേഖ ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക്് കൈമാറി. ഹോട്ടലുകള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, ചന്തകള്‍, ചിക്കന്‍ സ്റ്റാളുകള്‍ എന്നിവിടങ്ങളില്‍ വേസ്റ്റ് ഓഡിറ്റിംഗ് നടത്തണമെന്ന് യോഗം അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കും. ഹരിത കര്‍മ്മസേനക്കും കുടുംബശീ യൂണിറ്റുകള്‍ക്കും പരിശീലനം നല്‍കാനും തീരുമാനമായി. തുമ്പുര്‍മുഴി മാതൃകയില്‍ ബയോ ബിന്നുകള്‍ പൊതുസ്ഥലങ്ങളിിലും സ്ഥാപനങ്ങളിലും സ്ഥാപിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ വി ബാബുരാജ്, വടകര നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍, കൊടുവള്ളി നഗരസഭാ ചെയര്‍പേഴ്സണ്‍ ഷറീഫ കണ്ണാടിപ്പൊയില്‍, ഡെപ്യൂട്ടി കലക്ടര്‍ സി.ബിജു, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ കെ വി അബ്ദുല്‍ ലത്തീഫ്, ഹരിതകേരളം കോ ഓര്‍ഡിനേറ്റര്‍ പി പ്രകാശ്, ജില്ലാ ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കബനി, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments