വിദ്യാര്‍ത്ഥികളിലൂടെ സമൂഹത്തെ ശുചിത്വപാഠം പഠിപ്പിക്കാന്‍ കളക്ടേഴ്സ് അറ്റ് സ്കൂള്‍ പദ്ധതി
വിദ്യാര്‍ത്ഥികളിലൂടെ സമൂഹത്തെ ശുചിത്വപാഠം പഠിപ്പിക്കാന്‍ കളക്ടേഴ്സ് അറ്റ് സ്കൂള്‍ പദ്ധതി
ഉപയോഗശേഷമുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള പാഴ് വസ്തുക്കള്‍ വൃത്തിയായി വേര്‍തിരിച്ച് കൈമാറുന്ന പദ്ധതി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കും. കളക്ടേഴ്സ് അറ്റ് സ്കൂള്‍ എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ (30-10-19) 10.30ന് പറവൂര്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യും.
പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലയിലെ മൂന്ന് വിദ്യാലയങ്ങളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ നിന്നും വ്യത്യസ്തമായി ജില്ലയില്‍ വിദ്യാലയങ്ങളിലെ ജൈവമാലിന്യ സംസ്കരണവും ജൈവകൃഷിയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. വിദ്യാര്‍ത്ഥികളില്‍ വൃത്തിയുടെയും ശുചിത്വത്തിന്റെയും സംസ്കാരം രൂപപ്പെടുത്തുന്നതിനും മാലിന്യം തരംതിരിച്ച് സംസ്കരിക്കേണ്ടതിന്റെ ആവശ്യത കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും അതുവഴി സമൂഹത്തിലും എത്തിക്കുവാനാണ് പദ്ധതിയുടെ ലക്ഷ്യം. ഈ ആശയത്തിലൂന്നി അങ്കണവാടി മുതല്‍ കോളേജ് തലംവരെ വ്യത്യസ്ത പദ്ധതികള്‍ ശുചിത്വമിഷന് വിഭാവനം ചെയ്തിട്ടുണ്ട്.
ബോധവത്ക്കരണ പരിപാടികള്‍ക്ക് പുറമേ പദ്ധതിയുടെ ഭാഗമായി ഓരോ വിദ്യാലയങ്ങളിലും നാല് തരം വസ്തുക്കള്‍ വേര്‍തിരിച്ച് സംഭരിക്കുന്നതിനുള്ള മിനി മെറ്റീരീയല്‍ കളക്ഷന്‍ ഫെസിലിറ്റികള്‍ (എം.സി.എഫ്) സ്ഥാപിക്കും. അതത് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശുചിത്വമിഷനാണ് ഇത് സ്ഥാപിക്കുന്നത്. പെറ്റ് ബോട്ടില്‍, ഹാര്‍ഡ് ബോട്ടില്‍, പാല് കവര്‍, പേപ്പര്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ നിന്നും വൃത്തിയാക്കി തരംതിരിച്ച് വിദ്യാലയങ്ങളില്‍ എത്തിക്കും. എം.സി.എഫില്‍ നിന്ന് വസ്തുക്കള്‍ ശേഖരിക്കുന്നതിന് അടുത്തുള്ള പാഴ് വസ്തു വ്യാപാരിയെയോ തദ്ദേശഭരണ സ്ഥാപത്തിന്റെ ഹരിതകര്‍മ്മ സേനയെയോ ചുമതലപ്പെടുത്തും. ശുചിത്വ മിഷന്, വിദ്യാഭ്യാസ വകുപ്പ്, ഹരിത കേരള മിഷന്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്കൂള്‍ തലത്തിലെ സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ മിഷന്, വ്യാപാരി വ്യവസായികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പറവൂര്‍ മുന്‍സിപ്പല്‍ ചെയര്മാന് രമേശ് ഡി. കുറുപ്പിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ജില്ലാതല ഉദ്ഘാടനത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ എം.എസ് മാധവിക്കുട്ടി ജൈവകൃഷി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ശുചിത്വമിഷന് ജില്ലാ കോഡിനേറ്റര്‍ പി.എച്ച് ഷൈന്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ലാലി, പി.ടി.എ പ്രസിഡന്റ് ഡൈന്യൂസ് തോമസ് എന്നിവര്‍ പങ്കെടുക്കും.
- Log in to post comments