Skip to main content

വിദ്യാർത്ഥികളിലൂടെ സമൂഹത്തെ ശുചിത്വ പാഠം പഠിപ്പിക്കാൻ കളക്ടേഴ്സ് അറ്റ് സ്കൂൾ പദ്ധതി

വിദ്യാർത്ഥികളിലൂടെ സമൂഹത്തെ ശുചിത്വ പാഠം പഠിപ്പിക്കാൻ കളക്ടേഴ്സ് അറ്റ് സ്കൂൾ പദ്ധതി

 

കൊച്ചി: കളക്ടേഴ്സ് അറ്റ് സ്കൂൾ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പറവൂർ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ കളക്ടർ എസ്. സുഹാസ് നിർവ്വഹിച്ചു. വിദ്യാർത്ഥികളിൽ വൃത്തിയുടെയും ശുചിത്വത്തിന്റെയും സംസ്കാരം രൂപപ്പെടുത്തുന്നതിനും മാലിന്യം തരംതിരിച്ച് സംസ്കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി നടപ്പിലാക്കുന്ന പദ്ധതിയാണ് കളക്ടേഴ്സ് അറ്റ് സ്കൂൾ. ജില്ലയിൽ തിരഞ്ഞെടുത്തിരിക്കുന്ന മൂന്ന് വിദ്യാലയങ്ങളിലും ഈ പദ്ധതി നൂറ് ശതമാനം വിജയകരമാക്കാൻ സാധിക്കുമെന്ന് കളക്ടർ പറഞ്ഞു. പദ്ധതി ആവിഷ്കരിച്ച ശുചിത്വമിഷനെ കളക്ടർ അഭിനന്ദിച്ചു.

 

ഉപയോഗ ശേഷമുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ്‌വസ്തുക്കൾ വൃത്തിയായി തരംതിരിച്ച് കൈമാറുന്ന പദ്ധതി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് നടപ്പാക്കുന്നത്. ജില്ലയിൽ കളക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരം അജൈവ മാലിന്യങ്ങളുടെ സംസ്കരണത്തിന് ഉപരിയായി ജൈവമാലിന്യങ്ങൾ കൂടി സംസ്കരിക്കും. ഇത് കമ്പോസ്റ്റ് ആക്കി സ്കൂളുകളിൽ ജൈവ പച്ചക്കറി കൃഷി നടത്തി, കുട്ടികൾക്ക് ഉപയോഗപ്പെടുത്തുന്ന രീതിയിലേക്ക് മാറ്റിയെടുക്കും. സ്കൂളുകളിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണുന്നതിന് കണ്ടെത്തിയ സമഗ്രമായ പദ്ധതിയാണിത്. ഇതിന്റെ തുടർച്ചയായി കളക്ടറുടെ നിർദ്ദേശം അനുസരിച്ച് കളക്ടേഴ്സ് അറ്റ് അംഗണവാടിയും കളക്ടേഴ്സ് അറ്റ് കോളേജും നടപ്പാക്കും. മാലിന്യ സംസ്കരണത്തിൽ വിദ്യാഭ്യാസം നൽകി സമൂഹത്തിന് ഉതകുന്ന രീതിയിൽ കുട്ടികളെ മാറ്റി എടുക്കുന്നതിനുള്ള പ്രവർത്തനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. മാലിന്യ സംസ്കരണത്തിൽ കേരളത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതിനാലാണ് പറവൂർ നഗരസഭ, പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തത്.

 

പരിപാടിയുടെ ഭാഗമായി ഓരോ വിദ്യാലയങ്ങളിലും നാല് തരം വസ്തുക്കൾ വേർതിരിച്ച് സംഭരിക്കുന്നതിനുള്ള മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികൾ (എം.സി.എഫ്) സ്ഥാപിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശുചിത്വമിഷനാണ് ഇത് സ്ഥാപിക്കുന്നത്. പെറ്റ് ബോട്ടിൽ, ഹാർഡ് ബോട്ടിൽ, പാൽ കവർ, പേപ്പർ എന്നിവ വിദ്യാർത്ഥികൾ വീടുകളിൽ നിന്നും വൃത്തിയാക്കി തരംതിരിച്ച് വിദ്യാലയങ്ങളിൽ എത്തിക്കും. എം.സി.എഫിൽ നിന്ന് വസ്തുക്കൾ ശേഖരിക്കുന്നതിന് അടുത്തുള്ള പാഴ്‌വസ്തു വ്യാപാരിയെയോ തദ്ദേശ ഭരണ സ്ഥാപനത്തിന്റെ ഹരിത കർമ്മ സേനയെയോ ചുമതലപ്പെടുത്തും. ശുചിത്വ മിഷൻ, വിദ്യാഭ്യാസ വകുപ്പ്, ഹരിത കേരള മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്കൂൾ തലത്തിലെ സന്നദ്ധ സംഘടനകൾ, കുടുംബശ്രീ മിഷൻ, വ്യാപാരി വ്യവസായികൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

 

സ്കൂളിൽ ആരംഭിച്ച ജൈവ കൃഷിയുടെ ഉദ്ഘാടനം പറവൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ജെസ്സി രാജു നിർവ്വഹിച്ചു. ശുചിത്വമിഷൻ അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ ആന്റ് ജില്ലാ കോഡിനേറ്റർ പി.എച്ച് ഷൈൻ പദ്ധതി വിശദീകരിച്ചു. കളക്ടേഴ്സ് അറ്റ് സ്കൂൾ പദ്ധതിയുടെ നിർദ്ദേശങ്ങൾ സ്കൂൾ പ്രിൻസിപ്പാൾ ലാലി ടീച്ചർ ഏറ്റുവാങ്ങി. ഹരിത കേരളം ജില്ലാ കോഡിനേറ്റർ സുജിത് കരുൺ കമ്പോസ്റ്റിംഗ് ഉദ്ഘാടനം ചെയ്തു.

 

ശുചിത്വ മിഷൻ അസിസ്റ്റന്റ് കോഡിനേറ്റർ സി.കെ മോഹനൻ, പറവൂർ നഗരസഭ അധ്യക്ഷൻ രമേഷ് ഡി. കുറുപ്പ്, നഗരസഭ അംഗങ്ങളായ ടി.വി നിഥിൻ, ഡെന്നി തോമസ്, ജലജ രവീന്ദ്രൻ, പ്രഭാവതി ടീച്ചർ, കെ. വിദ്യാനന്ദൻ, സ്കൂൾ ഹെഡ്മാസ്റ്റർ കെ.വി വേണുഗോപാൽ, ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ആനി ടീച്ചർ, എസ്. എൻ ഹയർ സെക്കന്ററി സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ, ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, നഗരസഭ സെക്രട്ടറി ബിജുമോൻ ജേക്കബ്, പി.ടി.എ പ്രസിഡന്റ് ഡൈന്യൂസ് തോമസ്, പി.ടി.എ വൈസ് പ്രസിഡന്റ് അൻവർ കൈതാരം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

date