Skip to main content

ഓഫീസുകളിലും വിദ്യാലയങ്ങളിലും പ്രതിജ്ഞ എടുക്കണം: ജില്ലാ കളക്ടര്‍

വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും എല്ലാ ഓഫീസുകളിലും ഓഫീസ് തലവന്റെ അധ്യക്ഷതയില്‍ നവംബര്‍ ഒന്നിന് ഭരണഭാഷാ സമ്മേളനം സംഘടിപ്പിക്കുകയും ഭരണഭാഷാ പ്രതിജ്ഞ എടുക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. നവംബര്‍ ഒന്നിന് മലയാളദിനാഘോഷവും ഒന്നു മുതല്‍ ഏഴുവരെ ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിക്കണം. നവംബര്‍ ഒന്നിന് മലയാളദിനത്തില്‍ സ്‌കൂളുകളില്‍ ചേരുന്ന അസംബ്ലിയില്‍ മലയാളം മാതൃഭാഷയായിട്ടുള്ള അധ്യാപകരും വിദ്യാര്‍ഥികളും പ്രതിജ്ഞ എടുക്കണം. ഭരണഭാഷാ വാരാഘോഷ കാലത്ത് ഓഫീസുകളിലും സ്‌കൂളുകളിലും ആഘോഷം സംബന്ധിച്ച ബാനര്‍ പ്രദര്‍ശിപ്പിക്കണം. വകുപ്പുകളിലും ഓഫീസുകളിലും ഭാഷാപോഷണത്തിനും ഭരണഭാഷാ മാറ്റത്തിനും ഉതകുന്ന പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍, സത് സേവന രേഖയും ഭരണഭാഷാ സേവന പുരസ്‌കാരവും ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്‌കാരവും ലഭിച്ചവര്‍ക്കുള്ള അനുമോദനം തുടങ്ങിയവ സംഘടിപ്പിക്കണം. ഭാഷാമാറ്റ പുരോഗതി കൈവരിക്കുന്നതിന് ഉതകുന്ന മറ്റ് പരിപാടികളും നടപ്പാക്കാം. ഓഫീസുകളില്‍ ഓരോ ദിവസവും ഭരണരംഗത്ത് ഉപയോഗിക്കുന്ന അഞ്ച് ഇംഗ്ലീഷ് പദങ്ങളും സമാന മലയാള പദങ്ങളും എഴുതി പ്രദര്‍ശിപ്പിക്കണം.

                        

 

date