Skip to main content

കേരളപ്പിറവി ദിനാഘോഷത്തിനും മലയാള ഭാഷാവാരാഘോഷത്തിനും നവംബര്‍ 1 ന് കളക്ട്രേറ്റില്‍ തുടക്കമാകും

 ജില്ലയിലെ  കേരളപ്പിറവി ദിനാഘോഷത്തിനും മലയാള ഭാഷാവാരാഘോഷത്തിനും നവംബര്‍ 1 ന് തുടക്കമാകും. ജില്ലാതല ഉദ്ഘാടനം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 മണിക്ക് പ്രശസ്ത സിനിമാ സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ  പ്രദീപ് നായര്‍ നിര്‍വഹിക്കും. യുവകവിയും പത്രപ്രവര്‍ത്തകനുമായ  സന്ദീപ് സലിം മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ശ്രീ എച്ച്. ദിനേശന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയും ഭാഷപ്രതിഞ്ജ ചൊല്ലിക്കൊടുക്കുകയും ചെയ്യും. ജില്ലാ പോലീസ് മേധാവി ടി നാരായണന്‍, എഡിഎം ആന്റണി സ്‌കറിയ, ആര്‍ഡിഒ അതുല്‍ സ്വാമിനാഥ്,  ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ആര്‍ തിലകന്‍, സെക്രട്ടറി ഇ.ജി സത്യന്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ പ്രസിഡണ്ട് എ.ജെ തോമസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍, അസിസ്റ്റന്റ് എഡിറ്റര്‍ എന്‍ബി ബിജു, തുടങ്ങിയവര്‍ സംസാരിക്കും. സമ്മേളനത്തെ തുടര്‍ന്ന് കട്ടപ്പന ദേശത്തുടി ബാന്റിലെ ഐശ്വര്യ ഉത്തമനും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ട് അരങ്ങേറും. സമ്മേളനത്തോടൊപ്പം  ജീവനക്കാര്‍ക്കായി ഫോട്ടോ അടിക്കുറിപ്പ് മത്സരവും ഉണ്ടാകും. നവംബര്‍ 1 ന് എല്ലാ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും എല്ലാ ഓഫീസുകളിലും ഓഫീസ് തലവന്റെ അധ്യക്ഷതയില്‍ സംഘടിപ്പിക്കുന്ന ഭരണഭാഷാ സമ്മേളനത്തില്‍ ഉദ്യോഗസ്ഥര്‍ ഭരണഭാഷാ പ്രതിജ്ഞയെടുക്കും. ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തുന്ന മത്സരങ്ങളുടെ ഭാഗമായി ഒന്നിന്  ഉച്ചകഴിഞ്ഞ് 2 മണിക്ക്   കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കവിതാരചന മത്സരം നടത്തും.
 
ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്   ഭരണഭാഷാ വാരാഘോഷക്കാലത്ത് ഓഫീസുകളിലും സ്‌കൂളുകളിലും ആഘോഷം സംബന്ധിച്ച് ബാനറുകള്‍ പ്രദര്‍ശിപ്പിക്കും. നവംബര്‍ 2ന്  രാവിലെ 11ന് നവസാക്ഷരര്‍ക്ക് വായനമത്സരം പാറേമാവ് കൊലുമ്പന്‍ കോളനി തുടര്‍വിദ്യാ കേന്ദ്രം കമ്മ്യൂണിറ്റി ഹാളിലും   അന്നേ ദിവസം ഉച്ചകഴിഞ്ഞ് 2 മണിക്ക്  സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി  കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കഥാരചന മത്സരവും നടത്തും. 5ന് ഉച്ചകഴിഞ്ഞ് 2 മണിക്ക്  സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി  കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ഉപന്ന്യാസരചന മത്സരവും  സംഘടിപ്പിക്കും. ഏഴിന്  തൊടുപുഴ എ.പി.ജെ അബ്ദുള്‍കലാം  സ്‌കൂളിലാണ് വാരാഘോഷ സമാപനം.

date