Skip to main content

അങ്ങാടി- കൊറ്റനാട് കുടിവെള്ള പദ്ധതിക്ക് ഭരണാനുമതിയായി

അങ്ങാടി- കൊറ്റനാട് കുടിവെള്ള പദ്ധതിക്ക് ഭരണാനുമതിയായി

അങ്ങാടി- കൊറ്റനാട് കുടിവെള്ള പദ്ധതിക്ക് ഭരണാനുമതിയായതായി രാജു എബ്രഹാം എംഎല്‍എ അറിയിച്ചു. അങ്ങാടി കൊറ്റനാട് പഞ്ചായത്തുകളിലെ മുഴുവന്‍ പ്രദേശങ്ങളിലും മിനറല്‍ വാട്ടര്‍ നിലവാരത്തിലുള്ള കുടിവെള്ളം എത്തിക്കുന്ന പദ്ധതിക്ക് 24.75 കോടി രൂപയാണ് ഒന്നാം ഘട്ടത്തില്‍  അനുവദിച്ചിരിക്കുന്നത്. 

       വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ്് നിര്‍മിക്കുന്നതിനായി കൊറ്റനാട് പഞ്ചായത്തിലെ 1.0225 ഏക്കര്‍ സ്ഥലം ഇരു പഞ്ചായത്തുകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഒരു വര്‍ഷം മുമ്പ് തന്നെ വാങ്ങി വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. അങ്ങാടി പഞ്ചായത്ത് 10 ലക്ഷം, കൊറ്റനാട് ഗ്രാമപഞ്ചായത്ത് 30 ലക്ഷം, ജനങ്ങളുടെ സംഭാവന 12 ലക്ഷം എന്നിങ്ങനെ 52 ലക്ഷം രൂപയാണ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലത്തിനായി മുടക്കിയത്.

      പമ്പാ നദിയില്‍ നിര്‍മിക്കുന്ന ഒന്‍പതു മീറ്റര്‍ വ്യാസമുള്ള ഇന്‍ടേക്ക് കിണറ്റില്‍ നിന്നും പമ്പ് ചെയ്ത് എടുക്കുന്ന വെള്ളം 400 എം എം - ഡിഐ കെ ഒന്‍പത് പൈപ്പിലൂടെ  ഒന്‍പത് എംഎല്‍ഡി ശേഷിയുള്ള വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റില്‍ എത്തിക്കും. ഇവിടെനിന്ന്  വെള്ളം ശുദ്ധീകരിച്ച് രണ്ട് പഞ്ചായത്തുകളിലേയും വിവിധ പ്രദേശങ്ങളില്‍ നിര്‍മിക്കുന്ന ചെറു സംഭരണികളില്‍ എത്തിച്ച ശേഷമാണ് വിതരണം നടത്തുക.  ആദ്യഘട്ടത്തില്‍ കിണര്‍ കൂടാതെ ചെക്ക് ഡാം, ഒന്‍പത് എംഎല്‍ഡി വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ്, വാട്ടര്‍ പമ്പിംഗ് പമ്പ് സെറ്റ്, ട്രാന്‍സ്ഫോര്‍മര്‍ റൂം,  ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കുന്നതിനുള്ള ചെലവ്, പൈപ്പ് സ്ഥാപിക്കുമ്പോള്‍  റോഡുകളില്‍ ഉണ്ടാകുന്ന അറ്റകുറ്റപ്പണികള്‍, പമ്പ് ഹൗസിലേക്കുള്ള പുതിയ റോഡ് എന്നിവയ്ക്കാണ് ആദ്യഘട്ടത്തില്‍ തുക അനുവദിച്ചിരിക്കുന്നത്.

       നദികളോ വലിയ ജലസ്രോതസുകളോ ഇല്ലാത്ത കൊറ്റനാട് പഞ്ചായത്തില്‍ കുഴല്‍ക്കിണറുകളെ ആശ്രയിച്ച് നടത്തുന്ന മൂന്ന് ചെറിയ കുടിവെള്ള പദ്ധതികള്‍ മാത്രമാണ് നിലവിലുള്ളത്. ഇതില്‍ അരുവിക്കല്‍ കുടിവെള്ള പദ്ധതി മാത്രമാണ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതും. മണിക്കൂറില്‍ 25,000 ലിറ്റര്‍ വെള്ളം വീതം ദിവസേന എട്ട് ലക്ഷം ലിറ്റര്‍ വെള്ളമാണ് പമ്പ് ചെയ്യുന്നത്. 250 കുടുംബങ്ങള്‍ക്കാണ് കണക്ഷന്‍ നല്‍കിയിരിക്കുന്നത്. ചാലാപ്പള്ളി പാത്രക്കുളം പദ്ധതി 100 ആളുകള്‍ക്കും കുരിശുമുട്ടം അംബേദ്കര്‍ കോളനി കുടിവെള്ള പദ്ധതി 30 കുടുംബങ്ങള്‍ക്കും മാത്രമാണ് പ്രയോജനം ചെയ്യുക.  അങ്ങാടി കുടിവെള്ള പദ്ധതിയില്‍ നിന്നും അങ്ങാടി പഞ്ചായത്തിലെ നാമമാത്രമായ പ്രദേശങ്ങളില്‍ മാത്രമാണ് ജലവിതരണം നടക്കുന്നത്. പുതിയ പദ്ധതി പൂര്‍ത്തിയാകുന്നതോടെ രണ്ട് പഞ്ചായത്തിലെയും മുഴുവന്‍ സ്ഥലങ്ങളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കാന്‍ സാധിക്കും.      

date