Skip to main content

ഭരണഭാഷാ വാരാഘോഷം : ജില്ലാതല ഉദ്ഘാടനം നാളെ

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് മലയാള ദിനമായും ഒന്നു മുതല്‍ ഏഴു വരെ ഔദ്യോഗിക ഭരണഭാഷാവാരമായും ജില്ലയില്‍ ആഘോഷിക്കും. വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ(നവംബര്‍ ഒന്ന്) രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍വഹിക്കും. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് സജി എഫ് മെന്‍ഡിസ് അധ്യക്ഷത വഹിക്കും. പ്രശസ്ത സിനിമ സംവിധായകന്‍ ഡോ.ബിജു മുഖ്യപ്രഭാഷണം നടത്തും. കളക്ടറേറ്റ് ജീവനക്കാര്‍ കേരളഗാനം ആലപിക്കും. 

തുടര്‍ന്നു നടക്കുന്ന ഭരണഭാഷാ സെമിനാറില്‍ സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.വി മാത്യു ഭരണനവീകരണത്തില്‍ മലയാള ഭാഷയുടെ പങ്ക് എന്ന വിഷയം അവതരിപ്പിക്കും. 

നവംബര്‍ അഞ്ചിന് രാവിലെ 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ജീവനക്കാര്‍ക്കായി കേട്ടെഴുത്ത് മത്സരം, ഫയല്‍ എഴുത്ത് മത്സരം, കവിതാലാപനം എന്നിവ സംഘടിപ്പിക്കും. പത്തനംതിട്ട പ്രസ് ക്ലബുമായി സഹകരിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നവംബര്‍ രണ്ടിന് രാവിലെ 11 ന് മലയാളം പ്രസംഗം, നാലിന് രാവിലെ 11 ന് മലയാളം ക്വിസ്, അഞ്ചിന് രാവിലെ 11 ന് കവിതാലാപനം മത്സരങ്ങള്‍ നടത്തും. ഇംഗ്ലീഷ് വാക്കുകള്‍ക്ക് തുല്യമായ മലയാളം വാക്കുകളുടെ പ്രദര്‍ശനം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നടത്തും. 

ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന് നടപ്പാക്കിവരുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് വാരാചരണം. ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് ജില്ലാതലത്തില്‍ സംഘടിപ്പിച്ചിട്ടുള്ളത്.                                                   

 

date