Skip to main content
അയഡിന്‍ അപര്യാപ്തത പ്രതിരോധ ദിനാചരണ പരിപാടി ചെറുതോണി പോലീസ് അസോസിയേഷന്‍ ഹാളില്‍  ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു

അയഡിന്‍ ദിനം ആചരിച്ചു

അയഡിന്റെ പ്രാധാന്യവും അയഡിന്റെ കുറവുമൂലവും ഉണ്ടാകുന്ന രോഗങ്ങളെയും പ്രതിരോധമാര്‍ഗങ്ങളെയും കുറിച്ച് ബോധവല്‍ക്കരണം സംഘടിപ്പിച്ചു. പ്രതിരോധ ദിനാചരണത്തിന്റെ സംസ്ഥാനതല പരിപാടിയായിരുന്നു ചെറുതോണി പോലീസ് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ചത്.   ദിനാചരണം  ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു.    ബോധവത്കരണ പരിപാടികളിലൂടെ രോഗങ്ങള്‍ നിയന്ത്രിക്കണമെന്നും പോളിയോ, വസൂരി തുടങ്ങിയ മാറാരോഗങ്ങളെ അതിജീവിച്ചത് ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് ക്യാന്‍സര്‍, വൃക്കരോഗം തുടങ്ങിയ മാരകരോഗങ്ങള്‍ വ്യാപകമാകുമ്പോള്‍  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി രോഗങ്ങള്‍ നിയന്ത്രിക്കണമെന്നും എം.പി പറഞ്ഞു. രോഗപ്രതിവിധിയെന്ന പോലെ തന്നെ പ്രധാനമാണ് രോഗപ്രതിരോധം, കൂടുതല്‍ ആശുപത്രികളും ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിക്കുക എന്നതിലുപരി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രദ്ധ നല്‍കണമെന്നും എംപി കൂട്ടിച്ചേര്‍ത്തു.  സൂക്ഷ്മ പോഷണമായ അയഡിന്റെ  കുറവുമൂലമുണ്ടാകുന്ന ശാരീരികവും മാനസികവുമായ  ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച്  ജനങ്ങളെ ബോധവത്കരിക്കുകയെന്നെ ലക്ഷ്യത്തോടെയാണ് ലോകമെമ്പാടും ഒക്ടോബര്‍ 21 ന്  അയഡിന്‍ അപര്യാപ്തത  പ്രതിരോധ ദിനമായി ആചരിക്കുന്നത്.

വാഴത്തോപ്പ് കവലയില്‍ നിന്ന് ആരംഭിച്ച ബോധവത്കരണറാലി ഇടുക്കി അഡീഷണല്‍ എസ്.പി പി.സുകുമാരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ അംഗങ്ങള്‍, ആശ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിപേര്‍ റാലിയില്‍ പങ്കെടുത്തു. ബോധവത്കരണ പരിപാടിയോടനുബന്ധിച്ച് കട്ടപ്പന സെന്റ് ജോണ്‍സ് നേഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ബോധവത്കരണ സ്‌കിറ്റ്, ഫ്‌ളാഷ് മോബ്, സന്ദേശഗാനം, സെമിനാര്‍ എന്നിവയും  സംഘടിപ്പിച്ചു. അയഡിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗങ്ങളും അവയെ പ്രതിരോധിക്കാന്‍ അവലംബിക്കേണ്ട ഭക്ഷണമാര്‍ഗങ്ങളുടെ പോസ്റ്റര്‍ പ്രദര്‍ശനവും ഭഷ്യവസ്തുക്കളുടെ മാതൃക പ്രദര്‍ശനവും പരിപാടിയില്‍  ഒരുക്കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍. ഡോ.പ്രിയ.എന്‍ മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, ഡെപ്യൂട്ടി ഡിഎംഒ സുരേഷ് വര്‍ഗ്ഗീസ്, അയഡിന്‍ ഡെഫിഷ്യന്‍സി ഡിസോര്‍ഡര്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍  താരാ കുമാരി എസ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി, ത്രിതല പഞ്ചായത്തംഗങ്ങളായ ലിസമ്മ സാജന്‍, കെ.എം ജലാലുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ അംഗങ്ങള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
 

date