Skip to main content

ജിയോബാഗ് വാങ്ങാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകണം; എംഎൽഎ നിവേദനം നൽകി

തീരദേശത്ത് അടിക്കടി ഉണ്ടാകുന്ന കടലാക്രമണം ചെറുക്കാൻ സർക്കാർ നൽകി വരുന്ന ജിയോബാഗ് തടയണകൾ വാങ്ങാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകണമെന്ന് ആവശ്യപ്പെട്ട് കയ്പമംഗലം നിയോജകമണ്ഡലം എംഎൽഎ ഇ.ടി.ടൈസൺ മാസ്റ്റർ സർക്കാരിന് നിവേദനം നൽകി. ജില്ലയിൽ കടലാക്രമണം രൂക്ഷമായ തീരമേഖലയിൽ അടിയന്തര പ്രതിരോധ നടപടികൾക്കായി സർക്കാർ മൂന്ന് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കടലാക്രമണം രൂക്ഷമായ എറിയാട്, അഴീക്കോട്, എടവിലങ്ങ് പഞ്ചായത്തിലെ കാര, പുതിയറോഡ്, മണപ്പാട്ടുചാൽ, ആറാട്ടുവഴി, അയ്യപ്പൻപാലം പടിഞ്ഞാറുവശം, ലൈറ്റ്ഹൗസ് പരിസരം, മുനയ്ക്കൽ, തളിക്കുളം പഞ്ചായത്തിലെ തമ്പാൻകടവ്, പൊക്കാഞ്ചേരി, ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ പൊക്കുളങ്ങര, ഏത്തായ് ബീച്ച്, മുനക്കകടവ്, വെളിച്ചെണ്ണപ്പടി, അഞ്ചങ്ങാടി, മൂസ റോഡ്, തൊട്ടാപ്പ്, സാഗർ ക്ലബ് പരിസരം, വാടാനപ്പിളളി, ചാവക്കാട് എന്നീ പ്രദേശങ്ങളിൽ കടലാക്രമണ പ്രതിരോധപ്രവർത്തനങ്ങൾ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കുന്നതിനാണ് സർക്കാർ തുക വിനിയോഗിക്കുക. എന്നാൽ, ജിയോ ബാഗിന്റെ സംരക്ഷണം ആവശ്യമായ സ്ഥലങ്ങൾ പലതും കടലാക്രമണ ഭീഷണിയിലാണ്. സർക്കാർ അനുവദിച്ച ജിയോബാഗുകൾ ഫിഷറീസ് വകുപ്പിന്റെയും അഡീഷണൽ ഇറിഗേഷൻ വകുപ്പിന്റെയും അനുമതി ലഭിച്ചതിന് ശേഷമാണ് വിന്യസിക്കാൻ കഴിയുക. അടിയന്തര ഘട്ടങ്ങളിൽ കാലതാമസം ഒഴിവാക്കുന്നതിന് വേണ്ടി പഞ്ചായത്തുകളുടെ തനത് ഫണ്ട് ഉപയോഗിച്ച് ജിയോബാഗ് വാങ്ങാൻ സാധിച്ചാൽ കടലാക്രമണത്തിന്റെ തീവ്രത കുറയ്ക്കാൻ സാധിക്കും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

ജില്ലയിൽ കടലാക്രമണം രൂക്ഷമായ തീരമേഖലയിൽ അടിയന്തിര പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ ഫണ്ടിൽനിന്ന് അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ചുള്ള പ്രവൃത്തികളിൽ ആദ്യഘട്ടത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായിരുന്നു. പോളി പ്രൊപ്പലീൻ ബാഗുകളിൽ മണൽ നിറച്ചുള്ള ജിയോ ബാഗുകൾ ദുരിതബാധിത പ്രദേശത്ത് വിന്യസിക്കുന്ന 13 പ്രവൃത്തികളും മൂന്ന് പഞ്ചായത്തുകളിൽ കരിങ്കല്ല് പയോഗിച്ചുള്ള മൂന്ന് പ്രവൃത്തികളും അടക്കം ആകെ 2,84,5800 രൂപയുടെ എസ്റ്റിമേറ്റും സമർപ്പിച്ചിരുന്നു. ഇതിൽ കയ്പമംഗലം മണ്ഡലത്തിൽ ജിയോബാഗുകൾ വിന്യസിച്ച് കടൽക്ഷോഭം നേരിടുന്നതിനുള്ള 705 മീറ്ററിലെ 88.85 ലക്ഷത്തിന്റെ പ്രവൃത്തിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച് ടെൻഡറായിരുന്നു. കയ്പമംഗലം മണ്ഡലത്തിൽ എറിയാട് പഞ്ചായത്തിലെ 220 മീറ്റർ ദൂരത്തിൽ 27.70 ലക്ഷത്തിന്റെ പ്രവൃത്തി, 200 മീറ്ററിൽ 25.20 ലക്ഷം രൂപയുടെ പ്രവൃത്തി, 95 മീറ്റർ ദൂരം 12 ലക്ഷം രൂപയുടെ പ്രവൃത്തി, 70 മീറ്റർ ദൂരം 8.80 ലക്ഷം രൂപയുടെ പ്രവൃത്തി എന്നിവയും എടവിലങ്ങ് പഞ്ചായത്തിലെ 60 മീറ്ററിൽ 7.60 ലക്ഷം രൂപയുടെ പ്രവൃത്തി, മറ്റൊരു 60 മീറ്ററിൽ 7.55 ലക്ഷം രൂപയുടെ പ്രവൃത്തി എന്നിവയാണ് ടെണ്ടറായത്.

date