Skip to main content

ഹരിതചട്ട പരിശീലനം നടത്തി

ജില്ലയിലെ സർക്കാർ ഓഫീസുകളിൽ തത്ത്വങ്ങൾ പാലിക്കുന്നതിലേക്കായി നോഡൽ ഉദ്യോഗസ്ഥർക്കായുളള ഏകദിന പരിശീലനം ജില്ലാ കളക്ടർ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഓഫീസുകളിലെത്തുന്ന ജനങ്ങൾക്ക് ഉദ്യോഗസ്ഥർ മാതൃകയാവണമെന്നും നിയമങ്ങൾ കൃത്യമായി പാലിച്ചു പ്രകൃതിയെയും മണ്ണിനെയും സംരക്ഷിക്കാൻ ഉദ്യോഗസ്ഥർ മുൻകൈ എടുക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഓഫീസുകളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കാൻ 12 ഓളം ചട്ടങ്ങളും നിർദേശങ്ങളും നൽകിയിട്ടുണ്ടെന്നും ഇവ പൂർണമായും പ്രാവർത്തികമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ ഓഫീസുകളിൽ ജലസുരക്ഷാ, ഭക്ഷ്യസുരക്ഷ, മാലിന്യസംസ്‌കരണം എന്നിവ ഉറപ്പുവരുത്തുക, ഓഫീസുകളിലെ പരിപാടികൾ പൂർണമായി ഹരിതനിയമങ്ങൾ പാലിച്ചു നടത്തുക, ഓരോ സ്ഥാപനത്തിലും സ്ഥാപനതല ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി രൂപീകരിച്ചു ജീവനക്കാർക്കു പരിശീലനം നൽകുക, കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തുക എന്നിവ വേണം. സംസ്ഥാനത്തെയും ജില്ലകളിലെയും മികച്ച സമ്പൂർണ ഹരിത ഓഫീസിനു ഹരിതകേരളമിഷൻ പുരസ്‌ക്കാരം ഏർപ്പെടുത്തിയിട്ടുണ്ട്.
ജൈവ അജൈവ മാലിന്യ സംസ്‌കരണങ്ങൾക്ക് സംവിധാനങ്ങൾ ഒരുക്കുക, പൊതുജനങ്ങൾക്കും ജീവനക്കാർക്കും കുടിവെളളം, ടോയ്‌ലറ്റ് എന്നിവ ലഭ്യമാക്കണം. മഴവെളള സംഭരണം, സ്ഥാപനതല പച്ചക്കറി കൃഷി തുടങ്ങിയവയക്ക് ഓഫീസുകളിൽ സൗകര്യങ്ങൾ ഒരുക്കുക എന്നീ പ്രവർത്തനങ്ങളാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. കെഎസ്എഫ്ഇ, കെഎസ്ഇബി, കെഎസ്ആർടിസി, പോലീസ്, ഗവ. ലോ കോളേജ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്കായിരുന്നു പരിശീലനം. ജില്ലാ പ്ലാനിങ് ഓഫീസർ ടി ആർ മായ, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി എസ് ജയകുമാർ, ശുചിത്വമിഷൻ കോർഡിനേറ്റർ എസ് ശുഭ, ടെക്‌നിക്കൽ അസിസ്റ്റന്റ് ഇന്ദു ഐസക്ക് എന്നിവർ പങ്കെടുത്തു. സോഷ്യോ - ഇക്കണോമിക് യൂണിറ്റി ഫൌണ്ടേഷൻ ജൈവ മാലിന്യ സംസ്‌കരണത്തിന്റെ വിവിധമാതൃകകൾ പ്രദർശിപ്പിച്ചു.

date